ഫാ. ഹാപ്പി ജേക്കബ്

ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ള അനുഭവത്തിൽ കഴിയുന്ന കുഷ്ഠരോഗിയെ അരികെ വിളിച്ച് സൗഖ്യത്തിന്റെ കൃപ ചൊരിയുന്ന വേദഭാഗമാണ് നോമ്പിൻറെ രണ്ടാം ഞായറാഴ്ച വായനാ ഭാഗമായി വരുന്നത്. വി. ലൂക്കോസിന്റെ സുവിശേഷം 8-ാം അധ്യായം 1 – 4 വരെ ഭാഗമാണ് ഈ ചിന്തയ്ക്ക് ആധാരമായിരിക്കുന്നത്. നവോത്ഥാനത്തിൻറെയും ആധുനികതയുടെയും പരകോടിയുടെ കാലമായ ഈ കാലങ്ങളിൽ നാം സഞ്ചരിക്കുന്നു എങ്കിലും ഈ രോഗിയെ പോലെ പടിക്ക് പുറത്ത് നിർത്തുകയും, സഹകരിക്കാതിരിക്കുകയും ചെയ്യുന്ന പല ജീവിതാനുഭവങ്ങളും നമുക്കുണ്ടാകാം.

ജീവിത സാഹചര്യം കൊണ്ടോ, ജീവിതം കൊണ്ടോ പ്രവചനാതീതമായ ലോക കാരണം കൊണ്ടോ നാമോ നമ്മളിൽ ഉള്ളവരോ സമൂഹത്തിൽ നിന്ന് അകന്ന് അല്ലായെങ്കിൽ സമൂഹം ഒറ്റപ്പെടുത്തി ജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവരുടെ വേദനകളോ വൈഷമ്യങ്ങളോ മനോദുഃഖങ്ങളോ ഓർക്കുവാനോ അങ്ങനെയുള്ളവരെ കൂടെ നിർത്തുവാനോ പലപ്പോഴും സാധിക്കാറില്ല . സ്വന്തം ജീവിതം തന്നെ ബാധ്യതയായി നിൽക്കുന്ന നമുക്ക് എങ്ങനെ മറ്റൊരു ബാധ്യത ഏറ്റെടുക്കാൻ കഴിയും . ചേർത്ത് നിർത്തുവാൻ , ആശ്വസിപ്പിക്കുവാൻ കരുതുവാൻ കഴിയാത്ത നാം മനുഷ്യ മൂല്യങ്ങൾ പ്രസംഗിക്കുമ്പോൾ ഈ വേദചിന്ത ഒരു നിമിഷം ഓർക്കുന്നത് നന്ന്.

ബഹുജനം തിങ്ങി കൂടി നിൽക്കുന്ന ഇടത്ത് വച്ചാണ് ഈ രോഗി മുട്ടുകുത്തി അപേക്ഷിക്കുന്നത്. “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കുവാൻ കഴിയും. ” ആ കാലഘട്ടം ഒന്ന് മനസ്സിലാക്കുവാണേൽ ഇവൻ ചെയ്ത ധീരതയും വിശ്വാസവും എന്താണെന്ന് മനസ്സിലാക്കുവാൻ കഴിയും. മറ്റു മനുഷ്യർ ഉള്ളടത്ത് വരുവാൻ ഇവർക്ക് അവകാശമില്ലായിരുന്നു. അശുദ്ധൻ എന്ന് സ്വയം വിളിച്ച് പറയണമായിരുന്നു. പാപം ആണ് ശരീരത്തിന് ഈ രോഗം വരുത്തിയത് എന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹം എങ്ങനെ ഇങ്ങനെ ഒരാളെ കൈക്കൊള്ളും.

ഇത്രയും പ്രതികൂലതകളുടെ നടുവിലാണ് അവൻ വിശ്വാസത്തോടെ ദൈവസന്നിധിയിൽ അടുത്ത് വന്നത്. സമൂഹം എന്ത് ചിന്തിക്കുന്നുവോ എന്നത് അവന് നിസാരമായിരുന്നു. ദൈവം അവന്റെ അപേക്ഷ കേൾക്കണം എന്നതായിരുന്നു പ്രധാന ചിന്ത. ഈ ഭാഗം ചിന്തിക്കുമ്പോൾ എപ്പോഴും തോന്നുന്ന ഒരു ചിന്ത കൂടി പങ്കു വയ്ക്കട്ടെ . നമ്മുടെ ഓരോ പ്രവർത്തനവും മനുഷ്യ മുൻപിൽ മാനത്തിന് വേണ്ടിയുള്ളതാണ് . നമ്മുടെ പ്രാർത്ഥനയും സമർപ്പണവും സേവനവും പോലും പല അവസരങ്ങളിലും ദൈവികതയെക്കാളും മനുഷ്യൻറെ പ്രകീർത്തനവും പുകഴ്ചയും നേടുവാനാണ് നാം സമർപ്പിക്കുന്നത്. 1 സാമൂവേൽ 16: 7 മനുഷ്യൻ നോക്കുന്നത് പോലെ അല്ല , മനുഷ്യൻ കണ്ണിന് കാണുന്നത് നോക്കുന്നു ; യഹോവയോ ഹൃദയത്തെ നോക്കുന്നു. ”

ഈ സാഹചര്യത്തിൽ അവൻറെ വിശ്വാസവും ധൈര്യവും കണ്ട കർത്താവ് അവനെ തൊടുന്നു. സമൂഹവും നിയമവും അകറ്റി നിർത്തിയവനെ സ്വന്തം കൈയാൽ സ്പർശിക്കുന്നു. ഇതിനപ്പുറം എന്ത് പ്രവർത്തനമാണ് നാം കാണേണ്ടത്. ഏതെങ്കിലും കാരണം കണ്ടെത്തി മനുഷ്യരെ അകറ്റുവാൻ നാം ശ്രമിക്കുമ്പോൾ, ആവശ്യങ്ങളുമായി അപേക്ഷയുമായി അടുത്ത് വരുന്നവരെ ആട്ടിയോടിക്കുമ്പോൾ കർത്താവ് കാട്ടിതന്ന ഈ മാതൃക വിസ്മരിക്കരുത്. ഒരു വാക്കോ ഒരു നാണയത്തുട്ടോ നൽകുന്നതിനേക്കാൾ വലിയ സാന്ത്വനം പകർന്ന് നമ്മുടെ കർത്താവ് നമുക്ക് മാതൃകയായി . ചേർത്ത് നിർത്തുവാൻ ഒരു സ്പർശനത്താൽ ആശ്വസിപ്പിക്കുവാൻ , കൈവെച്ച് അനുഗ്രഹിക്കുവാൻ നാം മടിക്കരുത്. കാരണം ആ ഒരു സ്നേഹസ്പർശനം മതി അനേകം മനസ്സുകൾക്ക് സാന്ത്വനമാകാൻ . നോമ്പിൻറെ പാഠങ്ങളിൽ ഒന്നായി നമുക്കും ഇത് പരിശീലിക്കാം.

അവൻറെ മേൽ കൈ വെച്ച് എനിക്ക് മനസ്സുണ്ട് നീ സൗഖ്യമാക എന്ന് കർത്താവ് പ്രതിവചിച്ച നിമിഷത്തിൽ തന്നെ അവൻ സൗഖ്യം ലഭിക്കുന്നു. ഒരു സ്പർശനം ഒരു വാക്ക് അത് മതി സർവ്വ ഭാരങ്ങളും രോഗങ്ങളും അഴിയുവാൻ . കർത്താവ് തന്ന മാതൃക എത്ര ശ്രേഷ്ഠം .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത വാക്യമാണ് അതിലേറെ ശ്രദ്ധേയം . നീ മനുഷ്യരുടെ മുമ്പാകെ യല്ല കാണിക്കേണ്ടത്. ദേവാലയത്തിലേക്ക് ചെന്ന് നിന്നെ തന്നെ പുരോഹിതന് കാണിച്ച് കൊടുക്കുക. ഇത് ലേവ്യാ പുസ്തകത്തിൽ ( 13-ാം അദ്ധ്യായത്തിൽ ) നാം വായിക്കുന്നു. അവന് കൽപ്പിക്കുന്ന പാപപരിഹാരത്തിന്റെ വിവരണം ലേവ്യാ പുസ്തകം 14-ാം അദ്ധ്യായത്തിൽ വായിക്കാവുന്നതാണ്.

സർവ്വനന്മകൾക്കും , സർവ്വ കൃപകൾക്കും , സർവ്വ ദാനങ്ങൾക്കും , സർവ്വ വീണ്ടെടുപ്പിനും ദൈവം ആഗ്രഹിക്കുന്നത് ദൈവസന്നിധിയിൽ വന്ന് സ്തോത്ര യാഗം അർപ്പിക്കുവാനാണ്. എന്നാൽ നാം ഇന്ന് അങ്ങനെയാണോ . ഒരു കുഞ്ഞ് ദാനമായി ലഭിച്ചാൽ പിന്നെ വിഭവസമൃദ്ധമായ വിരുന്നും ആഘോഷവും നാം നടത്തുമ്പോൾ പ്രാർത്ഥനയോടെ സ്തോത്രത്തോടെ ദൈവ മുൻപാകെ കടന്നുവന്ന് നന്ദി അർപ്പിക്കുവാൻ നമുക്ക് എത്രപേർക്ക് കഴിയും.

സർവരാലും ഉപേക്ഷിക്കപ്പെടുന്നവരെ ചേർത്ത് നിർത്തുവാൻ ഈ നോമ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു. അനുഗ്രഹത്തോടെ ദൈവകല്പനകൾ പാലിച്ച് ഈ നോമ്പ് അനുഗ്രഹത്തോടെ പാലിക്കുവാൻ ദൈവം ഇടയാക്കട്ടെ .
കർത്ത്യ ശുശ്രൂഷയിൽ
ഹാപ്പി അച്ചൻ .

 

  റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.