മാത്യു ജോസഫ്
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും സന്ദര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 30 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 10ന് തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായി തിരുനാള്‍ സന്ദേശം നല്‍കുന്ന കുര്‍ബാനയില്‍ രൂപതയിലെ പത്തോളം വൈദീകര്‍ സഹാകാര്‍മീകരാകും. തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും പ്രതിഫലിക്കും. പ്രദക്ഷിണത്തിനു മാറ്റ് കൂട്ടാന്‍ മുത്തുക്കുടകളും കൊടിതോരണങ്ങളും ചെണ്ടമേളവും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് സെ. ഐഡന്‍സ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സന്ദര്‍ലാന്‍ഡ് മേയര്‍ മുഖ്യാതിഥിയും ബഹുമാനപ്പെട്ട ന്യൂ കാസില്‍ രൂപത ബിഷപ്പ് ഷീമസ് കണ്ണിങ് ഹാം, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഇടവക വികാരി ബഹു. ഫാ. മൈക്കിള്‍ മക്കോയ് തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി സമൂഹത്തിനു ദൈവം ചെയ്ത നന്മകള്‍ക്ക് നന്ദി സൂചകമായി ശതാബ്ദി സോവനീര്‍ പ്രകാശനം ചെയ്യും. കൂടാതെ നോര്‍ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദികരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണിചേരുന്ന സായ്യാഹ്നത്തില്‍ മലയാളി കാത്തലിക് കമ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും. സെപ്റ്റംബര്‍ 21ന് ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒമ്പത് ദിവസം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. ബഹു. ഫാ, സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി , തിരുനാള്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളി സാംസ്‌കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.
Leave a Reply