ഫാ. ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ ശുദ്ധ ദിനങ്ങളിലൂടെ സഞ്ചരിച്ച് മൂന്നാം ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ് . ഭക്ഷണത്തിൽ മാത്രം നോമ്പ് നോൽക്കുന്നവൻ നേരായ് നോമ്പ് നോൽക്കുന്നില്ല എന്ന് പ്രാർത്ഥനാ ഭാഗം നമ്മെ പഠിപ്പിക്കുന്നു. ആത്മ തപനവും, തിരുവചന പാരായണവും അഗതികളെയും പരദേശികളെയും വിധവമാരേയും മാനിക്കുന്നത് നോമ്പിൻറെ ആവശ്യ ഭാഗമാണ് എന്നുള്ളത് വിസ്മരിക്കരുത്. മൂന്നാം ആഴ്ചയിലെ ആദ്യദിന വായനാ ഭാഗം ശ്രദ്ധയിൽ പെടുത്തുന്നു. വി. മാർക്കോസ് 2: 1 – 12 വരെയുള്ള ഭാഗങ്ങൾ .
ഇന്നത്തെ തലമുറ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ രോഗവും മരണവും കഴിഞ്ഞ നാളുകളിൽ കണ്ടിരുന്നു. അതിലും വലിയ ഭാരവും വേദനയും നൽകുന്ന യുദ്ധവും പാലായനവും ഇന്ന് നാം സാക്ഷ്യം വഹിക്കുന്നു . തുടർ നാളുകൾ നാം ഉണ്ടാവുമോ അഥവാ ഉണ്ടായാൽ തന്നെ എങ്ങനെ ജീവിതം നയിക്കാൻ പറ്റും എന്ന് കരുതി ജീവിക്കുന്ന നമുക്ക് ഈ നോമ്പിന്റെ ദിനങ്ങൾ പ്രാർത്ഥനാ ദിനങ്ങൾ ആയി മാറ്റി ഇല്ലെങ്കിൽ അതികഠിനത അഭിമുഖീകരിക്കേണ്ടിവരും നിശ്ചയം.
എന്തെല്ലാം പ്രശ്നങ്ങളും രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും വന്നാലും ദൈവം അറിയാതെ ഒന്നും ഭവിക്കയില്ല എന്ന് വിശ്വാസത്തോടെ കഴിഞ്ഞിരുന്ന തലമുറ അവസാനിച്ചു. ഇന്ന് ദൈവത്തെപ്പോലും വെല്ലുവിളിച്ച് പ്രകൃതിയേയും മനുഷ്യനേയും ഒരു പോലെ നിസ്സാരവൽക്കരിച്ച് അധികാരവും ശക്തിയും അതിലുള്ള ആശ്രയവും മാത്രം ലക്ഷ്യമാക്കുന്നു.
സഹോദരൻറെ വേദനയും കണ്ണുനീരും അവഗണിച്ച് ജീവിതം നയിക്കുന്ന നമുക്ക് നൽകുന്ന ഒരു പാഠമാണ് ഇന്നത്തെ ചിന്താഭാഗം.
വാതിൽക്കൽ പോലും കടന്നു വരുവാൻ ഇടമില്ലാതിരുന്ന സാഹചര്യത്തിൽ നാലുപേർ ചേർന്ന് ഒരു തളർവാതരോഗിയെ ചുമന്ന് വീടിൻറെ മേൽക്കൂര പൊളിച്ച് കർത്ത്യ സന്നിധിയിൽ ആക്കുന്നു. ആ നാലുപേർ അവരുടെ സ്നേഹം, കരുണ, വിശ്വാസം,ആർദ്രത ഇവയെല്ലാം ഈ രോഗി സൗഖ്യമാകുവാൻ കാരണമായി. അതിലേറെ അവരുടെ വിശ്വാസവും അതിനുതകുന്ന പ്രവർത്തനവും കൂടി ചേർന്നപ്പോൾ അത്ഭുതം നടക്കുവാനും സൗഖ്യം പ്രാപിക്കുവാനും കാരണമായി.
5-ാം വാക്യത്തിൽ വായിക്കുന്നു “യേശു അവരുടെ വിശ്വാസം കണ്ടിട്ട് ” അവന്റെ പാപങ്ങൾ മോചിച്ച് സൗഖ്യം നൽകി നടന്നു പോകുവാൻ അവനെ ഇടയാക്കി . ഈ നോമ്പിൽ നാം പലതും ത്യജിക്കയും പലതും ഉപേക്ഷിക്കുകയും ചെയ്യും. എന്നാൽ അതൊക്കെ നമ്മുടെ നന്മയെ ലക്ഷ്യമാക്കി നാം ചെയ്യുന്നതാണ്. വിശ്വാസം ഉണ്ട് പ്രവർത്തനം ഇല്ല . ഇങ്ങനെ ആയാൽ നോമ്പ് എങ്ങനെ പൂർണമാകും. വി. യാക്കോബിന്റെ ലേഖനം 2-ാം അധ്യായം 14 മുതൽ 26 വരെ വാക്യങ്ങൾ ഈ അവസരത്തിൽ വായിക്കുന്നത് നന്നായിരിക്കും. പ്രവർത്തി ഇല്ലാത്ത വിശ്വാസം ജീവനില്ലാത്തതാണ് .
രോഗവും ,ദുരന്തവും, യുദ്ധവും, പാലായനവും നാം അഭിമുഖീകരിക്കുമ്പോൾ ഒരു കൈസഹായം, ഒരു പുഞ്ചിരി ഒരു വാക്ക് സ്വാന്തനം ഇതെല്ലാം ലോകം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ വിശ്വാസവും പ്രവർത്തനവും മൂലം ഈ സമൂഹത്തിൽ ധാരാളം പേർ ദൈവസന്നിധിയിൽ എത്തപ്പെടണം ; ധാരാളം ആളുകൾ സൗഖ്യപ്പെടണം, ധാരാളം ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണം .
നോമ്പിൻറെ ദിനങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഒരു യാത്രയിലാണ് .പരിവർത്തനത്തിന്റെ ഓരോ ദിനങ്ങൾ നാം പിന്നിടുമ്പോൾ ദൈവസന്നിധിയിലേക്ക് അടുത്തുവരാനായി തീരാൻ ഇടയാവണം. സങ്കീർത്തനക്കാരൻ പറയുന്നത് പോലെ ആറ്റരികത്ത് നട്ടിരിക്കുന്നതും, തക്ക കാലത്ത് ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ നാം ആയിത്തീരണം.
ഈ ദിനങ്ങളിൽ നാം ഒഴിവാക്കുന്ന ഓരോ കാര്യങ്ങൾക്കും പകരം സദ്ഗുണങ്ങൾ നമ്മിൽ വിളങ്ങണം. ഇന്ന് നമ്മെ ആകുലപ്പെടുത്തുന്ന യുദ്ധങ്ങളും അത് മൂലം ഉള്ള ആശങ്കയും സ്വന്തം ദേശം വിട്ടോടുന്ന ഓരോരുത്തർക്കും വേണ്ടി നാം പ്രാർത്ഥിക്കണം. നമ്മെ കൊണ്ട് ആകുന്ന സഹായങ്ങൾ നാം ചെയ്യണം. ഓരോ മനുഷ്യനും പരിവർത്തനം നേടി ശുദ്ധരാകുവാനും ദൈവ ചിന്തകൾ വളരുവാനും നാം പ്രാർത്ഥിക്കണം.
ലോകം പരാജയപ്പെടുന്നിടത്ത് ദൈവനാമം ഉയരണം. അതിന്റെ ശക്തിയും ബലവും മറ്റെവിടെയുമല്ല നമ്മുടെ ഉള്ളിൽ നിന്ന് വരുന്ന പ്രാർത്ഥനയും തപനത്തിലൂടെ ഉള്ള കണ്ണുനീരും മാത്രം . എല്ലാ പ്രതിബന്ധങ്ങളെയും അകറ്റി ഈ നാല് പേർക്ക് പക്ഷവാതരോഗിയെ കർത്ത്യ സന്നിധിയിൽ എത്തിക്കാമെങ്കിൽ ഈ നോമ്പിൻറെ ദിനങ്ങളിൽ എത്ര ആയിരങ്ങളെ ദൈവമുമ്പാകെ നമുക്ക് കൊണ്ടു വരുവാൻ കഴിയും. ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് തുടർ ദിവസങ്ങളിൽ നമുക്ക് സഞ്ചരിക്കാം. ദൈവം കരുത്തും ബലവും നൽകട്ടെ .
ശുശ്രൂഷയിലും പ്രാർത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചൻ .
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
Leave a Reply