ന്യൂസ് ഡെസ്ക്
എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് ഹെൽത്ത് കെയർ പ്രഫഷണൽ അറസ്റ്റിലായി. ഇവരെ കൊലപ്പെടുത്തിയതാണ് എന്ന സംശയമുയർന്നതിനാലാണ് അറസ്റ്റ്. മറ്റ് ആറു കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതായും കരുതപ്പെടുന്നു. സാധാരണയിലും ഉയർന്ന നിരക്കിലുള്ള ശിശു മരണ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തു കൊണ്ടുവന്നത്.
ചെസ്റ്ററിലെ കൗന്റെസ് ഹോസ്പിറ്റലിലാണ് നവജാതശിശുക്കളെ വനിതാ കെയർ വർക്കർ അപായപ്പെടുത്തിയത്. ജൂൺ 2015 നും ജൂൺ 2016നും ഇടയിലാണ് സംഭവം നടന്നത്. ഇതു കൂടാതെ 15 ഓളം ശിശുക്കൾക്ക് ഉണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെയാണ് ചെസ്റ്റർ പോലീസ് കെയർ വർക്കറെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായിരിക്കുന്നത് ഡോക്ടറോ, നഴ്സോ, മറ്റു കെയർ വർക്കറോ ആണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിലാണ്.
ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിന് അടുത്തുള്ള ഒരു പ്രോപ്പർട്ടി പോലീസ് സീൽ ചെയ്തിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. വളരെ സങ്കീർണ്ണമായ അന്വേഷണമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
Leave a Reply