ഫാ. ബിജു കുന്നയ്ക്കാട്ട്
അംഗീകാരവും പ്രശംസയും ലഭിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്ന് മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള ആഗ്രഹമാണ്. ഒരു വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയില്‍ ഈ അംഗീകാരത്തിനും ആദരത്തിനും പ്രസക്തിയുണ്ടെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് എങ്ങനെയും അംഗീകാരം നേടിയെടുക്കണമെന്നു മാത്രം ചിന്തിക്കുകയും പ്രധാന വേദികളിലും ഫോട്ടോയുടെ വെള്ളി വെളിച്ചത്തിലും എപ്പോഴും താനുമുണ്ടാവണമെന്ന് ചിലര്‍ വാശിപിടിക്കുകയും ചെയ്യുമ്പോള്‍ അതു കാണുന്നവര്‍ നെറ്റി ചുളിക്കുകയും അല്പന്മാരെന്ന് വിലയിരുത്തപ്പെടുകയും ചെയ്യും.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന കൊച്ചി മെട്രോ റെയില്‍, ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയ ആഴ്ചയാണ് കടന്നുപോയത്. ഇതിന്റെ നിര്‍മാണ ആലോചനകളില്‍ തൊട്ട് ഉദ്ഘാടനം വരെ ഏറ്റവും കൂടുതല്‍ പറഞ്ഞുകേട്ട ഒരു പേര് മെട്രോമാന്‍ ഇ. ശ്രീധരന്റേതായിരുന്നു. ഈ പേര് എപ്പോഴും ഉയര്‍ന്നുകേട്ടത് മറ്റ് പതിവ് നേതാക്കളെപ്പോലെ അഴിമതിയുടെയോ വെട്ടിപ്പിന്റെയോ പക്ഷപാതത്തിന്റെയോ പേരില്‍ വിവാദനായകനായല്ല. മറിച്ച് കഴിവിന്റെയും കര്‍മ്മകുശലതയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും സര്‍വ്വോപരി നല്ല വ്യക്തിത്വത്തിന്റെയും പേരില്‍ ‘ഉത്തമ പുരുഷന്‍’ എന്ന രീതിയിലായിരുന്നു. മെട്രോയുടെ ഉദ്ഘാടനവേദിയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ല എന്നറിഞ്ഞപ്പോഴും ആ രാജശില്‍പി അക്ഷോഭ്യനായി നിലകൊണ്ടു. അദ്ദേഹം ആവശ്യപ്പെട്ടില്ലെങ്കിലും കേരള ജനത ഒന്നാകെ അദ്ദേഹത്തിനു വേണ്ടി വാശിപിടിച്ചപ്പോള്‍ കേന്ദ്രം കണ്ണുതുറന്നു. പത്ര റിപ്പോര്‍ട്ടുകളനുസരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടാത്ത കരഘോഷമാണ് ഇ. ശ്രീധരന്റെ പേര് മെട്രോ ഉദ്ഘാടന വേദിയില്‍ പറയപ്പെട്ടപ്പോഴൊക്കെ ലഭിച്ചത്. വേദിയില്‍ കയറാന്‍ അര്‍ഹതയുള്ളവര്‍ പോലും മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ അത്ര അര്‍ഹതയില്ലാത്തവര്‍ എങ്ങനെയും വേദിയില്‍ കയറിക്കൂടുവാന്‍ ശ്രമം നടത്തിയത് അവരുടെ അല്പത്വത്തിന്റെ തെളിവായും മാറി.
അനാവശ്യ ഒച്ചപ്പാടുകളില്ലാതെ തന്റെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുകയും സ്വതസിദ്ധമായ കഴിവും സാമര്‍ത്ഥ്യവും സ്വയം പ്രശസ്തിക്കുവേണ്ടി ഉപയോഗിക്കാതെ തന്റെ സഹായം ആവശ്യമുള്ളവരുടെ കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കുകയും ചെയ്ത് ജനഹൃദയങ്ങളില്‍ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി സ്ഥാനം ലഭിച്ച മറ്റൊരു മഹദ്‌വ്യക്തിത്വമാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റേത്. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടപ്പോഴൊക്കെ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ അവര്‍ കഴിവിന്റെ പരമാവധി ചെയ്തു എന്നത് ഒരു രാജ്യത്തിന്റെ മുഴുവന്‍ അംഗീകാരം അവര്‍ക്ക് നേടിക്കൊടുത്തു. ഈ രണ്ടു വ്യക്തിത്വങ്ങള്‍ക്കും ജനമനസില്‍ നല്ല അംഗീകാരമുള്ളതിന്റെ തെളിവാണ് ഈ രണ്ടുപേരുടെയും പേരുകള്‍ അടുത്ത രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേട്ടത്. പക്ഷേ, വിനയം മകുടം ചാര്‍ത്തിയ ഈ വ്യക്തിത്വങ്ങള്‍ ഇത്തരം അഭ്യൂഹങ്ങളില്‍ മയങ്ങി വീഴാറില്ല. ”ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിലെ സ്ഥാനത്തിനും നന്ദി ” എന്നുമാത്രം മെട്രോമാന്‍ പ്രതികരിച്ചപ്പോള്‍, ‘പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. ‘ഞാന്‍ വിദേശകാര്യമന്ത്രിയാണ്, എന്നോട് രാജ്യാന്തര കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ’ എന്നാണ് സുഷമ സ്വരാജ് പ്രതികരിച്ചത്.
അംഗീകാരവും സ്നേഹവും മറ്റുള്ളവരില്‍ നിന്ന് പിടിച്ചുവാങ്ങേണ്ടവയല്ല, നമ്മിലേയ്ക്ക് സ്വയമേ വന്നു ചേരേണ്ടതാണ്. അര്‍ഹതപ്പെട്ട അംഗീകാരമാണെങ്കില്‍ ആര്‍ക്കും അതിനെ തടഞ്ഞുനിര്‍ത്താനാവില്ല. പിടിച്ചുവാങ്ങുന്ന അംഗീകാരങ്ങള്‍ക്കും പരിഗണനകള്‍ക്കും സംതൃപ്തി തരാനുമാവില്ല. തന്നെക്കാള്‍ അര്‍ഹരായവരെ പിന്നീട് കാണുമ്പോള്‍ ജാള്യതയും മനഃസാക്ഷിക്കുത്തും അനുഭവപ്പെടും. ഒരു നേട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് തെറ്റല്ല, പക്ഷേ അതു സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെയും തന്നെക്കാള്‍ അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ നമ്മെ തേടി വരാനും സഫലമായ ജീവിതത്തിനുടമയാകാനും എന്താണ് ചെയ്യേണ്ടത്?
രണ്ടുകാര്യങ്ങള്‍ കൊണ്ടാണ് സാധാരണ ഗതിയില്‍ ഒരാള്‍ മറ്റൊരാളെ ബഹുമാനിക്കുന്നത്. അയാളുടെ കയ്യിലുള്ള പണം കണ്ടിട്ടും പെരുമാറ്റം കണ്ടിട്ടും. ‘നാണം കെട്ടും പണം നേടുകില്‍ നാണക്കേടാ പണം മാറ്റിടും’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുമാറ് കയ്യില്‍ പണമുള്ള കാലത്തോളം ഒരാള്‍ക്ക് മറ്റൊരാളില്‍ നിന്ന് ബഹുമാനം നേടിയെടുക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ കയ്യില്‍ പണം തീരുന്നതോടു കൂടി ആ ബഹുമാനവും തീരുന്നു. ആളുകള്‍ ബഹുമാനിക്കാനുള്ള രണ്ടാമത്തെ കാരണം സ്വഭാവ വൈശിഷ്ട്യമാണ്. പണമില്ലെങ്കിലും സ്ഥാനമാനങ്ങളില്ലെങ്കിലും ജീവിത നന്മയുടെ മഹിമകൊണ്ടും പെരുമാറ്റത്തിലെ കുലീനത കൊണ്ടും ജനഹൃദയങ്ങളെ കീഴടക്കാനാവും. മുകളില്‍ പേരു പ്രസ്താവിക്കപ്പെട്ട രണ്ടുപേരും വ്യക്തിവൈശിഷ്ട്യം കൊണ്ടും ഉന്നത ജീവിത വീക്ഷണം കൊണ്ടും സര്‍വ്വോപരി പെരുമാറ്റ മര്യാദയുടെ ശ്രേഷ്ഠത കൊണ്ടും ജനമനസില്‍ ഇടം നേടിയവരാണ്.
ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും അതുവഴി നേടുന്ന വിജയങ്ങളുമാണ് അംഗീകാരങ്ങള്‍ തേടിവരാനുള്ള മറ്റൊരു മാര്‍ഗം. ‘Work is workship’ എന്ന മനോഭാവം ജോലിയില്‍ പുലര്‍ത്തുന്നവര്‍ക്ക് വിജയങ്ങളും കൂട്ടുകാരാവും. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഉജ്ജ്വലവ്യക്തിത്വത്തിന് ഉടമയുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ചിന്തനീയമത്രേ. ”If you salute your duty, you no need to salute anybody. But if you pollute your duty, you have to salute everybody”. 1964ല്‍ നാല് ദിവസത്തിനുള്ളില്‍ പാമ്പന്‍ പാലം പുനര്‍ നിര്‍മിച്ചതോടുകൂടി ശ്രദ്ധിക്കപ്പെട്ട ഇ. ശ്രീധരന്റെ കഴിവും കഠിനാധ്വാനത്തിനും പിറന്നത് രാജ്യത്തിന് അഭിമാനം നല്‍കിയ നിരവധി പ്രോജക്ടുകള്‍. പ്രതിഫലങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാതെ അര്‍പ്പണ മനോഭാവത്തോടെ ചെയ്ത ജോലികളുടെ സത്ഫലങ്ങള്‍! സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ഇത്ര പ്രഗത്ഭനായ കളിക്കാരനാക്കിയതും കഠിന പരിശ്രമങ്ങളും കളിയോടുള്ള ആത്മാര്‍ത്ഥതയും തന്നെ. ‘ബാറ്റ് ചെയ്യുന്നത് തന്റെ ദൈനം ദിന ജോലിയായിട്ടാണ് സച്ചിന്‍ കാണുന്നതെ’ന്നാണ് ഒരിക്കല്‍ ഒരു ക്രിക്കറ്റ് വിദഗ്ദ്ധന്‍ സച്ചിനെക്കുറിച്ച് പറഞ്ഞത്.
അര്‍ഹതയില്ലാത്ത സ്ഥാനവും അംഗീകാരവും ആഗ്രഹിക്കാതിരിക്കുകയും അതിന് അര്‍ഹതയുള്ളവരെ തടയാതിരിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. കുടുംബ ജീവിതത്തിലായാലും സമൂഹ ബന്ധങ്ങളിലായാലും അര്‍ഹതയില്ലാത്തതും തന്റെ കഴിവിന് ഇണങ്ങാത്തതുമായ സ്ഥാനവും അംഗീകാരവും കിട്ടണമെന്ന് ശഠിക്കാതിരിക്കുക. മറ്റുള്ളവരുടെ സ്നേഹവും ആദരവും പിടിച്ചുപറ്റുന്ന രീതിയില്‍ തന്റെ ജീവിതത്തിനുവേണ്ട മാറ്റം വരുത്തുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. ഉള്ളതിനെക്കാള്‍ വലുതായി തന്നെക്കുറിച്ച് ചിന്തിക്കുന്നിടത്ത് കിട്ടാത്ത അംഗീകാരങ്ങള്‍ക്കു വേണ്ടിയുള്ള ആഗ്രഹവും അതുവഴി മറ്റുള്ളവരുടെ മുമ്പില്‍ വലിയവരായി കാണപ്പെടാനുള്ള ആഗ്രഹവും ശക്തമാകും. സ്വയം മറക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസ്യരാകുന്ന അവസ്ഥയിലേക്ക് അത് കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.
ഒരു രാജ്യത്തിന്റെ ഏറ്റവും പരമോന്നത പദവികളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും അനിതരസാധാരണമായ വിനയഭാവത്തോടും ഹൃദയ നന്മയോടും കൂടെ, ഉന്നത പദവിയുടെ പ്രലോഭനത്തില്‍ വീഴാതെ സ്വന്തം ജോലികളിലേയ്ക്കു മാത്രം ശ്രദ്ധിക്കുന്ന ഈ പുരുഷ – മഹതീ രത്നങ്ങള്‍ വി. ബൈബിളിലെ ഈ വാചകം ഓര്‍മ്മിപ്പിക്കുന്നു. ”അവര്‍ വന്നു തന്നെ രാജാവാക്കാന്‍ വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസിലാക്കിയ ഈശോ വീണ്ടും തനിയെ മലമുകളിലേയ്ക്ക് പിന്മാറി. ” (യോഹന്നാന്‍ 6:15). ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന എളുപ്പപ്പണി ചെയ്ത് ഒഴിഞ്ഞുമാറാതെ സ്വയം ഉദാഹരണങ്ങളായി മാറുന്ന കഠിനാധ്വാനികളെ ഇനിയും ധാരാളമായി അംഗീകാരങ്ങള്‍ തേടിവരട്ടെയെന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 51’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
Leave a Reply