ന്യൂഡല്‍ഹി: സ്ത്രീപീഡകര്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയ സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന് പത്മശ്രീ ബഹുമതി. ആന്ധ്രപ്രദേശ് സര്‍ക്കാരാണ് സുനിതയെ നാമനിര്‍ദേശം ചെയ്തത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ ഈ പാലക്കാട്ടുകാരി തുടക്കം കുറിച്ച സ്ത്രീ പീഡകര്‍ക്കെതിരെ ഷെയിം ദി റേപ്പിസ്റ്റ് ക്യാംപയിന്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥിയാണ് സുനിത.
പാലക്കാട് സ്വദേശികളായാണ് സുനിതയുടെ മാതാപിതാക്കള്‍. ബാംഗ്ലൂരിലായിരുന്നു പഠനം. പതിനഞ്ചാം വയസ്സില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സുനിത, ആ സംഭവത്തില്‍ തളരാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ലൈംഗിക ചൂഷണങ്ങള്‍ക്കും മനുഷ്യക്കടത്തിനും എതിരായ പോരാട്ടങ്ങള്‍ക്കുള്ള പ്രചോദനമാക്കി അതിനെ മാറ്റുകയും ചെയ്തു.
1996ല്‍ ബംഗളൂരുവില്‍ നടന്ന ലോകസുന്ദരി മത്സരത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചാണ് സുനിത പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ലൈഗികപീഡനത്തിന്റെയും വേശ്യാവൃത്തിയുടെയും ഇരകളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടൊപ്പം മാനസികരോഗികളുടെ പുനരധിവാസം, മനുഷ്യവാണിഭത്തിനിരയായവരുടെ സംരംക്ഷണം, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവന്നവരുടെ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനം നടത്തുന്നു. ഇതിനായി സുനിത പ്രജ്വല എന്ന സംഘടനയ്ക്ക് രൂപംകൊടുത്തു. വേശ്യാലയങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വിദ്യാഭ്യാസവും ജോലിയും നല്‍കി രക്ഷപ്പെടുത്തുന്നതിനൊപ്പം അവരുടെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന ‘പ്രജ്വല’യ്ക്ക് 17 കേന്ദ്രങ്ങളുമുണ്ട്.
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ സുനിത ഷെയിം ദി റേപ്പിസ്റ്റ് ക്യാംപയിനിന് തുടക്കമിട്ടത്. കൂട്ടബലാത്സംഗം നടത്തുന്നതിനിടെ ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന അഞ്ചുപേരുടെ വീഡിയോ സുനിത യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ബലാത്സംഗം ചെയ്യുന്നവരെ അവഹേളിക്കുന്നതിനും ശിക്ഷിക്കുന്നതിനും വേണ്ടിയാണ് ക്യാംപയിന്‍. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ചിരിച്ചു കൊണ്ട് നോക്കിയിരിക്കുന്ന അഞ്ചുപേരുടെ വീഡിയോ പുറത്തുവിട്ടായിരുന്നു തുടക്കം.
സുനിത കൃഷ്ണന്റെ അനുഭവങ്ങളെ ആധാരമാക്കി നിര്‍മ്മിച്ച ‘എന്റെ’ എന്ന ചലച്ചിത്രം ഭര്‍ത്താവും ചലച്ചിത്ര പ്രവര്‍ത്തകനുമായ രാജേഷ് ടച്ച്‌റിവര്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറക്കിയിരുന്നു. ആന്ധ്രപ്രദേശില്‍ താമസമായിക്കിയ സുനിത ആന്ധ്ര വനിതാ കമ്മീഷന്‍ അംഗമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ 2002 അശോക ഫെലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സുനിതക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാം ലോകരാജ്യങ്ങളില്‍ വനിതകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുവര്‍ക്ക് യുഎന്‍ നല്‍കുന്ന പെര്‍ഡിറ്റ ഹുസ്റ്റണ്‍ പുരസ്‌കാരം 2006ല്‍ സുനിതയ്ക്ക് ലഭിച്ചിരുന്നു. 2011ലെ ഇന്ത്യാവിഷന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അന്തര്‍ദേശീയ സംഘടനയായ ഹ്യൂമന്‍ സിംഫണി ഫൗണ്ടേഷന്റെ 2013 ലെ ലിവിംഗ് ലെജന്‍ഡ് അവാര്‍ഡും നേടിയിട്ടുണ്ട്.
പത്മ അവാര്‍ഡുകള്‍ക്കായി കേരളം നല്‍കിയ ലിസ്റ്റില്‍ നിന്നും മുന്‍ സിഎജി വിനോദ് റായിയെ മാത്രമാണ് പരിഗണിച്ചത്. ഇദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. ഗാന്ധിയന്‍ പിപി ഗോപിനാഥന്‍ നായര്‍ക്കും പ്രവാസി ഇന്ത്യക്കാരനായ വ്യവസായി ഡോ. സുന്ദര്‍ ആദിത്യ മേനോനും പത്മശ്രീ അവാര്‍ഡുണ്ട്.