ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡെവൺ : ഡെവണിൽ ആഡംബര ബോട്ട് (superyatch) തീപിടിച്ച് മുങ്ങി. ടോർക്വയ് ഹാർബറിൽ ഇന്നലെ ഉച്ചയ്ക്ക് 12:10നാണ് 85 അടിയുള്ള റെൻഡസ്വസ് എന്ന ആഡംബര ബോട്ട് കത്തിയമർന്നത്. ബോട്ടിൽ 2,000 ഗാലൻ ഇന്ധനം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തീപിടുത്തം മൂലമുണ്ടായ പുക പരിസരപ്രദേശത്ത് വ്യാപിച്ചതോടെ വാതിലുകളും ജനലുകളും അടച്ചിടാൻ ആളുകൾക്ക് നിർദേശം നൽകി. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് അറിയിച്ചു. എന്നാൽ കപ്പലിൽ നിന്ന് എണ്ണചോർച്ച ഉണ്ടായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഡംബര ബോട്ടിൽ ഉണ്ടായിരുന്ന ഒമ്പത് ടൺ ഡീസൽ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകിയതായി സൗത്ത് വെസ്റ്റ് എൻവയോൺമെന്റ് ഏജൻസി പറഞ്ഞു. ഏകദേശം 2,000 ഗാലൻ ഇന്ധനം ബോട്ടിൽ ഉണ്ടെന്നും ജീവനക്കാർ തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും ഡെവൺ ആൻഡ് സോമർസെറ്റ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അറിയിച്ചിരുന്നു. തീ അണയ്ക്കുന്നതിന്റെ ഭാഗമായി ഹാർബറും ബീച്ചും അടച്ചിട്ടു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സൗത്ത് ഡെവോണിലും ന്യൂട്ടൺ അബോട്ടിലും ഷാൽഡണിലും പുക ഉയർന്നതായി ദൃക്സാക്ഷികൾ വിവരിച്ചു. വലിയ ശബ്ദം കേട്ടെന്നും തുടർന്ന് കടൽത്തീരത്തേക്ക് പോയപ്പോൾ തീ ആളിപടരുന്നത് കണ്ടെന്നും ദൃക്സാക്ഷികളിൽ ഒരാളായ ജോസഫ് ബാർലോ വെളിപ്പെടുത്തി.