ഫാ. ഹാപ്പി ജേക്കബ്ബ്

ന്യായപ്രമാണ സൂചനകളെ നിറവേറ്റുവാൻ മാളിക മുറിയിൽ നമുക്ക് വേണ്ടി സ്വയം പെസഹ ആയി ഭവിച്ച ദിവ്യബലിയിൽ നമുക്കും പങ്കാളികളാകാം. അതുവരെയും പിന്തുടർന്ന ന്യായപ്രമാണ ആചരണം കാളകൾ, കാളക്കുട്ടികൾ, ആട്ടിൻകുട്ടികൾ/ മുട്ടാടുകളെ എല്ലാറ്റിനേയും നീക്കി പുതിയ ഉടമ്പടി സ്ഥാപിക്കുന്നു.

ആ സന്ധ്യയിൽ ഗുരു പുതിയ രീതി അവരെ പഠിപ്പിക്കുന്നു. ഹൃദയവേദനയിൽ അവൻ എഴുന്നേറ്റ് തൂവാല എടുത്ത് അരിയിൽ ചുറ്റി അവരെ ശുശ്രൂഷിക്കാൻ ആരംഭിക്കുന്നു. കൂടെ ഉള്ളവർക്ക് തീരെ ഉൾക്കൊള്ളുവാൻ പറ്റാത്ത പുതിയ ആചരണം . അവൻ ഓരോരുത്തരുടെയും പാദങ്ങൾ കഴുകി. അവരെ പഠിപ്പിച്ചു ഒരുവൻ നേതാവാകാൻ ആഗ്രഹിച്ചാൽ അവൻ ശുശ്രൂഷകനാകണം. ഇത് ഒരിക്കൽ സംഭവിച്ചതാണ് എന്ന് വിശ്വസിക്കുന്ന നാം തിരിച്ചറിയണം ഇന്നും ഇതിൻറെ പ്രസക്തി. ഈ ദിനത്തിൽ അവിശ്വാസത്തിൽ നിന്ന് വിശ്വാസത്തിലേക്കും വഴിതെറ്റിൽ നിന്നും സത്യവഴിയിലേയ്ക്കും ഉള്ള ആത്മീയ മാറ്റം നമുക്ക് ഉണ്ടാകണം. കഴിഞ്ഞ നാളുകളിലെ ആചരണങ്ങൾ മാറി പക്ഷേ അക്ഷയമായ യഥാർത്ഥ ജീവനെ കണ്ടെത്തുവാനുള്ള ദിനമായി നാം മാറ്റുക എന്നതാണ് പ്രധാന സന്ദേശം.

ആ സന്ധ്യയിൽ താൻ സ്വയം ബലിയായി അവർക്കായി സമർപ്പിച്ചു. മലയുടെ മുകളിൽ വച്ച് ഇസഹാക്കിന് പകരം ബലിയായി തീർന്ന കുഞ്ഞാടും നമ്മുടെ കർത്താവ് തന്നെ അല്ലേ. ആ സംഭവം തന്നെ അല്ലേ ഇന്നും അനുസ്മരിക്കുന്നത്. രഹസ്യം എന്നു വിളിക്കുന്ന മർമ്മം ഇന്ന് നീ ഞങ്ങൾക്ക് വെളിപ്പെടുത്തി തന്നു. തിരുക്കരങ്ങളിൽ അപ്പം എടുത്ത് വാഴ്ത്തി മുറിച്ച് തന്റെ ബലിയായി ദൃഷ്ടാന്തികരിച്ചു. വീഞ്ഞും വെള്ളവും ചേർന്ന് കലർത്തിയ കാസ അവർക്കായി നൽകി കാൽവരിയിൽ ചൊരിഞ്ഞ രക്തത്തെ നീ ഞങ്ങൾക്ക് കാട്ടിത്തന്നു. ഞാൻ വീണ്ടും വരുന്നത് വരെ ഇപ്രകാരം ചെയ്യും എന്ന് അവിടുന്ന് നമ്മെ ഭരമേൽപ്പിച്ചു.

പുതിയത് ഭരമേൽപ്പിച്ചത് പോലെ പല പഴയ രീതികളും അവൻ മാറ്റിമറിച്ചു. അത് വരെയും പിന്തുടർന്ന മൃഗബലി നിർത്തലാക്കപ്പെട്ടു. പുളിപ്പില്ലാത്ത അപ്പത്തിന്റെയും കയ്പ് ചീരയുടെയും പെരുന്നാൾ കത്തൃ ശരീര രക്തങ്ങളുടെ സ്വീകരണമായി മാറ്റി. ഒരിക്കലായി നൽകിയ അനുഭവം ദൈവിക ജീവിത നാളുകളിലെ ദിവ്യ ആഹാരമായി – വിശുദ്ധ കുർബാനയായി രൂപാന്തരപ്പെടുത്തി.

ഈ ദിവസം ഞങ്ങളും പ്രാർത്ഥിക്കുന്നു. ഈ പെസഹായാൽ നിൻറെ ഭവനാവകാശത്തിൽ ഞങ്ങളേയും ചേർക്കണമേ . ബഹിഷ്കരിക്കപ്പെട്ട , ഒരൊറ്റുകാരനായ യൂദയുടെ അനുഭവത്തിൽനിന്ന് ഞങ്ങളുടെ ജീവിതങ്ങളെ ഈ പെസഹായ ഈ പെസഹായാല്‍ രൂപാന്തരപ്പെടുത്തണമേ. ഈ പെസഹായാല്‍ ഞങ്ങളുടെ രോഗങ്ങളെ സുഖപ്പെടുത്തണമേ. ദുഃഖിതരെ ആശ്വസിപ്പിക്കേണമേ. ഇതായിരിക്കണം നമ്മുടെ പ്രാർത്ഥന. പെസഹ വിരുന്നു മാത്രമല്ല പെസഹ ബലി ആയി നാം മനസ്സിലാക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ ഉടമ്പടി ആയി നമുക്ക് ലഭിച്ച ഈ പെസഹ അനുഭവം പഴയ പെസഹാ യെ മാറ്റുന്ന തിരുശരീര രക്തങ്ങളുടെ അനുഭവം നൽകുന്ന പുതിയ അനുഭവം ആയി നാം സ്വീകരിക്കുന്നു . ഇത് ആവർത്തിക്കുവാനുള്ള അനുവാദമായി. നാമോരോരുത്തർക്കും പുതിയ നിയമ പൗരോഹിത്യം നമുക്കായി അവൻ തന്നു .

ആയതിനാൽ ഈ ശ്രേഷ്ഠദിനം അതിശ്രേഷ്ഠമായി നാം ആചരിക്കുക. നിത്യജീവനിലേയ്ക്കുള്ള യാത്രയ്ക്കുള്ള നിത്യാഹാരമായി നമുക്ക് ഇത് കൈക്കൊള്ളാം. ദൈവം അനുഗ്രഹിക്കട്ടെ.

പ്രാർത്ഥനയിൽ

ഹാപ്പി അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907