ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നിതംബ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയ നടത്തിയ ബ്രിട്ടീഷ് യുവതി മണിക്കൂറുകൾക്കകം മരിച്ചു. മുപ്പത്തിനാലുകാരിയും അഞ്ചു കുട്ടികളുടെ മാതാവുമായ ആലീസ് വെബ് ആണ് തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് മരണത്തിന് കീഴടങ്ങിയത്. യുകെയിൽ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം മരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഇവർ. മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും, രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗ്ലോസെസ്റ്റർഷയർ പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ശസ്ത്രക്രിയ നടത്തിയ സർജന്മാരിൽ ഒരാളാണ് അറസ്റ്റിൽ ആയതെന്ന് പുറത്തുവന്നിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നു. ഗ്ലൗസെസ്റ്റർഷെയറിൽ വട്ടൺ-അണ്ടർ-എഡ്ജിലെ ക്രിസ്റ്റൽ ക്ലിയർ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു എസ്തെറ്റിക് പ്രാക്ടീഷണറായിരുന്ന ആലീസ്. ഭർത്താവിനും അഞ്ചു കുട്ടികൾക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് ആലിസിന്റെ സുഹൃത്ത് അബിഗയിൽ ഇർവിൻ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഇത്തരത്തിലുള്ള സർജറികൾ നടത്തുന്നത് സംബന്ധിച്ചുള്ള നിയമങ്ങളിൽ ഗവൺമെന്റ് കൂടുതൽ കർശനമാക്കണമെന്ന് മുൻപ് തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്ന് ‘സേവ് ഫേസ് ‘ എന്ന ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ആഷ്ടൺ കോളിൻസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള നൂറുകണക്കിന് പരാതികളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും, സെപ്സിസ് മൂലമാണ് പല മരണങ്ങളും സംഭവിക്കുന്നതെന്നും അടിയന്തര നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തിൽ ‘സേവ് ഫേസ് ‘ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, സ്തന വളർച്ച ശസ്ത്രക്രിയകൾ, ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധനയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം ശസ്ത്രക്രിയകൾ നിരവധി പേരിൽ ഇൻഫെക്ഷൻ, സെപ്സിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാവുകയും, അത് ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കൃത്യമായ വൈദഗ്ധ്യം ഉള്ള ഡോക്ടർമാർ ശസ്ത്രക്രിയ നടത്താത്തത് കൂടുതൽ ഭീഷണികൾ ഉണ്ടാക്കുന്നു. ജനങ്ങളുടെ സുരക്ഷ മാനിച്ചു ഈ പ്രക്രിയകൾ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവതിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. തുർക്കി, മെക്‌സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം പ്രക്രിയകൾക്ക് ചിലവ് കുറവായതിനാൽ, അവിടെ പോയി ശസ്ത്രക്രിയ നടത്തുന്നത് നിരവധി ബ്രിട്ടീഷ് വനിതകളാണ്. എന്നാൽ അവരിൽ പലരും മരണത്തിന് കീഴടങ്ങുന്നത് വാർത്തയാകുന്നില്ല. ഇത്തരത്തിൽ ആദ്യമായാണ് യുകെയിൽ ബ്രസീലിയൻ ബട്ട് ലിഫ്റ്റ് പ്രക്രിയ മൂലം ഒരാൾ മരണപ്പെടുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധർ.