റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളുടെ പേരിലും രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അര്‍ണാബ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് സിബിഐക്ക് കൈമാറണമെന്ന അര്‍ണാബിന്‍റെ ആവശ്യവും സുപ്രീം കോടതി നിരാകരിക്കുകയും ചെയ്തു. കേസുകള്‍ റദ്ദാക്കാന്‍ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിയില്‍ അര്‍ണാബ് ഗോസ്വാമി റിട്ട് ഹര്‍ജി ആണ് ഫയല്‍ ചെയ്തത്. എന്നാല്‍ റിട്ട് ഹര്‍ജിയില്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ ഗോസ്വാമിക്ക് അധികാരപ്പെട്ട കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം അര്‍ണാബ് ഗോസ്വാമിക്കെതിരേ ഇതേ വിഷയത്തില്‍ മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഏപ്രില്‍ 21 ന് ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഇനി ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേയ്ക്ക് കൂടി കോടതി തടയുകയും ചെയ്തു.
അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ച് പറയാനുളള മൗലികമായ അവകാശം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും എന്നാല്‍ എന്തും വിളിച്ച് പറയാനുള്ള അവകാശമല്ലിതെന്നും ഹര്‍ജിയില്‍ വിധി പ്രസ്താവിച്ച് കൊണ്ട് കോടതി വ്യക്തമാക്കുകയും ചെയ്തു.
Leave a Reply