സ്വന്തം ലേഖകൻ
ആധുനിക ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാമാരിയായ കോവിഡിൽ പകച്ച് ശാസ്ത്ര ലോകം. ഇത് വരെ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാൻ സാധിച്ചില്ലെന്നത് മാത്രമല്ല കോവിഡ് വന്നതിന്റെ ലക്ഷണങ്ങൾ കൃത്യമായി നിർവചിക്കാൻ കഴിയാത്തതുമാണ് ശാസ്ത്രലോകത്തെ കുഴയ്ക്കുന്നത്. അതോടൊപ്പം തന്നെ പലരും ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ തന്നെ കൊറോണ വൈറസിന്റെ വാഹകരാകുകയും ചെയ്യുന്നത് സമൂഹ വ്യാപന തോത് ക്രമാതീതമായി ഉയരാനും ഇടയായിട്ടുണ്ട്. ഏറ്റവും പുതിയതായി അമേരിക്ക ആസ്ഥാനമായുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുതിയ മൂന്ന് രോഗ ലക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ രോഗലക്ഷണങ്ങൾ.
രോഗബാധയുടെ തുടക്കത്തിൽ പനി, ചുമ, ശ്വാസതടസ്സം എന്നിവ മാത്രമായിരുന്നു ലക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ കോവിഡ് -19 ബാധയുടെ ലക്ഷണങ്ങളായി ഏജൻസി കണക്കാക്കിയിരുന്നവ പന്ത്രണ്ടായി ഉയർന്നു. പനി, ചുമ, വിറയൽ, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, തലവേദന, രുചി, മണം മുതലായവ കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കാത്ത അവസ്ഥ, തൊണ്ടവേദന എന്നിവയായിരുന്നു നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ മൂന്നു ലക്ഷണങ്ങൾ എന്നാണ് ഉൾപ്പെടുത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രായം കുറഞ്ഞവരിൽ ആണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
രോഗബാധ കൂടുന്ന സാഹചര്യത്തിൽ, പല രോഗികളിലും രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. രോഗബാധയുടെ തുടക്കത്തിൽ പനി ഇല്ലാത്തവർക്ക് രോഗം ഇല്ല എന്നാണ് കരുതിയിരുന്നത്. രോഗലക്ഷണങ്ങൾ കാണിക്കാത്തവരെ കൊറോണ വൈറസ് ടെസ്റ്റിന് വിധേയരാക്കിയിരുന്നില്ല. എന്നാൽ പിന്നീട് ലക്ഷണങ്ങൾ കാണിക്കാത്തവരിലും രോഗബാധ ഉണ്ടെന്ന് കണ്ടെത്തി.
കിഡ്നി രോഗികൾ, അമിതവണ്ണമുള്ളവർ, ഹൃദ്രോഗികൾ, ടൈപ്പ് ടു ഡയബറ്റിക് രോഗമുള്ളവർ, തുടങ്ങിയവർക്കാണ് കൊറോണ ബാധ ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ളതെന്ന് കഴിഞ്ഞ ആഴ്ച സിഡിസി പുറത്തിറക്കിയ ലിസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഗർഭിണികളും രോഗം വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവരാണ്. രോഗബാധയുള്ളവരിൽ പകുതി പേരും ലക്ഷണങ്ങൾ കാണിക്കാത്തവരാണ്. ഇപ്പോൾ പുതിയ മൂന്നു ലക്ഷണങ്ങളും കൂടി ഉൾപ്പെടുത്തിയതോടെ, രോഗബാധയെ നിയന്ത്രിക്കുവാൻ കഠിന പ്രയത്നം ആവശ്യമാണ് എന്ന നിഗമനത്തിലാണ് ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര രംഗം.
കൊറോണ ബാധയുടെ ഏറ്റവും അവസാനഘട്ടത്തിലാണ് ന്യൂമോണിയ ബാധിക്കുന്നത്. ഇതോടെ രോഗികൾക്ക് പലപ്പോഴും മരണം സംഭവിക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിത് എന്നാണ് ഏജൻസി നൽകുന്ന നിർദ്ദേശം.
Leave a Reply