റവ. ഫാ. ഹാപ്പി ജേക്കബ്ബ്
നാലാളുടെ ദൗത്യം നമ്മളുടേതും. കടമ , കർത്തവ്യം ഉത്തരവാദിത്വം എന്നീ പദങ്ങൾ ഉപദേശത്തിൽ അഗ്രഗണ്യരായ നാം ഉപയോഗിക്കുന്ന സ്ഥിരം പദങ്ങളാണ്. നമുക്ക് മനസ്സിലാത്തതും എന്നാൽ മറ്റുള്ളവർ അനുസരിക്കണമെന്ന് വ്യഗ്രത ഉള്ളതുമായതാണ്. നോമ്പുകാല ചിന്താശകലങ്ങളുടെ ഇടയിൽ ഒരു ഓർമ്മപ്പെടുത്തൽ മാത്രം , ഉപദേശം മാത്രമല്ല, കുറച്ചെങ്കിലും പാലിക്കാനുള്ള ഒരു ശ്രമം.
അത്യാധുനികതയുടെ പരകോടിയിൽ നിൽക്കുന്ന ഈ തലമുറയ്ക്ക് സ്വയം സ്വന്തം എന്നേ മനസ്സിലാവുകയുള്ളൂ. നാം നമ്മൾ എന്നത് കൂട്ടായ്മകൾക്കും ആഘോഷങ്ങൾക്കും വേണ്ടി മാറ്റി വച്ച് കഴിഞ്ഞു. മനസ്സുണ്ടെങ്കിലും ജീവിതക്രമം അനുവദിക്കില്ല. രോഗം മൂർച്ചിച്ച അയൽക്കാരൻ സഹായം അഭ്യർത്ഥിച്ചാൽ ഓടിച്ചെല്ലുന്ന ശീലമായിരുന്നെങ്കിൽ ഇന്ന് കാണുന്നത് ഒരു ചെറിയ മറുപടി ആയിരിക്കും – “ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ പൊയ്ക്കോ “. ഇത്തരം ആശയങ്ങൾക്കുള്ളിൽ ജീവിക്കുന്ന നമ്മുടെ സമൂഹത്തോട് ഈ നോമ്പിന്റെ മൂന്നാം ആഴ്ച നൽകുന്ന സന്ദേശം വി. മർക്കോസ് 2: 1 – 12 വരെ ഭാഗങ്ങൾ .
കർത്താവ് ഒരു ഭവനത്തിൽ ആയിരിക്കുമ്പോൾ അവൻറെ വാക്കുകൾ കേൾക്കുവാൻ ധാരാളം ആളുകൾ കൂടി വന്നു. വാതിൽക്കൽ പോലും ജനക്കൂട്ടം . അപ്പോഴാണ് ഒരു തളർവാദ രോഗിയെ നാലാൾ ചുമന്നു കൊണ്ട് വരുന്നത്. പ്രതിബന്ധം അവർക്ക് മുൻപിൽ , തീരുമാനം കർത്താവിനെ കാണുക എന്നുള്ളതും . ശ്രമിച്ചു നോക്കി ആരും സ്ഥലം തരുന്നില്ല. തിരിഞ്ഞു പോകാനോ പ്രതിസന്ധികൾക്കിടയിൽ തളരുവാനോ അവർക്ക് സാധ്യമല്ലായിരുന്നു. അവർ വീടിൻറെ മേൽക്കൂര പൊളിച്ച് കട്ടിലോട് കൂടി അവനെ കർത്താവിൻറെ മുൻപിൽ എത്തിച്ചു. തങ്ങളുടെ ദൗത്യം പൂർത്തീകരിച്ച് കർത്താവിൻറെ പ്രവർത്തികൾക്കായി അവർ കാത്തിരുന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കർത്താവ് ആ തളർവാദ രോഗിയുടെ പാപങ്ങൾ മോചിച്ചു. വിശ്വാസത്തോടെ നാലുപേരും , അവിശ്വാസികളായ ശാസ്ത്രിമാരും.
പലപ്പോഴും തീരുമാനങ്ങൾ ഭൂരിപക്ഷത്തിന്റെ എന്ന് നാം ധരിക്കാറുണ്ട്. നാം അത് അംഗീകരിക്കുകയും ചെയ്യും . എന്നാൽ ഭൂരിപക്ഷ അഭിപ്രായമാണോ അതോ സത്യവും നീതിയും ഉത്തരവാദിത്വ ബോധവുമാണോ നാം പിന്താങ്ങേണ്ടത്. അനേകർ സംശയാലുക്കളായി നിന്നിട്ടും നാലുപേരുടെ കഠിനമായ വിശ്വാസം അനേകർ ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് കാരണമായി.
ഈ നാലുപേർ ആകാൻ നമ്മൾക്ക് സാധ്യമാകുമോ? വീണ് കിടക്കുന്ന, തകർന്നു പോകുന്ന അനേകർക്ക് ആശ്വാസം നൽകാനും , സൗഖ്യം നൽകാനും നമുക്ക് കഴിയണം. പ്രതിസന്ധികൾ ഏറെയുണ്ടാകാം, എന്നാൽ അതിനെ എല്ലാം അതിജീവിക്കുവാൻ വിശ്വാസവും പ്രാർത്ഥനയും ധാരാളം. ഇനി ഈ നാലുപേർ നമ്മിൽ തന്നെയുള്ള നാല് ഗുണങ്ങൾ ആയാലോ . സ്നേഹം, പ്രത്യാശ, അനുകമ്പ, വിശ്വാസം ഇവ ചേർന്നാലും അനേകർക്ക് ആശ്വാസമായി തീരുമല്ലോ.
ഇനി കുറച്ചുകൂടി വ്യാപ്യതമായി ചിന്തിക്കുമ്പോൾ ആകമാന ക്രൈസ്തവ സഭയുടെ സാക്ഷ്യമായി തീരുന്നു. എല്ലാ നമസ്കാരങ്ങളിലും ചൊല്ലുന്ന വിശ്വാസപ്രമാണം തന്നെയാണ് സഭയുടെ ഈ നാൽവർ . കാതോലികം, അപ്പസ്തോലികം, ഏകം, വിശുദ്ധം ഇവയിൽ അല്ലേ സഭയുടെ ദൗത്യവും നിലനിൽപ്പും .
നോമ്പിന്റെ നാളുകൾ വിശുദ്ധമാണ്. അപ്രകാരം ഉള്ള ജീവിതം അതിധന്യമാണ്. കെടുത്തി കളയുന്ന പൈശാചിക ബന്ധനങ്ങളെ എല്ലാം അഴിച്ച് ആത്മസമർപ്പണത്തോടെ ശുശ്രൂഷ വേദിയിലേക്ക് നമുക്ക് ഇറങ്ങാം ; അനേകരുടെ തിരിച്ച് വരവിനായി .
സ്നേഹത്തോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply