ദീപ പ്രദീപ് , ന്യൂസ് ഡെസ്ക് മലയാളം യുകെ
മനുഷ്യരാശിയുടെ എല്ലാ ശീലങ്ങളെയും തകിടം മറിച്ചുകൊണ്ടുള്ള ഒരു രോഗം സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന ഒരവസ്ഥയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. വ്യവസായം, ടൂറിസം, പൊതുഗതാഗതം എന്നിങ്ങനെയുള്ള ഏതു മേഖലയെക്കാളും പ്രതിസന്ധി ഉടലെടുത്ത മേഖലയാണ് വിദ്യാഭ്യാസം.
ഇതിനുമുമ്പും പകർച്ചവ്യാധികൾ വിദ്യാഭ്യാസമേഖലയെ ബാധിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,ഇന്നത്തെ അവസ്ഥയോളം രൂക്ഷമല്ലായിരുന്നു അവയൊന്നും. യുനെസ്കോ പുറത്തുവിട്ട കണക്കനുസരിച്ചു ലോകത്തെ വിദ്യാർത്ഥി ജനസംഖ്യയുടെ പകുതിയിലധികം ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്താണ് .ഈ പശ്ചാത്തലത്തിൽ, സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെ കേരള സി.ബി.എസ്.സി മാനേജ്‌മെന്റ് പുതിയ ഫീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ തീരുമാനത്തോടും ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളോടും പല സ്കൂൾ മാനേജ്‌മെന്റുകളും കണ്ണടയ്ക്കുകയാണ്.
ഓൺലൈൻ ക്ലാസ്സ് എടുക്കുന്ന ടീച്ചേഴ്സിന് ശമ്പളം കൊടുക്കണമെന്നുള്ള ന്യായമാണ് ഫീസ് പിരിച്ചെടുക്കുന്നതിന് പല സ്വകാര്യ സ്കൂൾ മാനേജ്‍മെന്റുകൾക്കുമുള്ള ന്യായീകരണം. മലയാളം യുകെയുടെ അന്വേഷണത്തിൽ അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അധ്യാപകർക്കുള്ള സാലറി ഗണ്യമായി വെട്ടിക്കുറച്ചിരിയ്ക്കുകയാണ്. പക്ഷെ ഫീസ് ഇനത്തിൽ ഒരു വെട്ടികുറവിനും ഇവർ തയാറായില്ല. ഓൺലൈൻ ക്ലാസ്സ് എടുക്കാൻ ഇന്റെർനെറ്റിൻെറ ചിലവ് വരെ സ്വന്തം കൈയിൽ നിന്ന് എടുക്കേണ്ട ഗതികേടിലാണ് പല സ്വകാര്യ സ്‌കൂളുകളിലെയും അധ്യാപകർ. ശരിയായ നെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ ടെറസ്സിലും പറമ്പിലും പോയി ക്ലാസ്സെടുക്കേണ്ട ഗതികേടിലാണ് പല അധ്യാപകരും. സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വൈഷമ്യങ്ങൾ ഗവൺമെന്റും കണ്ടില്ലെന്ന് നടിക്കുകയാണ്.
സാമാന്യയുക്തിയ്ക്ക് നിരക്കാത്ത രീതിയിൽ വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന കുട്ടികളുടെ മേൽ സ്വിമ്മിങ് ചാർജ് വരെ ഈടാക്കിയ സ്കൂളുകൾ കേരളത്തിൽ ഉണ്ട്. അധ്യയനം പഴയഗതിയിൽ എന്ന് തുടങ്ങും എന്ന ആശങ്ക വിദ്യാർത്‌ഥികളുടെയിടയിലും മാതാപിതാക്കളുടെയിടയിലും നിലനിൽക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ആനുവൽ ഫീയും നീന്തൽ ഫീയും എന്തിന്റെ പേരിൽ നൽകണമെന്ന ആശങ്കയിലാണ് രക്ഷകർതൃ സമൂഹം.
Leave a Reply