ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ജൂലൈ 16-ാം തീയതി ഞായറാഴ്ച നടക്കുന്ന വാല്‍സിംഹാം തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പ്രത്യേകമായി പുറത്തിറക്കിയ സണ്‍ഡേ ഷാലോം സപ്ലിമെന്റിന്റെ പ്രകാശനം നടന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആദ്യ പ്രതി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിലിനു നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രധാന ഔദ്യോഗിക മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍സിംഹാമിലേയ്ക്ക് എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ മൂന്നാം ഞായറാഴ്ച കേരള ക്രൈസ്തവര്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഒത്തുകൂടാറുണ്ട്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനുശേഷം ആദ്യമായി വരുന്ന തിരുനാളെന്ന പ്രത്യേകതയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ രൂപതയൊന്നാകെ ഈ വര്‍ഷം മാതൃസന്നിധിയില്‍ ഒത്തുചേരും.

ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ടെറിന്‍ മുല്ലക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളാണ് തിരുന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. മിക്ക വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ഇതിനോടകം തന്നെ തീര്‍ത്ഥാടനത്തിനു പോകാനായി കോച്ചുകള്‍ ബുക്കുചെയ്തു കഴിഞ്ഞു. തീര്‍ത്ഥാടകരായി എത്തുന്നവരുടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനും മിതമായ നിരക്കില്‍ ഭക്ഷണമൊരുക്കുന്നതിനും സംഘാടകസമിതി സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്.

‘ഇംഗ്ലണ്ടിന്റെ നസ്രേത്ത്’ എന്നറിയപ്പെടുന്ന വാല്‍സിംഹാമിലെ മാതൃസന്നിധിയിലേക്ക് സാധിക്കുന്ന വിശ്വാസികളെല്ലാവരും എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ബസുകളില്‍ വരുന്നവരും ഭക്ഷണം ആവശ്യമുള്ളവരും അക്കാര്യം തിരുന്നാള്‍ സംഘാടക സമിതിയെ അറിയിക്കണമെന്ന് ജനറല്‍ കോ- ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. ഫോണ്‍ നമ്പര്‍ – റവ. ഫാ. ടെറിന്‍ മുല്ലക്കര : 07985695056