ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ തർക്കങ്ങൾ കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അത്തരം വിഷയങ്ങൾ കോടതിക്ക് പുറത്താണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈക്കോടതി തള്ളിയ ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും മുമ്പ് തന്നെ അന്വേഷണ ആവശ്യം തള്ളിയിരുന്നു. ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു, “ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എംഎൽഎ മികച്ച സേവനം ചെയ്യുന്നുവെങ്കിലും, അത് എല്ലായിടത്തും പ്രാവർത്തികമാക്കാനാകില്ല.”
അതേസമയം, എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28, 29 തീയതികളിൽ ദില്ലി ഹൈക്കോടതിയിൽ നടക്കും. സാങ്കേതിക കാരണങ്ങളാൽ ഹർജി തള്ളിയതാണെന്നും, മാസപ്പടി വിഷയത്തിൽ രാഷ്ട്രീയവും നിയമവുമായ പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
Leave a Reply