റവ. ഫാ. ഹാപ്പി ജേക്കബ്ബ്

തൻകാര്യവും, സ്വയംഭാവവും വച്ച് പുലർത്തുന്ന ആളുകളാണ് നാം എന്ന കാര്യം സംശയലേശമന്യേ ഉറപ്പിക്കാവുന്ന വസ്തുത ആണ് . ധാരാളം അനുഭവങ്ങളും , ഉദാഹരണങ്ങളും എടുത്തു കാട്ടുവാനും സാധ്യമാകും. പല അവസരങ്ങളിലും ഞാനും ചിന്തിച്ച്‌ പോയിട്ടുണ്ട് എന്തിന് മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഉള്ളതു കൊണ്ട് സ്വന്തം കാര്യം നോക്കി നടന്നാൽ പോരെ . അപ്രകാരം ജീവിക്കുന്ന ധാരാളം സ്നേഹം ബന്ധങ്ങൾ ഉണ്ട് താനും. എന്നാൽ ആ ചിന്ത മാറ്റിമറിക്കുന്നത് ദൈവവുമായുള്ള ബന്ധത്തിൽ അടുത്തു വരുമ്പോഴാണ് . ഏവരിലും അധികം എന്തിന് എനിക്ക് ദൈവം തരുന്നു. അർഹിക്കുന്ന തലത്തിൽ അധികം എന്തിന് എന്നെ ഭരമേൽപ്പിക്കുന്നു. നോമ്പു കാലത്തിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ കണ്ണു തുറന്ന് ചുറ്റുപാടും ഒന്ന് നോക്കണം. കുറച്ചു ദൈവ സൃഷ്ടികളെ ഒന്ന് കാണാൻ ശ്രമിക്കണം.

ഇന്നത്തെ വേദ ചിന്തയിൽ നാം കാണുന്നത് കർത്താവ് സ്വന്തം ദേശം വിട്ട് സോർ, സിദോൻ ദേശത്ത് സഞ്ചരിക്കുന്നതാണ്. വി. മത്തായി 15: 21- 34 വരെ വാക്യങ്ങൾ ഒരു യാഥാസ്ഥിതിക യഹൂദൻ സംസർഗം ഇഷ്ടപ്പെടാത്ത ദേശവും ആളുകളും . അവിടെ എന്ത് ചെയ്യാനാണ്. പാപങ്ങളുടെ അധിനിവേശത്താൽ നശിപ്പിക്കപ്പെട്ട ദേശങ്ങൾ . തലമുറയായി വൈരാഗ്യത്തോടെ മാത്രം കാണുന്ന ജനത. ഒരു രോഗസൗഖ്യം എന്നതിലുപരി തെറ്റിപ്പോയ ആളുകളെ അന്വേഷിച്ചിറങ്ങിയ കർത്താവും , വീണ്ടെടുപ്പുകാരനെ തിരിച്ചറിഞ്ഞ കനാന്യ സ്ത്രീയും തമ്മിലുള്ള സംസാരം നമുക്ക് ശ്രദ്ധിക്കാം ഈ ഭാഗത്തിൽ . സ്വന്തം കുടുംബങ്ങളെയോ സ്വന്തം ദേശങ്ങളെയോ പോലും കണ്ടാൽ തിരിച്ചറിയാത്ത ഈ തലമുറയ്ക്ക് ഇത് ചിലപ്പോൾ അത്രയ്ക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നു വരില്ല.

ആദ്യ വാക്യം ശ്രദ്ധിക്കുമ്പോൾ കന്യകയായ സ്ത്രീയുടെ അപേക്ഷയിൽ മൗനം പാലിക്കുകയാണ്. ഒരുത്തരവും പറയുന്നില്ല. രണ്ട് കാര്യങ്ങളാവാം അതിൻറെ കാരണം. അവളുടെ വിശ്വാസത്തിൻറെ ആഴം പരീക്ഷിച്ചതാവാം, അല്ലാ എങ്കിൽ തന്റെ കൂടെ ഉള്ളവർക്ക് ഒരു പാഠം നൽകിയതാവാം. ഒരു യാഥാസ്ഥിതിക യഹൂദന്റെ ധാരണകളിൽ നിന്ന് സഹതാപത്തിന്റെയും സ്നേഹത്തിന്റെയും ധാരയിലേക്ക് മാറുന്ന പഠനം . തുടർന്നുള്ള വാക്കുകൾ കേൾക്കുമ്പോൾ കർത്താവ് അവളെ ഒഴിവാക്കി വിടുവാൻ ശ്രമിക്കുന്നു എന്ന് തോന്നാം. ആത്യന്തികമായ ആവശ്യം അവളുടെ വിശ്വാസത്തെ ബലമാക്കി. ജാതികൾ തമ്മിലുള്ള വെറുപ്പും വിദ്വേഷവും മാറ്റി രക്ഷകനെ അഭയപ്പെടുത്തി അവൾ വിശ്വാസം പ്രകടിപ്പിച്ചു. രണ്ടാമത്തെ ഉത്തരമായി കർത്താവേ എന്നെ സഹായിക്കണമേ എന്നപേക്ഷിച്ച് അവൻറെ മുമ്പാകെ മുട്ടുകുത്തി . ഇത് ഒരു യാഥാർത്ഥ അനുതാപ സൂചനയാണ്. പുറ ജാതികളുടെ ആചരണവും മറ്റും ഉപേക്ഷിച്ച് അവൾ യഥാർത്ഥ അനുതാപത്തിലേക്ക് വരുന്നു. കർത്താവിലല്ലാതെ മറ്റെങ്ങും രക്ഷ ഇല്ല എന്ന് അവൾ മനസ്സിലാക്കുന്നു.

യഥാർത്ഥമായ അപേക്ഷയും നമസ്കാരവും കണ്ണുനീരും കണ്ടിട്ട് കർത്താവ് അവളോട് പറയുന്നു . “സ്ത്രീയേ നിൻറെ വിശ്വാസം വലുത് . ” ആ നാഴിക മുതൽ അവളുടെ മകൾക്ക് സൗഖ്യം വന്നു. നമ്മുടെ മുൻപിൽ അവളുടെ വിശ്വാസം ഒരു സത്യ വെല്ലുവിളി തന്നെ ആണ് . ഇസ്രയേലിലെ ആടുകളോ, ഇസ്രയേലിലെ കാണാതെപോയ ആടുകളോ ഒക്കെ ആയി നമ്മെ കാണാം. ദൈവികമായ കാര്യങ്ങളിലും മികവുകളിലും നാം അഗ്രഗണ്യരാകാം. എന്നാൽ ഇതുപോലൊരു വിശ്വാസം നമ്മളിൽ ഉണ്ടോ , നമുക്കിടയിൽ ഉണ്ടോ ?

ഈ വെല്ലുവിളി നാം സ്വീകരിച്ചേ മതിയാവൂ.. നമുക്ക് സൗഖ്യം വേണം, ജീവിതം വേണം , ഭൗതിക സുഖങ്ങൾ എല്ലാം വേണം. നമ്മുടെ ദൈവം നമുക്ക് യഥാസമയങ്ങളിൽ തരികയും വേണം. ഇല്ല എങ്കിൽ നാം പല ഇടങ്ങളിലേക്കും നാം മാറിപ്പോകും. എന്നാൽ നിലനിൽക്കുന്ന ഇടത്തിൽ തന്നെ വിശ്വാസത്തിൽ ഉറപ്പാൻ നമുക്ക് എന്തേ കഴിയാത്തത് . ആത്മീക ജീവിതത്തിൽ പലപ്പോഴും വിശ്വാസത്തിൽ നിലനിൽപ്പാൻ കഴിയുന്നില്ല, ആഴത്തിലുള്ള വിശ്വാസവും ഇല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോമ്പുകാലം ആത്മസമർപ്പണത്തിന്റെ അനുഭവം ആണ്. പ്രാർത്ഥനയിലും നോമ്പിലും വിശ്വാസം ഉറപ്പിക്കാനും ബലപ്പെടുവാനും ഉള്ള കാലം. ജാതി മത ദേശ സംസ്കാര ഭേദമന്യേ സ്നേഹത്തിന്റെയും കരുണയുടെയും ദൈവം, നമ്മുടെ ആവശ്യങ്ങളിൽ കൂടെ ഇരിക്കുന്ന ദൈവം. ഈ കനാന്യ സ്ത്രീയുടെ വിശ്വാസം കണ്ടിട്ട് എങ്കിലും നമ്മുടെ കുറവുകളെ മനസ്സിലാക്കി പുതുക്കുക . ഭാരവും പ്രയാസവും ദുഃഖവും നമുക്ക് മാത്രമല്ല എല്ലാവർക്കുമുണ്ട്. കർത്താവ് ഏവർക്കും സമീപസ്ഥൻ.

നാമം വിശ്വാസത്തിൽ നിലനിന്ന് സത്യാ അനുതാപത്തോടും , അനുസരണത്തോടും കർത്താവിന്റെ സന്നിധിയിൽ വിലയപ്പെടുവാൻ ശ്രമിക്കാം. ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ എന്നിലേക്ക് വരിക.

പ്രാർത്ഥനയോടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907