ഫാ. ഹാപ്പി ജേക്കബ്

നേരും നെറിയും കേട്ടുകേൾവി മാത്രമായ ലോകത്തിൽ കാഴ്ചയുടെ അന്തസത്തയും എങ്ങോ പോയ്മറഞ്ഞതായാണ് ലോക കാഴ്ചകൾ നൽകുന്ന പാഠം. ആത്മീയതയുടെ പാരമ്യത്തിലും സാങ്കേതികതയുടെ ഉത്തരസ്ഥായിലും നിൽക്കുന്നവർ ആയാലും അവരുടെ പ്രവർത്തനങ്ങളും പഠിപ്പിക്കലുകളും പലതും അന്ധതയേയും അജ്ഞതയേയും മനുഷ്യരുടെ ഇടയിൽ വർദ്ധിപ്പിക്കുന്നു. കാരണം അന്വേഷിച്ച് നാം പോയാൽ എല്ലാവർക്കും നമ്മെ പിന്താങ്ങുന്ന അണികളാണ് ബലം. എന്നാൽ ഈ അണികൾ ഒന്നും യാഥാർത്ഥ്യം തിരിച്ചറിയണം എന്നില്ല. ആധ്യാത്മികത പഠിപ്പിക്കുന്നവർ ആദ്യമേ തിരുവചനം വ്യാഖ്യാനിക്കാൻ ഉത്സുകർ ആയാലും പിന്നീട് ജീവിത ഭാഗം നോക്കുമ്പോൾ ഇതൊന്നും ജീവിതത്തിൽ ഇല്ലാതെ ആൾക്കൂട്ടം മാത്രമായി അവശേഷിക്കുന്നു. അങ്ങനെ സത്യം പോലും നേതാക്കളും അഭിനവ ഗുരുക്കന്മാരും പറയുന്നതുപോലെ മാറിക്കൊണ്ടിരിക്കും. എന്നാൽ ഇന്നത്തെ വായന ഭാഗം നമ്മെ പഠിപ്പിക്കുന്നത് ദർശനം മാത്രമല്ല ദാർശനികതയുടെ മൂല്യവും കൂടെ ആണ് . കണ്ണുണ്ടായാൽ മാത്രം പോരാ കാഴ്ച ഉണ്ടാകണം . കാഴ്ച ഉണ്ടായാൽ പോരാ കാണേണ്ടത് കാണുവാൻ ഇടയാകണം.

വി. യോഹന്നാന്റെ സുവിശേഷം ഒൻപതാം അദ്ധ്യായം ആണ് ആധാരമായിട്ടുള്ളത് . കാരണം അന്വേഷിക്കുന്ന ശിഷ്യർ ചോദിക്കുന്നു ഇവൻ ഇങ്ങനെ ആയിരിക്കാൻ എന്താണ് കാരണം. ഏവരെയും ന്യായം വിധിക്കുന്ന നമ്മുടെ സമസ്വഭാവം ആണ് ശിഷ്യന്മാർ ഇവിടെ പ്രകടിപ്പിച്ചത്. എന്നാൽ അവസാന ഭാഗങ്ങളിലേക്ക് നമ്മുടെ ചിന്ത കടന്നു വരുമ്പോൾ ഈ ചോദ്യം ചോദിച്ചവർ അല്ലേ അന്ധത ബാധിച്ചത് എന്ന് മനസ്സിലാക്കുവാൻ സാധിക്കും.

കർത്താവ് മറുപടി ആയി പറഞ്ഞത് ദൈവകൃപ വെളിപ്പെടുവാൻ അത്ര എന്നാണ് . ജീവിതാനുഭവങ്ങളിൽ നാമും പല ഇടങ്ങളിലും പല അവസരങ്ങളിലും ഇങ്ങനെ യാതൊരു കാരണവും കണ്ടുപിടിക്കാനാവാതെ തപ്പി തടയാറുണ്ട് . 6-ാം വാക്യം വായിക്കുന്നത് ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. ആയതിനാൽ നീയും ആ പ്രകാശത്തിലേക്ക് വരണം . നിലത്ത് തുപ്പി ചേറു കുഴച്ച് അവന്റെ കണ്ണിൽ പൂശിയപ്പോൾ അവൻ അനുസരണയോടെ ശീലോഗം കുളത്തിൽ പോയി കഴുകി കാഴ്ച പ്രാപിച്ചു വരുന്നു. നമ്മുടെ ബലഹീനത കൂടി നാം മനസ്സിലാക്കേണ്ട അവസരം ആണ് . എന്തെങ്കിലും അല്പം സാധ്യത നമുക്കുണ്ടെങ്കിൽ പിന്നെ അനുസരണവും വിധേയത്വവും ഒന്നും നമ്മിൽ കാണില്ല .

ഈ മനുഷ്യൻ കാഴ്ച പ്രാപിച്ച് തിരികെ വന്നപ്പോൾ ആണ് അവൻറെ പുതിയ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നമ്മുടെ ഉള്ളിലും ഉയരുന്ന ഒരു ചിന്ത ഉണ്ട് . നമ്മുടെ ചുറ്റും ഇങ്ങനെ ബലഹീനരും രോഗികളും പാവപ്പെട്ടവരുമുണ്ട്. വാക്ക് കൊണ്ട് നാം വലിയ കാര്യങ്ങൾ പറയുമെങ്കിലും അവർ അങ്ങനെ തന്നെ കാണാനാണ് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്. അന്ധനായ അവന് കാഴ്ച ലഭിച്ചപ്പോൾ കാഴ്ച ഉണ്ട് എന്ന് പറയുന്ന സമൂഹത്തിൻറെ കാഴ്ചപ്പാട് ശ്രദ്ധേയം ആണ് . അവനെ ചോദ്യം ചെയ്യുകയും സമൂഹത്തിൽ നിന്ന് പുറത്താക്കുവാനും അവർ ശ്രമിക്കുന്നു. സ്വന്തം മാതാപിതാക്കളും സ്നേഹിതരും പോലും അവനെ ഉൾക്കൊള്ളുവാൻ മടികാണിക്കുന്നു . അവൻറെ സാക്ഷ്യം അനേകരുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. എന്നാൽ സമൂഹം അതിന് തയ്യാറായിരുന്നില്ല.

എല്ലാവരും അവനെ കൈവിട്ടു എന്ന് കർത്താവ് അറിഞ്ഞപ്പോൾ അവനെ തേടി ചെല്ലുന്നു. കർത്താവ് അവനോട് പറയുന്നു. കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഞാൻ ഈ ലോകത്തിൽ വന്നു . ഈ ചിന്ത ഈ നോമ്പുകാലത്ത് നാം ശ്രദ്ധയോടെ ധ്യാനിക്കണം . കാഴ്ച ഉള്ളവരായി സർവ്വ സൃഷ്ടി സൗന്ദര്യം ദർശിക്കുവാനും ഭാഗ്യം ലഭിച്ചവരാണ് നാം ഏവരും . എന്നാൽ കാഴ്ച ഉണ്ട് എന്ന് ഭാവിക്കുകയും എന്നാൽ ദൈവത്തെയോ ദൈവ സൃഷ്ടിയേയോ കാണുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ . നമ്മുടെ അഹന്ത , പാപം, ക്രോധം എല്ലാം തിമിരമായി നമ്മുടെ കണ്ണുകളെ മൂടി. ഒരു ദൈവ കൃപ പോലും തിരിച്ചറിയുവാൻ കഴിയാത്തവരായി. വിദ്യാഭ്യാസം നേടിയെങ്കിലും പ്രാകൃതരായി ജീവിക്കുന്നു. സർവ്വ സൗഭാഗ്യങ്ങളും ചുറ്റും ഉണ്ടെങ്കിലും അതിലൊന്നും തൃപ്തി ആവാത്ത ജീവിതം .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു വലിയ ഉത്തരവാദിത്വം കൂടി ഈ ഭാഗം നമ്മെ ചുമതലപ്പെടുത്തുന്നു. പാപാന്ധകാരത്തിൽ കഴിയുന്ന ഏവരേയും ദൈവ മുഖം ദർശിക്കുവാൻ നാം ഒരുക്കണം. ആ ദർശനം നമ്മുടെ ചിന്താഗതിയെ മാറ്റുന്നതായിരിക്കണം. ഇത് നമ്മുടെ ആവശ്യം ആണ് , സമൂഹത്തിൻറെ സഭയുടെ എല്ലാം ഉത്തരവാദിത്വമാണ്. ഈ നോമ്പ് കാലയളവ് നമുക്കും അനേകർക്കും നേരായ കാഴ്ച ലഭിക്കാൻ ഉതകട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ

 

  റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.