ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്ലിഫ്റ്റണിലെ പാലത്തിൽ രണ്ട് സ്യൂട്ട് കേസുകളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം നടത്തിയതായി കരുതുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്രിസ്റ്റോളിലെ ടെംപിൾ മീഡ്‌സ് സ്‌റ്റേഷനിൽ സായുധ ഉദ്യോഗസ്ഥരാണ് 34കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലത്തിൽ രണ്ട് സ്യൂട്ട് കേസുകളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കൂടാതെ ലണ്ടനിലെ ഷെപ്പേർഡ്സ് ബുഷിലെ ഫ്ലാറ്റിലും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് കടുത്ത ഭീതിയും ദുരൂഹതയും സൃഷ്ടിച്ചിരുന്നു. യുകെയിലെ എല്ലാ ദേശീയ മാധ്യമങ്ങളും ഈ കൊലപാതകം വൻ വാർത്തയാക്കിയിരുന്നു. കടുത്ത ഭീതിയും ദുരൂഹതയും സൃഷ്ടിച്ച കൊലപാതകത്തിൽ സുപ്രധാന സംഭവവികാസമാണ് പ്രതിയെന്ന് കരുതുന്ന വ്യക്തിയുടെ അറസ്റ്റ് എന്ന് മെറ്റ്സ് ഡെപ്യൂട്ടി അസിസ്റ്റൻ്റ് കമ്മീഷണർ ആൻഡി വാലൻ്റൈൻ പറഞ്ഞു.
രണ്ട് സ്യൂട്ട്കേസുകളിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങൾ രണ്ടുപേരുടേതാണെന്ന് പോലീസ് വെളിപ്പെടുത്തി. തുടർ അന്വേഷണത്തിൽ ലണ്ടനിലെ സ്കോട്ട്സ് റോഡിലെ ഒരു ഫ്ലാറ്റിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് സംഭവത്തിൻ്റെ ദുരൂഹത കൂട്ടിയിരുന്നു . സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു . സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച സ്ഥലത്തേയ്ക്ക് ഇയാളെ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മരിച്ചയാളുകളെ തിരിച്ചറിയുക, അടുത്ത ബന്ധുക്കളെ കണ്ടെത്തുക എന്നിവയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ
Leave a Reply