റവ. ഫാ. ഹാപ്പി ജേക്കബ്ബ്

ആത്മീക ജീവിതത്തിൻറെ ബലവും, രക്ഷയുടെ വഴിയും പാപ ജീവിതത്തിൽ നിന്നുള്ള വിടുതലും, മോഹങ്ങളുടെ അതിരും , പൈശാചിക പീഡനങ്ങളിൽ ചെറുത്ത് നിൽപ്പും ദൈവ ചിന്തയോടെ ആളുകൾ കഴിക്കുകയും ചെയ്യുവാനായി നോമ്പിന്റെ ദിനങ്ങളിലേയ്ക്ക് പ്രവേശിക്കുകയാണ്. ഈ അനുഭവങ്ങൾ പലർക്കും അതീതം എന്ന ചിന്ത വരുത്തിയേക്കാം എന്നാൽ നിശ്ചയദാർഢ്യത്തോടെ നാം അതിനെ സമീപിക്കുമ്പോൾ കൈയ്പിന്റെ നാളുകളിൽ നിന്ന് മാധുര്യ ദിനങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ കഴിയും.

ഏറ്റവും പ്രധാനമായും അറിഞ്ഞിരിക്കേണ്ട അനുഭവം മോശയുടെ നോമ്പും, ഏലിയായുടെ നോമ്പും, നമ്മുടെ കർത്താവിൻറെ നോമ്പുമാണ്. നോമ്പിലേയ്ക്കുള്ള വാതിൽ അതികഠിനമാണ്, ശ്രദ്ധയോടെ കടക്കുക. നോമ്പ് ഒരു ജീവിതമാണ്, ജീവിതക്രമമാണ്. അനുതപിക്കാനുള്ള മനസ്സ് ആണ് ആധാരമാക്കേണ്ടത്. പാരമ്പര്യമായി നോമ്പ് നോക്കുന്നത് 40 ദിവസമാണ്. ഈ ദിനങ്ങളിൽ പലതും നാം ഉപേക്ഷിക്കേണ്ടി വരും അത് ഭാരമായി തോന്നിയേക്കാം എന്നാലും ഒരു വലിയ യാഗമായി അത് മാറുമ്പോൾ അനുഗ്രഹങ്ങളുടെ കലവറയായി തീരും എന്നതിൽ സന്തോഷിക്കാം.

നാൽപത് എന്ന സംഖ്യയ്ക്ക് വേദപുസ്തകത്തിൽ ധാരാളം പ്രത്യേകതകൾ ഉള്ളതായി നമുക്ക് കാണാം. . അതിൽ പ്രധാനമായിട്ടുള്ള ഒരു സൂചനയാണ് ‘മാറ്റം’ . നോഹയുടെ കാലത്ത് നാല്‌പത് രാവും നാല്‌പത് പകലും മഴപെയ്ത് സർവ്വ ജാതിയിൽ നിന്നും വേർതിരിക്കപ്പെട്ട പുതിയ ജനത ആവിർഭവിക്കുന്നു. ഇസ്രയേൽ മക്കളുടെ പരദേശവാസം നാല്‌പത് വർഷം ആയിരുന്നു. തൻറെ നിയോഗം നിറവേറ്റാനായി ദൈവപുത്രൻ നാല്‌പത് ദിവസം മരുഭൂമിയിൽ ഉപവാസത്തിൽ ആയിരുന്നു.

2 ദിനവൃത്താന്തം 7:14 എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എൻറെ ജനം തങ്ങളെ തന്നെ താഴ്ത്തി പ്രാർത്ഥിച്ച് എൻറെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിന് സൗഖ്യം വരുത്തി കൊടുക്കും.

നമ്മുടെ ഈ തലമുറയ്ക്ക് ഇതിനും അപ്പുറം വേറെ എന്ത് ഉറപ്പാണ് വേണ്ടത്. വിട്ടുമാറുക, ജീവിതത്തിന് മാറ്റം വരുത്തുക ഇത് തന്നെയാണ് ഈ നോമ്പ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. നോമ്പിന്റെ ആദ്യദിനമായ ഇന്നത്തെ വേദ ചിന്തയും ഇതുതന്നെ. വി. യോഹന്നാൻ 2:1- 11. അടയാളങ്ങളുടെ ആരംഭമായി കർത്താവ് ചെയ്യുന്ന ആദ്യ അത്ഭുതം. കൽപാത്രങ്ങളിൽ നിറച്ച് വച്ചിരുന്ന വെള്ളം കർത്താവിൻറെ നോട്ടത്താൽ ചൈതന്യപ്പെട്ടു . മനുഷ്യൻ കരുതിയിരുന്ന ഏതിനേക്കാളും മഹത്തരമായി അത് മാറ്റപ്പെട്ടു. പാട്ടും നൃത്തവുമായി കഴിഞ്ഞിരുന്ന ആ കൂട്ടത്തിൽ നിന്ന് സ്തുതിയും സ്തോത്രം പുറപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിരുന്നു പ്രമാണിയുടെ ഒരു ചോദ്യം വളരെ പ്രസക്തമാണ്. അന്നും ഇന്നും . ഇത്രയും ശ്രേഷ്ഠമായത് ഇതുവരെയും നീ കരുതി വച്ചുവല്ലോ. മാറ്റത്തിന് വിധേയപ്പെട്ടത് വെറും വെള്ളമാണെങ്കിലും കാരണം ദൈവപുത്രന്റെ സാന്നിധ്യവും , അവൻറെ മുമ്പാകെ എത്തപ്പെട്ടതും കൊണ്ടാണ്.

ഇതുപോലെ ഒരു മാറ്റത്തിനുവേണ്ടി ഈ നോമ്പ് നമ്മെയും വിളിക്കുന്നു. പടിവാതുക്കൽ പാദങ്ങൾ കഴുകുവാൻ വച്ചിരുന്ന കൽപ്പാത്രങ്ങൾ മേന്മയുടെയും മേനിയുടെയും ഭാവമായി ഭവനത്തിന്റെ ഉള്ളിലേയക്ക് കടക്കുന്നു. ഏതൊരു സാധാരണ മനുഷ്യനും ലോകപ്രകാരം ജീവിതം, വേദനയും ഭാരവും നിരാശയും ഒക്കെ ആയി കഴിയുന്നെങ്കിലും ദൈവം മുമ്പാകെ ആയി തീരുമ്പോൾ ദൈവികമായി മാറ്റപ്പെടുകയും, പുതിയ ജീവിതത്തിന് ഉടമ ആയി തീരുകയും ചെയ്യുന്നു. അതിലേയ്ക്കായി ഈ നോമ്പിനെ നമുക്ക് വരവേൽക്കാം.

പ്രാർത്ഥനയോടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .