ഫാ. ഹാപ്പി ജേക്കബ്

സാധാരണ നാം വായിക്കുന്ന സൗഖ്യദാന ശുശ്രൂഷയിൽ നിന്നും വ്യത്യസ്തമായ ഒരു ഭാഗം ആണ് നാം ഇന്ന് ധ്യാനിക്കുന്നത്. ദൈവ കൃപ വ്യാപരിക്കുവാൻ അതിരുകളും ജാതികളും എന്ന വ്യത്യാസം ഒന്നും ഇല്ല എന്ന് നമ്മെ മനസ്സിലാക്കി തരുവാൻ ഈ ഭാഗം നമ്മെ സഹായിക്കും. കാരണം മറ്റൊന്നുമല്ല സർവ്വജനവും ജനതയും സന്തോഷിച്ചത് അവൻറെ ജനനത്തിങ്കലാണ് . ഇന്നത്തെ പഠിപ്പിക്കലുകളും സഭകളും പ്രസ്ഥാനങ്ങളും എല്ലാം തൻറെ ജനത്തെ നയിക്കുന്നത് കൂടെ നിൽക്കാനാണ്. അവിടെ ഉള്ളവർക്ക് മാത്രം അനുഭവിക്കാവുന്ന ദൈവകൃപ എന്ന് അണികളോട് ഉദ്ഘോഷിക്കുകയും ചെയ്യുന്നു.

കർത്താവ് ശ്ലീഹന്മാരേയും അറിയിപ്പുകാരെയും തിരഞ്ഞെടുത്തത് ദൈവകൃപ അനേകരിൽ എത്തിക്കുവാനാണ്. അവർ അന്ധകാരം നിവർത്തിക്കുകയും ചെയ്തു. മിഷൻ എന്ന വാക്ക് നാം കേട്ടിട്ടുണ്ടാകാം. മിഷനറിമാരേയും നാം കണ്ടിട്ടുണ്ടാകാം. ദൈവസ്നേഹം എത്താതിരുന്നിടത്ത് എത്തിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട വരാണ് . എന്നാൽ നാം തിരിച്ചറിയാത്ത ഒരു സത്യം ഓർമിപ്പിക്കുന്നു. 1 പത്രോസ് 2: 9 നിങ്ങളോ അന്ധകാരത്തിൽ നിന്ന് തൻറെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ പ്രഘോഷിപ്പാൻ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ജാതിയും, രാജകീയ പുരോഹിത വർഗ്ഗവും, വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു. ദരിദ്രന് ഭക്ഷണമായും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം ആയും , രോഗികൾക്ക് സൗഖ്യമായും സ്നേഹമില്ലാത്തിടത്ത് സ്നേഹവും നീതിക്ക് വേണ്ടിയുള്ള നാവായും നാം ആയിത്തീരണം.

ഇസ്രയേൽ ജനത്തിന്റെ ഇടയിൽ നടക്കുന്ന ഒരു സംഭവമല്ല നാം ഇന്ന് ധ്യാനിക്കുന്നത് . പുറജാതികളുടെ ഇടയിൽ കർത്താവ് പോയി പാർക്കുന്നു. വി. മർക്കോസ് 7: 24 – 37 വരെയുള്ള വാക്യങ്ങൾ . കർത്താവ് ഒരു പുറജാതിക്കാരി സ്ത്രീയുമായുള്ള സംഭാഷണമാണ് നാം ഇവിടെ വായിക്കുന്നത്. അവളുടെ ആവശ്യം തൻറെ മകളിൽ നിന്ന് ഭൂതത്തെ പുറത്താക്കണം എന്നുള്ളതായിരുന്നു. തന്റെ ആവശ്യം അറിയിച്ചപ്പോൾ മക്കളുടെ അപ്പം എടുത്ത് നായ് കുട്ടികൾക്ക് കൊടുക്കുന്നത് വിഹിതം അല്ലല്ലോ എന്നാണ് കർത്താവ് മറുപടി പറയുന്നത്. താൻ വന്നിരിക്കുന്നത് ഇസ്രയേലിന് രക്ഷ നൽകുവാൻ മാത്രം എന്ന് ഉള്ള സാധാരണ ഇസ്രയേലിയന്റെ ചിന്തയാണ് കർത്താവ് പങ്ക് വച്ചത്. എന്നാൽ അവൾ തിരിച്ചറിഞ്ഞു. അഞ്ച് അപ്പം എത്രപേർക്ക് തൃപ്തി വരുത്തി എന്നും എത്ര കുട്ട മിച്ചം വന്നു എന്നും അവൾക്കറിയാമായിരുന്നു. ആയതിനാൽ അവൾ തർക്കിക്കുകയാണ് . അപ്പം മക്കൾക്ക് കൊടുത്താലും മേശമേൽ നിന്ന് വീഴുന്ന നുറുക്കുകൾ മതി നായ്ക്കുട്ടിക്ക് തൃപ്തി ആകാൻ . നിരന്തരമായ യാചനയും അവനിൽനിന്ന് തീർച്ചയായും സൗഖ്യം ലഭിക്കും എന്ന വിശ്വാസവും കണ്ട് കർത്താവ് നീ പൊയ്ക്കൊള്ളുക ഭൂതം നിൻറെ മകളെ വിട്ടു പോയിരിക്കുന്നു എന്ന് പറഞ്ഞു. ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.

മൂന്ന് കാര്യങ്ങൾ നാം മനസ്സിലാക്കണം. ഒന്നാമതായി ജീവിതത്തിൽ പ്രാർത്ഥനയ്ക്കുള്ള സ്ഥാനം. എല്ലാ ആശ്രയവും അവസാനിക്കുമ്പോൾ ആണ് നാം പ്രാർത്ഥിക്കുവാൻ ആരംഭിക്കുന്നത്. ഒന്നിനെ കുറിച്ചും വിചാരപ്പെടരുത്. എല്ലാറ്റിലും പ്രാർത്ഥനയിലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോട് കൂടെ ദൈവത്തെ അറിയിക്കുകയത്രേ വേണ്ടത്. ഫിലിപ്പിയർ 4: 5 -7. മുടങ്ങാതെ ഇടവിടാതെ പ്രാർത്ഥിക്കുവാൻ ശീലിക്കുക. ഓരോ ദിനവും ദൈവത്തെ സ്തുതിക്കുവാൻ , നന്ദി അർപ്പിക്കുവാൻ , ദൈവത്തെ മഹത്വപ്പെടുത്താൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു.

രണ്ടാമത് മദ്ധ്യസ്ഥത. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും നാം നിർവ്വഹിക്കണം. എൻറെ പ്രാർത്ഥന കൊണ്ട് മറ്റുള്ളവർക്ക് ദൈവകൃപ പ്രാപ്യമാക്കുവാൻ ഇത് സഹായിക്കും. എന്നാൽ നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവന് വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധേയമായ പ്രാർത്ഥന വളരെ ഫലിക്കുന്നു. യാക്കോബ് 5 : 16. ആർക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. അതിന് ജാതിയോ മതമോ രാജ്യമോ ഭാഷയോ ആവശ്യമില്ല . നമ്മുടെ വിശ്വാസം ആണ് പ്രധാനം. നാം വാർത്തകളിലോ മറ്റോ കാണുന്ന വേദനപ്പെടുത്തുന്ന ധാരാളം അനുഭവങ്ങൾ നമ്മുടെ മുൻപിലുണ്ട്. ആ വിഷയങ്ങളെല്ലാം നമുക്ക് ഏറ്റെടുത്ത് പ്രാർത്ഥിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നാമത് പ്രാർത്ഥനയിലുള്ള സ്ഥിരത . പ്രഭാതം വരെയും മല്ല് പിടിച്ച പുരുഷനോട് യാക്കോബ് പറയുന്നു നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല. കേവലം യാക്കോബ് എന്ന് പേരുള്ള അവൻറെ ഇസ്രയേൽ എന്ന ആവാൻ ഈ സംഭവം ഇടയാക്കി. ഉല്പത്തി 32 : 26 – 28. ഇടവിടാതെ പ്രാർത്ഥിക്കുവാൻ , ലഭിക്കും വരെ യാചിക്കുവാൻ , തുറക്കും വരെ മുട്ടുവാൻ നമുക്ക് സാധിക്കണം.

എല്ലാം തികഞ്ഞവർ ആണ് നാം എന്ന് വരികലും ആവശ്യക്കാരുടെ അടുത്തേക്ക് കടന്ന് ചെല്ലുവാൻ ഈ നോമ്പ് നമ്മോട് ആവശ്യപ്പെടുന്നു. പ്രാർത്ഥിക്കുവാനായി ധാരാളം വിഷയങ്ങൾ നമ്മുടെ ചുറ്റിലും ഓരോ ദിനവും ഉയർന്ന് വരുന്നു . രോഗവും , യുദ്ധവും, പ്രകൃതിക്ഷോഭവും മാത്രമല്ല. സമാധാനം, സുരക്ഷിതത്വം, കുടുംബജീവിതം യുവതലമുറ എല്ലാം ഇന്ന് ഭീതിയുടെ മുൾമുനയിലാണ്. ഈ നോമ്പിൽ നമുക്ക് പ്രാർത്ഥിക്കാം പ്രവർത്തിക്കാം . എല്ലാ അതിർവരമ്പുകളും തീണ്ടി എല്ലായിടത്തും എല്ലാവർക്കും ദൈവകൃപ പ്രാപ്യമാകുവാൻ നമുക്ക് പ്രാർത്ഥിക്കാം. ഈ കനാനക്കാരിയുടെ മകൾക്ക് സൗഖ്യം ലഭിച്ച പോലെ നിരന്തരമായ നിശ്ചയദാർഢ്യത്തോടെ വിശ്വാസത്തോടെ ഉള്ള നമ്മുടെ പ്രാർത്ഥന അനേകർക്ക് ആശ്വാസം ലഭിക്കട്ടെ .
പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ.

 

  റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.