ഷെറിൻ പി യോഹന്നാൻ
കാനനപാതയിലൂടെ നീങ്ങുന്നവന് തണലേകാൻ കാട്ടുമരങ്ങളുടെ മത്സരം. വനത്തിൽ വിരുന്നെത്തുന്നവന് ഇമ്പമേകാൻ ചീവീടുകളുടെ മധുരസംഗീതം. കാട്ടുമരങ്ങൾ വിസ്മയം തീർക്കുന്ന വഴിയിലൂടെ 82 കിലോമീറ്ററുകൾ നീളുന്ന യാത്ര. കാടിന്റെ മടിത്തട്ടിൽ മദിച്ചുനടക്കാൻ മൂന്നു മണിക്കൂറുകൾ…. ഗവി യാത്ര….
പത്തനംതിട്ടയിൽ നിന്നും കുമളി വരെ ഗവിയിലൂടെയുള്ള 149 രൂപയുടെ ആനവണ്ടി യാത്ര നമ്മുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത മധുരസ്മരണകളാണ്. പ്രകൃതി അതിന്റെയെല്ലാ സൗന്ദര്യത്തോടുംകൂടി ഇങ്ങനെ അണിഞ്ഞൊരുങ്ങി നില്കുകയാണ്. ഡ്രൈവർ ബിജുചേട്ടന്റെ തൊട്ടടുത്ത് ഗിയർ ബോക്സിന്റെ മുകളിൽ സ്ഥാനമുറപ്പിച്ച എന്നെ ആകർഷിച്ചതും അത് തന്നെ. മനുഷ്യന്റെ ചൂഷണത്തിന് ഇരയാകാത്ത പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകരാം. ഘോരവനങ്ങൾ, പുൽമേടുകൾ, താഴ്‌വരകൾ, ഏലത്തോട്ടങ്ങൾ, വെള്ളത്തെ പിടിച്ചുനിർത്തിയിരിക്കുന്ന ഡാമുകൾ (മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം, പമ്പ ഡാം, മീനാർ കുള്ളാർ ഡാം, ഗവി ഡാം ) എന്നിവയെല്ലാം ചേർന്ന് യാത്രികന് സ്വർഗീയാനുഭൂതി സമ്മാനിക്കാൻ ഗവിയ്ക്ക് കഴിയുന്നുണ്ട്.
ഓഫ് റോഡിന്റെ തറവാടാണ് ഗവി. ഒപ്പം പുറം ലോകത്തെ എല്ലാ ‘മൊബൈൽ’ ബന്ധങ്ങളും തട്ടിയകറ്റി പ്രകൃതി സൗന്ദര്യം മനസ്സുനിറയെ ആസ്വദിക്കാൻ ഗവി നമ്മോട് ആവശ്യപ്പെടുന്നുണ്ട് . ഭൂമിയിലെ സ്വർഗമാണ് ഗവി. ശുദ്ധവായുവും തണുപ്പും ചേർന്ന് സമ്മാനിക്കുന്ന കുളിർമ, മനതാരിൽ വർഷം കണക്കെ പെയ്തിറങ്ങും. ഒറ്റയ്ക്കായിരുന്നു യാത്ര. അതുകൊണ്ട് തന്നെ ബന്ധങ്ങളും ബന്ധനങ്ങളും ദുഖങ്ങളുമില്ലാതെ പ്രകൃതിയുടെ മടിത്തട്ടിൽ ഒഴുകി നടന്നു. ജീവിതത്തിൽ ഒരുതവണയെങ്കിലും അതിഥിയായി കടന്നുചെല്ലേണ്ട കാനനം – ഗവി.
📌 ഗവിയിലേക്ക് യാത്ര പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….
▪ആങ്ങമൂഴിയിൽ നിന്നാണ് വനം ആരംഭിക്കുന്നത്. കാറിനാണ് പോകുന്നതെങ്കിൽ നേരത്തെ തന്നെ ചെക്പോസ്റ്റിൽ നിന്ന് പാസ്സെടുക്കണം. ഇതിന് കുറച്ചധികം പണം ചിലവാകും. ആങ്ങമൂഴി മുതൽ വള്ളക്കടവ് വരെ 6 ചെക്പോസ്റ്റുകളും ഉണ്ട്.
▪ഗവിയിൽ തങ്ങാൻ ആഗ്രഹിക്കുന്നവർ KFDC യുടെ പാക്കേജ് എടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഗവിയിൽ തങ്ങാൻ കഴിയില്ല.
▪ഗവിയിൽ യാത്ര ചെയ്യുന്നവർ ദയവായി പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒന്നും തന്നെ അവിടെ നിക്ഷേപിക്കാതിരിക്കുക. അവിടമെങ്കിലും നശിക്കാതിരിക്കട്ടെ.
▪കെ എസ് ആർ ടി സിയിലാണ് യാത്ര എങ്കിൽ പത്തനംതിട്ട മുതൽ കുമളി വരെ 149 രൂപയാണ് ടിക്കറ്റ് നിരക്ക്. ആങ്ങമൂഴിയിൽ ബസ് നിർത്തിത്തരും. ഭക്ഷണം കഴിക്കുകയോ വാങ്ങുകയോ ചെയ്യാം. പിന്നീടങ്ങോട്ട് മൂന്നു മണിക്കൂർ ദൂരം കടകൾ ഒന്നുംതന്നെയില്ല. ആകെയുള്ളത് കെഎസ്ഇബിയുടെ കാന്റീൻ ആണ്. അവിടെയും ബസ് നിർത്തി തരും.
▪കെ എസ് ആർ ടി സിയുടെ സമയവിവരം ഇങ്ങനെ :-
◼പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളി
🔵ബസ് 1
രാവിലെ 6:30 – പത്തനംതിട്ട
11:00 am – ഗവി
12:30 pm – കുമളി
🔵ബസ് 2
12:30 pm – പത്തനംതിട്ട
5:00 pm – ഗവി
6:30 pm – കുമളി
◼കുമളിയിൽ നിന്നും ഗവി വഴി പത്തനംതിട്ട
🔴ബസ് 1
5:30 am – കുമളി
6:45 am – ഗവി
11:30 am -പത്തനംതിട്ട
🔴ബസ് 2
1:10 pm – കുമളി
2:20 pm – ഗവി
7:00 pm – പത്തനംതിട്ട
👉🏽For more information 📞
Pathanamthitta KSRTC – 0468 222236
Kumily KSRTC – 0486 9224242
KFDC Ecotourism – https://gavi.kfdcecotourism.com/
ഷെറിൻ പി യോഹന്നാൻ
പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശിയാണ്. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം. ഇപ്പോൾ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
Leave a Reply