പുത്തൻ പ്രതീക്ഷകളുമായി രാജാവിനെ സ്വീകരിക്കാൻ ഒലിവിൻ കൊമ്പുകളും കുരുത്തോലകളുമായി ജനം കാത്തിരുന്ന അവസ്മരണീയമായ ഓശാന പെരുന്നാളിൽ ഇന്ന് നാമും ഭാഗമാവുകയാണ്. മഹത്തായ ഒരു യാത്രയുടെ ഭാഗമാകാൻ കാത്തിരിക്കുന്നവർ ഉണ്ട് , വഴിയരികിൽ കാഴ്ചക്കാരായി നിൽക്കുന്നവരും , ഈ യാത്രയെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവരും നമ്മുടെ ഇടയിൽ ഉണ്ട് .

നമ്മുടെ കർത്താവിൻറെ കഷ്ടാനുഭവം അനുസ്മരിക്കുന്ന ആഴ്ചയിലെ ആദ്യ ദിനം. കഷ്ടാനുഭവത്തിനായി യരുശലേം നഗരത്തിലേക്ക് കടക്കുന്ന മഹത്തായ ഒരു യാത്ര. പ്രവാചക പ്രവചനങ്ങൾ നിവൃത്തി ആകുന്ന ഈ മുഹൂർത്തത്തിൽ പ്രതീക്ഷ അറ്റിരുന്ന ജനത പുതു പ്രതീക്ഷകളുമായി രക്ഷകനെ വരവേൽക്കുന്നു. അവർ ആരാധിക്കുന്നു , അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു- “കർത്താവേ ഇപ്പോൾ രക്ഷിക്കേണമേ “. വി. യോഹന്നാൻ 12 :12 – 19, വി. ലൂക്കോസ് 19: 28 – 40, വി. മാർക്കോസ് 11 :1- 11 വരെയുള്ള വേദഭാഗങ്ങൾ ആണ് ചിന്തയിൽ വരുന്നത്.

അത് വരേയും ശുശ്രൂഷകനായും സൗഖ്യ ദാതാവായും വിശന്നിരിക്കുന്നവരെ കരുതുന്നവനായും ആണ് കർത്താവ് അവരോടൊപ്പം ആയിരുന്നത് . എന്നാൽ ഈ യാത്രയിൽ ലൗകീക രാജാവല്ല താൻ എന്ന് അവർ സ്ഥാപിക്കുന്നു. എളിമയുടെയും മൗനത്തിന്റെയും , വിധേയത്വത്തിന്റെയും അനുസരണയുടെയും പ്രതീകമായി രാജകീയ യാത്രയ്ക്കായി കഴുതക്കുട്ടിയെ തിരഞ്ഞെടുക്കുന്നു. ആയിരങ്ങൾ തടിച്ചുകൂടി , വഴിയിൽ ഒലിവിൻ ചില്ലകൾ വിതറി, വസ്ത്രങ്ങൾ വിരിച്ചു. അവർ പാടി – ഓശാന – കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു, ഓശാന . ജനം അത് ഏറ്റുപാടി . പ്രപഞ്ചം വിറകൊള്ളുകയാണ്. കുരുന്നോലകളും ഒലിവിൻ ചില്ലകളും പ്രതീകാത്മകമായി അവസാന വിജയത്തിൻറെ അടയാളങ്ങളാണ്.

സകറിയ പ്രവാചകന്‍ പ്രവചിച്ചു. സകറിയ 9:9 സിയോൻ പുത്രിയേ ഘോഷിക്ക ; ഉച്ചത്തിൽ ആർപ്പിടുക. ഇതാ നിൻറെ രാജാവ് നിന്റെ അടുക്കൽ വരുന്നു . അവൻ നീതിമാനും ജയശാലിയും താഴ്മ ഉള്ളവനുമായി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറു കഴുതപ്പുറത്തും കയറി വരുന്നു.

ഭക്ഷണവും സൗഖ്യവും . അത്‌ഭുതങ്ങളും അനുഭവിച്ചപ്പോൾ ആ ജനം ഭൗമീകമായി പാലായനം ചെയ്യുന്ന ഒരു രാജാവിനെ ആയിരിക്കും കണ്ടത്. എന്നാൽ യഥാർത്ഥ അനുതാപത്തോടും പാപമോചനത്തോടും കൂടി സ്വർഗ്ഗീയ പിതാവിൻറെ മക്കളെ ഒരുക്കുവാനുള്ള ഒരു ആത്മീയ യാത്രയാണ് ഇത് എന്ന് നാം മനസ്സിലാക്കണം.

ആ യാത്ര എത്തിച്ചേർന്നത് മഹത്തായ യരുശലേം ദേവാലയത്തിലേക്കാണ്. കർത്താവ് ആ നഗരം ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ കരയുകയാണ്. ലൂക്കോസ് 19 :41 – 42. ദൈവസാന്നിധ്യം അനുഭവിക്കേണ്ട നഗരം, ദൈവ ചൈതന്യം കുടികൊള്ളേണ്ട ആലയം അവർ കള്ളന്മാരുടെ ഗുഹ ആക്കി തീർത്തു. ദൈവം ആരാധന നടക്കേണ്ടുന്ന ഇടം വ്യാപാരശാല ആയും ദൈവപുത്രനെ കുരിശിക്കാനുള്ള ദുരാലോചനകളുടെ ഇടമാക്കി. നമ്മുടെ ജീവിതത്തിൽ ഇന്നും രക്ഷിതാവിനെ ഒറ്റിക്കൊടുക്കുന്ന അനുഭവങ്ങൾ ഇല്ലേ . അനുതപിക്കുവാനോ, തെറ്റ് ഏറ്റുപറയുവാനോ മനസ്സില്ലാത്തവർ അല്ലേ നാം .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ഓശാന പെരുന്നാളിൽ രാജാവായ രക്ഷകനെ നമുക്ക് എതിരേൽക്കാം. ആർപ്പുവിളികൊണ്ട് മാത്രമല്ല ഹൃദയംകൊണ്ട്. കുരുത്തോല ഏത്തി പ്രദക്ഷിണത്തിൽ പങ്കുകൊള്ളുമ്പോൾ ജയത്തിന്റെ അടയാളം ആണ് കൈയ്യിൽ ഏന്തുന്നത് എന്ന് പൂർണ്ണ ബോധ്യം ഉണ്ടാവണം. ശത്രുവാകുന്ന സാത്താന് മേലുള്ള ജയം. ഇനി ജീവിതകാലം രക്ഷകനോടൊത്ത് വസിക്കുവാനുള്ള അനുഗ്രഹത്തിന്റെ യാത്ര ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഓശാന ഓശാന ദാവീദിൻ സുതന് ഓശാന

ദൈവം പരിപാലിക്കട്ടെ

പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907