ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ നിന്ന് ഏകദേശം 1,500 മൈൽ അകലെനിന്ന് ലണ്ടനിലെ ഒരു രോഗിക്ക് ശസ്ത്രക്രിയ നിർവഹിച്ച് വൈദ്യശാസ്ത്ര രംഗത്ത് ബ്രിട്ടീഷ് ഡോക്ടർമാർ കൈവരിച്ചിരിക്കുന്ന നേട്ടം വൻ വാർത്താ പ്രധാന്യം ആണ് നേടിയിരിക്കുന്നത് . ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ശസ്ത്രക്രിയാ സംഘം ഇറ്റലിയിലെ റോബോട്ടിക് സർജറി വിദഗ്ധന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. എൻഡോമെട്രിയോസിസ് ബാധിച്ച രോഗിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇറ്റലിയിലെ റോമിൽ നിന്ന് റോബോട്ടിക് സംവിധാനം നിയന്ത്രിച്ചാണ് വിദഗ്ധൻ ലണ്ടനിലെ ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയ നടത്തിയത്. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷനും അത്യാധുനിക റോബോട്ടിക് സർജറി സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് സാധ്യമായത്. രോഗിയുടെ ശരീരത്തിൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് ഉപകരണങ്ങൾ ഡോക്ടർ ദൂരത്തിൽ നിന്ന് നിയന്ത്രിക്കുകയും ലണ്ടനിലുള്ള ശസ്ത്രക്രിയാ സംഘം ആവശ്യമായ സഹായം നൽകുകയും ചെയ്തു. ദൂരെയുള്ള വിദഗ്ധരുടെ പരിജ്ഞാനം രോഗികൾക്ക് എത്തിക്കാനുള്ള വലിയ മുന്നേറ്റമായി ഇതിനെ വിലയിരുത്തുന്നു.

ഭാവിയിൽ പ്രത്യേക വൈദ്യഗ്ദ്യം നേടിയ വിദഗ്ധരുടെ സേവനം ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും രോഗികൾക്ക് ലഭ്യമാക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് വിദഗ്ധർ പറയുന്നു. യാത്ര ചെയ്യാൻ കഴിയാത്ത രോഗികൾക്കും അത്യാഹിത സാഹചര്യങ്ങളിലും ഇതിലൂടെ ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. അതേസമയം സുരക്ഷയും ഇന്റർനെറ്റ് ബന്ധത്തിന്റെ സ്ഥിരതയും ഉറപ്പാക്കുന്നത് ഇത്തരം ദൂരശസ്ത്രക്രിയകൾ വ്യാപകമാക്കാൻ നിർണായകമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.











Leave a Reply