സ്വർണക്കടത്ത് കേസിൽ നാളെ നിർണായകം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കറിനെ നാളെ വീണ്ടും ചോദ്യംചെയ്യും. ഇതു മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു.

നാളെ എൻഐഎ തന്നെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുക. കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനു നോട്ടീസ് നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശിവശങ്കര്‍, ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചു.

സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് ചോദ്യം ചെയ്യൽ. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും ശിവശങ്കർ സ്വര്‍ണക്കടത്ത് അറിഞ്ഞോ, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.

ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറിനോട് ചോദിക്കുക. ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ പകർത്തും. എൻഐഎ ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക.

അതേസമയം, സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌ന മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. സ്വർണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയാണെന്ന് സ്വപ്‌ന പറഞ്ഞതായാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോൺസുലേറ്റ് അധികാരികളെ കൂടുതൽ സമ്മർദത്തിലാക്കുന്നതാണ് സ്വപ്‌നയുടെ മൊഴി. ഓരോ തവണ സ്വര്‍ണം കടത്തുന്നതിനും അറ്റാഷെയ്‌ക്ക് കമ്മിഷന്‍ നല്‍കിയിരുന്നുവെന്നും ഒരു കിലോ സ്വര്‍ണത്തിന് 1,000 ഡോളര്‍ ആയിരുന്നു അറ്റാഷെയ്ക്ക് നല്‍കിയിരുന്ന പ്രതിഫലമെന്നും സ്വപ്‌ന പറഞ്ഞതായാണ് സൂചന.

ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും ശിവശങ്കറിനു സ്വർണക്കടത്തിൽ യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്. “സ്വർണക്കടത്ത് പിടിക്കുമെന്നായപ്പോൾ അറ്റാഷെ കെെയൊഴിയുകയായിരുന്നു. സ്വർണം പിടികൂടിയ ദിവസം തിരികെ അയക്കാൻ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ടാണ് മെയിൽ അയച്ചപ്പോൾ അറ്റാഷെയ്‌ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർക്കും അതിന്റെ കോപ്പികൾ വച്ചത്,” സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകിയതായി പറയുന്നു.

കോൺസുലേറ്റ് ജനറലിന്റെ അറിവോടെയാണ് സ്വർണക്കടത്ത് ആദ്യം നടത്തിയത്. കോവിഡ് തുടങ്ങിയപ്പോൾ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിയതോടെ അറ്റാഷെയെ സ്വർണക്കടത്തിൽ പങ്കാളിയാക്കുകയായിരുന്നുവെന്നാണ് സ്വപ്‌ന മൊ‍ഴി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായി സ്വപ്‌ന മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വളരെ വെെകാരികമായാണ് സ്വപ്‌ന മൊഴി നൽകിയത്. അറ്റാഷെയെ സാധിക്കുമെങ്കിൽ പിടികൂടണമെന്ന് സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് വിവരം.

കോൺസുലേറ്റ് ജീവനക്കാരെ പ്രതിരോധത്തിലാക്കുന്ന മൊഴി തന്നെയാണ് സരിത്തും റമീസും സന്ദീപ് നായരും നൽകിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഓരോ തവണ പാഴ്‌സൽ വരുമ്പോഴും പാഴ്‌സലിന്റെ കനം പരിഗണിച്ച് കോൺസുലേറ്റ് അറ്റാഷെയ്‌ക്ക് പ്രതിഫലം നൽകിയിരുന്നതായി സരിത്തും റമീസും സന്ദീപും മൊഴി നൽകിയതായാണ് സൂചന.