ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ പന്നിപ്പനി പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പന്നിപ്പനി രാജ്യത്ത് ആദ്യമായാണ് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ ആരോഗ്യമേഖലയിൽ നിന്നുള്ളവർ അതീവ ജാഗ്രതയോടെയാണ് പ്രശ്നത്തെ സമീപിക്കുന്നത്. നോർത്ത് യോർക്ക് ഷെയറിൽ ഉള്ള ഒരു രോഗി പനിയുമായി ജിപിയുടെ അടുത്ത് ചികിത്സയ്ക്കായി എത്തിച്ചേർന്നതാണ് രോഗം തിരിച്ചറിയാൻ കാരണമായത്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ വ്യക്തി വീട്ടിൽ സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ .

എങ്ങനെയാണ് രോഗം ഒരാൾക്ക് വന്നതിനെ കുറിച്ച് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിക്ക് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല. രോഗം ബാധിച്ച വ്യക്തി പന്നികളുമായി ഒരുതരത്തിലും ഇടപെട്ടിട്ടുള്ള ആളല്ല. അതുകൊണ്ടു തന്നെ രോഗത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഗൗരവതരത്തിലുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ രോഗബാധിതനായ ആളുടെ സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷിച്ചു വരുകയാണ്.


യുകെയിൽ മുമ്പൊരിക്കലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പന്നിപ്പനി ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്. രോഗം രാജ്യത്ത് വന്നതിനെ കുറിച്ച് സാധ്യമായ എല്ലാ രീതിയിലുമുള്ള അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ ചീഫ് സയൻറിഫിക് ഓഫീസർ ഡോ ഇസബെൽ ഒലിവർ പറഞ്ഞു. ഇനിയും തിരിച്ചറിയാത്ത പല കേസുകളും ഉണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ പബ്ലിക് ഹെൽത്ത് വിദഗ്ധനായ ഡോ. അസീം മജീദ് മാധ്യമങ്ങളോട് പറഞ്ഞു