പത്തനാപുരം ഗർഭാശയ മുഴ നീക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം വയർ കൂട്ടി യോചിപ്പിക്കാനാവാതെ ദുരിത ജീവിതം അനുഭവിക്കുകയാണ് വാഴപ്പാറ സ്വദേശിനി ഷീബ (48). കുവൈറ്റിൽ വീട്ട് ജോലി ചെയ്യുകയായിരുന്ന ഷീബ കൊറോണ കാലത്ത് നാട്ടിലെത്തുകയായിരുന്നു. ഗർഭാശയത്തിൽ മുഴ കണ്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും ചെയ്തു.
അതേസമയം ഒന്നര മാസത്തിന് ശേഷം ശസ്ത്രക്രിയ ചെയ്തതിന് സമീപത്തായി വീണ്ടും മുഴയുടെ രൂപത്തിൽ കല്ലിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വീണ്ടും ഇതാവർത്തിച്ചതോടെ ആശുപത്രി ചികിത്സ നിഷേധിച്ചു. തുടർന്ന് ഷീബ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മാസങ്ങളുടെ ഇടവേളയിൽ അഞ്ചോളം ശസ്ത്രക്രിയകൾ വീണ്ടും നടത്തി.
ഇനി ശസ്ത്രക്രിയ നടത്താൻ സാധിക്കില്ലെന്നും വയർ കൂട്ടിയോജിപ്പിക്കാൻ ആവില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി ഷീബ പറയുന്നു. ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ആവിശ്യമായ സഹായം ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഷീബ ആരോപിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് മുറിയെടുത്ത് മാറണമെന്ന് ആവിശ്യപെടുകയായിരുന്നു. പണമില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങിയെന്നും രക്തത്തിൽ കുളിച്ചാണ് വീട്ടിലെത്തിയതെന്നും ഷീബ പറയുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയാൻ സമ്മതിച്ചില്ല. തുടർന്ന് നിരവധിപേർക്ക് പരാതി നൽകിയെങ്കിലും ഒന്നിനും നടപടിയുണ്ടായില്ലെന്നും ഷീബ പറയുന്നു. വയർ തുറന്ന നിലയിലായതിനാൽ ഉള്ളിലെ അവയവങ്ങൾ കാണുന്ന തരത്തിലാണ് പലപ്പോഴും അണുബാധ ഉണ്ടാകുന്നതായും ഷീബ പറയുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സ പിഴവാണ് കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വാദം.
Leave a Reply