മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ ഒരാൾക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും അതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും അടുപ്പക്കാരോടു പറഞ്ഞിരുന്നതായി പൊലീസ്. എന്നാൽ സനുവിന്റെ അക്കൗണ്ടുകളിൽ സമീപകാലത്തു വലിയ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
സനുവിന്റെ കൈയിൽ 3 ഫോണാണുള്ളത്. 3 ഫോണുകളും 21 മുതൽ സ്വിച്ചോഫ് ആണ്. സനുവിന്റെ 2 ഫോണുകളും ഭാര്യയുടെ ഫോണുമാണിത്. കാണാതാകുന്നതിനു മുൻപു സനു ഒരു ഫോൺ കങ്ങരപ്പടിയിൽ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവയുടെയെല്ലാം കോൾ, എസ്എംഎസ് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ചില നമ്പറുകൾ നിരീക്ഷണത്തിലാണ്. സനുവിന്റെ ആധാർ കാർഡ് വച്ച് പുതിയ സിം എടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പണം നൽകാനുള്ളവരുമായി സംഘർഷമുണ്ടാവുകയും വൈഗ അതിൽ അകപ്പെടാനുമുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫ്ലാറ്റിൽ നിന്നു വൈഗയെ തോളിൽ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഫ്ലാറ്റിൽ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘർഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങൾ മുറിയിൽ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തിൽ പരുക്കൊന്നുമില്ലായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. മുങ്ങി മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.
സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്.
Leave a Reply