ലണ്ടന്‍: വലിയ ചോക്കളേറ്റ് ബാറുകളും മിഠായി ബാഗുകളും എന്‍എച്ച്എസ് ആശുപത്രികളുടെ പടിക്ക് പുറത്തേക്ക്. പൊണ്ണത്തടി എന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പഞ്ചസാര ഉല്‍പന്നങ്ങള്‍ ആശുപത്രി പരിസരത്ത് നിരോധിക്കുന്നത്. ജനങ്ങളുടെ ദുര്‍മേദസ് എന്‍എച്ച്എസിനെ തകര്‍ക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ജീവിതശൈലി രോഗങ്ങള്‍ക്ക് ഏറ്റവും വലിയ കാരണക്കാരനാണ് പഞ്ചസാരയുടെ അമിത ഉപയോഗവും അതിലൂടെയുണ്ടാകുന്ന അമിത വണ്ണവും. ജീവിതശൈലി രോഗങ്ങളുടെ ചികിത്സ എന്‍എച്ച്എസിനു മേല്‍ അമിതഭാരമാണ് സൃഷ്ടിക്കുന്നത്.
അതുകൊണ്ടുതന്നെ ആശുപത്രി പരിസരങ്ങളില്‍ പഞ്ചസാരയടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ക്കുള്ളിലെ കടകള്‍ പഞ്ചസാരയടങ്ങിയ പാനീയങ്ങളും മിഠായികളും സ്‌നാക്കുകളും വില്‍പനയ്ക്ക് എത്തിച്ചിരുന്നു. ഇവ രോഗികളും അവരുടെ ബന്ധുക്കളും സന്ദര്‍ശകരും മാത്രമല്ല, എന്‍എച്ച്എസ് ജീവനക്കാരും വാങ്ങി ഉപയോഗിക്കുന്നു. 13 ലക്ഷം എന്‍എച്ച്എസ് ജീവനക്കാരില്‍ 7,00,000 പേര്‍ അമിതവണ്ണമുള്ളവരോ അമിത ശരീരഭാരമുള്ളവരോ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആശുപത്രികളിലെ ഷോപ്പുകളില്‍ 250 കലോറിക്കു മുകളിലുള്ള മധുരപലഹാരങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് സ്റ്റീവന്‍സ് നിര്‍ദേശം നല്‍കി.
സാധാരണ ചോക്കളേറ്റ് ബാറുകള്‍ 250 കലോറി മാത്രമേ ഉണ്ടാകാറുള്ളു. എന്നാല്‍ വലിയ ബാറുകള്‍ അതിനും മേലെയായതിനാല്‍ നിരോധനത്തിന്റെ പരിധിയില്‍ വരും. ഗ്രാബ് ബാഗുകളും ഈ പരിധിയില്‍ വരുമെന്നാണ് അറിയിപ്പ്. പ്രതിരോധിക്കാന്‍ കഴിയുന്ന പ്രമേഹം, ദന്തക്ഷയം, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ എന്നിവയാണ് അമിതവണ്ണം മനുഷ്യന് സമ്മാനിക്കുന്നത്. പഞ്ചസാര ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യും. ദുര്‍മേദസിനെ പകര്‍ച്ചവ്യാധി എന്നാണ് എന്‍എച്ച്എസ് വിശേഷിപ്പിക്കുന്നത്.
Leave a Reply