ഷിബു മാത്യൂ
ചിത്രങ്ങള്‍. ജിമ്മി മൂലംകുന്നം
ബര്‍മ്മിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തിന് ബര്‍മ്മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരശ്ശീല വീണു. രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷനനോട് കൂടി ആരംഭിച്ച വനിതാ സമ്മേളനം പത്ത് മണിക്ക് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രൂപതയുടെ വികാരി ജനറാളന്മാര്‍, വൈദീക ശ്രേഷ്ഠര്‍, സന്യസ്തര്‍, വിമന്‍സ് ഫോറം രൂപത റീജിയണല്‍ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രൂപതയുടെ എട്ട് റീജിയണില്‍ നിന്നുമായി ആയിരക്കണക്കിന് വനിതകളാണ് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തിന് എത്തിയത്.
ബര്‍മ്മിംഗ്ഹാം അതിരൂപതയ പ്രതിനിധീകരിച്ച് മോണ്‍. ഡാനിയേല്‍മക് ഹഗ് സമ്മേളനത്തില്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാന്‍ ചുങ്കപുര ക്ലാസ്സെടുത്തു. 11.45ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു ഇരുപത്തഞ്ചോളം വൈദീകര്‍ വിശുദ്ധ ബലിയ്ക്ക് സഹകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകള്‍ നയിച്ചു. ഭക്തിനിര്‍ഭരമായ ദിവ്യബലിക്ക് ശേഷം ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിച്ചു. രൂപതയുടെഎട്ട് റീജിയണില്‍ നിന്നുമായി കണ്ണഞ്ചിപ്പിക്കുന്ന വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറി. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു. വിവാഹത്തിന്റെ 25, 40, 50 വര്‍ഷ ജൂബിലി ആഘോഷിക്കുന്നവര്‍ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ച്ചു. മുന്‍കൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനത്തിന് തിരശ്ശീല വീണു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തില്‍ പങ്കെടുത്തവരോടുള്ള മലയാളം യുകെ ന്യൂസിന്റെ രണ്ട് ചോദ്യങ്ങള്‍????
1. ഇന്നു നടന്ന അത്യധികം ആവേശപരമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനം രൂപതയുടെ വളര്‍ച്ചയ്ക്ക് ഏതു തരത്തില്‍ ഗുണം ചെയ്യും?
2. എന്ത് സന്ദേശമാണ് ഈ സമ്മേളനം രൂപതയിലെ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്?
മലയാളം യുകെ ന്യൂസിന്റെ ഈ രണ്ടു ചോദ്യങ്ങളോട് പ്രതികരിച്ചവരുടെ ഉത്തരങ്ങളിലേയ്ക്ക്…
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വികാരി ജനറാള്‍ റെവ. ഫാ. ജിനോ അരീക്കാട്ട് പറഞ്ഞതിങ്ങനെ..
രൂപത പറഞ്ഞത് ഇതാണ്. പാറമേല്‍ പണിയാന്‍ ദൈവം ആഗ്രഹിച്ചതു പോലെയാണ് കുടുംബത്തിലെ ഒരു സ്ത്രീ. അവള്‍ ആത്മീയമായി ശക്തയായാല്‍ അതിന്റെ മീതെ സഭ തന്നെ പണിയുവാന്‍ സാധിക്കും. സഭ പണിയപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ പ്രവവര്‍ത്തനമാണ്. അതിന് തന്നെ തന്നെ സമര്‍പ്പിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഏറ്റവും വലിയ ഭാഗ്യമായി കരുതണം. സി. ജുവാന്‍ ചുങ്കപുര പറഞ്ഞതും ഇതു തന്നെയാണ്. ആത്മീയ കാര്യങ്ങളില്‍ നില്‍ക്കുന്ന ശ്രദ്ധ ഭൗതീക കാര്യങ്ങളിലും നമ്മെ ശക്തിപ്പെടുത്തും. ഏറ്റവും മനോഹരമായിട്ടു തന്നെ ആത്മീയ കാര്യങ്ങളോട് സഹകരിക്കുക. അതിന് സഹകരിക്കുമ്പോള്‍ അത് കുടുംബത്തിന് അനുഗ്രഹമായി ഭവിക്കും.
അതുപോലെ തന്നെ ഇന്ന് അവതരിക്കപ്പെട്ട സ്‌ക്കിറ്റുകളെല്ലാം നല്‍ക്കുന്നത് ഒരേ സന്ദേശമാണ്. ദേവാലയം പണിയുന്നത് ഭാഗ്യമാണ്. അതു കൊണ്ട് തന്നെ ദേവാലയങ്ങള്‍ ഇനിയും ഉയരണം. അതിന്റെ അല്‍ത്താരയുടെ ചുറ്റും കിടന്നുറങ്ങാന്‍ നമ്മള്‍ പഠിക്കണം. അതിനോട് നമ്മള്‍ ചേര്‍ന്നിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം പ്രോത്സാഹനം കിട്ടിയ കാര്യമാണിത്. അതുപോലെ ഈ വലിയ ജനപങ്കാളിത്തം ഒരു വലിയ പ്രതീക്ഷ നമുക്ക് നല്കുന്നുണ്ട്. വരുന്ന തലമുറയ്ക്കും കൈ എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണ് നമ്മുടെ വിശ്വാസം എന്ന ഒരു വലിയ സന്ദേശമാണ് ഈ സമ്മേളനം നമുക്ക് നല്കുന്നത്. എല്ലാവരോടും സ്‌നേഹത്തില്‍ നന്ദി പറയുന്നു.
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ വികാരി റെവ. ഫാ. മാത്യൂ മുളയോലിയുടെ വാക്കുകളില്‍ നിന്ന്..
ഇന്ന് നടന്ന വനിതാ സംഗമം കഴിഞ്ഞ് തിരിച്ച് പോകുന്ന സമയമാണ്. ലീഡ്‌സില്‍ നിന്നും പങ്കെടുത്ത വനിതാ ഫോറം അംഗങ്ങള്‍ സമ്മേളന നഗരിയിലേയ്ക്ക് പോയതിനേക്കാളും കൂടുതല്‍ ആവേശത്തിലാണ് തിരിച്ച് വരുന്നത്. കരണം ഇന്ന് അവിടെ നടന്ന ക്ലാസിന്റെയും അതുപോലെ മറ്റു പരിപാടികളുടെയും പശ്ചാത്തലത്തില്‍ ഇത് വളരെ മനോഹരമായ ഒന്നാണ് എന്നാണ് അവര്‍ വിലയിരുത്തുന്നത്. എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയത്, സി. ജെവാന്‍ ചുങ്കപ്പുര നയിച്ച ക്ലാസ്സിന്റെ സന്ദേശം ഏകദേശം നമ്മുടെ രൂപതയുടെ ആയിരത്തിലധികം കുടുംബങ്ങളിലേയ്ക്ക് അമ്മമാരിലൂടെ കടന്നു ചെന്നു എന്നത് വിശ്വാസകൈമാറ്റവും അതുപോലെ തന്നെ കുടുംബത്തില്‍ അമ്മമാരുടെ ദൗത്യവും ഒന്നു കൂടി ഓര്‍മ്മപ്പെടുത്താന്‍ അവരെ ഒരിക്കല്‍ക്കൂടി സഹായിക്കുകയും ചെയ്തു എന്നതാണ്. അത് ഈ സമ്മേളനത്തിന്റെയും വനിതാ കൂട്ടായ്മയുടെയും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതു പോലുള്ള സംഗമങ്ങള്‍ തീര്‍ച്ചയായും ഇനിയും ഗുണപ്രദമായിരിക്കും എന്നതാണ് എന്റെ അഭിപ്രായം.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിമന്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യൂ പ്രതികരിച്ചതിങ്ങനെ..
ഒരു സ്ത്രീയ്ക്ക് സഭയിലുള്ള സ്ഥാനം അധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സ്ത്രീയില്‍ നിന്നാണ് സഭ രൂപം കൊണ്ടത്.
അതിന്റെ പ്രധാന്യം സഭ സ്ത്രീയ്ക്ക് കൊടുക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്ന് നടന്ന സമ്മേളനത്തിന്റെ വിജയം. കഠിനമായ അധ്വാനം, പ്രാര്‍ത്ഥന, അഭിവന്ദ്യ പിതാവിന്റെ ശക്തമായ സപ്പോര്‍ട്ട്, വൈദീകരുടെ സപ്പോര്‍ട്ട്, ഇതെല്ലാം ഇതിന്റെ പിന്നിലുണ്ട്. ആരംഭഘട്ടത്തില്‍ തന്നെ പലര്‍ക്കും ഇത് എങ്ങനെ ആയിത്തീരും എന്ന് സംശയം ഉണ്ടായിരുന്നു. ഒരു ഉത്തരം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഒരുമിച്ച് പ്രവര്‍ത്തിക്കാം. പ്രാര്‍ത്ഥിക്കാം, പരിശുദ്ധ അമ്മ പ്രവര്‍ത്തിക്കട്ടെ. നിരന്തരമായ പ്രാര്‍ത്ഥനയും ഉപവാസവും എല്ലാവരുടെ കൂട്ടായ്മ കൊണ്ടു മാത്രം നടന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്നതിനേക്കാള്‍ സന്തോഷവതികളായി അവര്‍ തിരിച്ചുപോയി എന്ന് വിമന്‍സ് ഫോറത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ എന്നിക്ക് കാണുവാന്‍ സാധിച്ചു.
രൂപതയുടെ വനിതാ സമ്മേളനം മാഗ്‌നാവിഷന്‍ TV യിലൂടെ കണ്ട ജോളി സ്റ്റോക് ഓണ്‍ ട്രെന്റ്റില്‍ നിന്നും മലയാളം യു കെ ന്യൂസിനോട്..
ഡോ. സിസ്റ്റര്‍ ക്ലാസ്സെടുത്തത് മുഴുവന്‍ ഞാന്‍ വീഡിയോയില്‍ കണ്ടു. സിസ്റ്ററുടെ വാക്കുകള്‍ മുഴുവനും എന്റെ മനസ്സില്‍ കുറിച്ചിട്ടു. മാതാവിന്റെ സാന്നിധ്യം, ബൈബിളിന്റെ വില എല്ലാം വളരെ ഭംഗിയായി പറഞ്ഞു തന്നതില്‍ വളരെ സന്തോഷം. പഴമക്കാര്‍ പറയുന്നതുപോലെ, കുടുംബം നന്നായാല്‍ സമൂഹം നന്നാകും. സമൂഹം നന്നായാല്‍ ഇടവക നന്നാകും. ഇടവക നന്നായാല്‍ രൂപത നന്നാകും. അമ്മയാണ് കുടുംബത്തെ നയിക്കുന്നത്. പ്രത്യേകിച്ചും മക്കളെ വളര്‍ത്തുന്നതില്‍ അമ്മയുടെ സാന്നിധ്യം ഏറെയാണ്. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നതും പെരുമാറാന്‍ പഠിപ്പിക്കുന്നതും അമ്മയിലൂടെയാണ്. ഒരു സ്ത്രീയുടെ വില, മഹത്വം അത് എന്താണ് എന്ന് കൂടുതല്‍ അറിയുവാന്‍ സാധിച്ചു. ഇതു പോലുള്ള സമ്മേളനങ്ങള്‍ നിരന്തരം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇതിന് രൂപം കൊടുത്ത സ്രാമ്പിക്കല്‍ പിതാവിനും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ഞങ്ങള്‍, മലയാളം യുകെ കണ്ടതും കേട്ടതും ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ അഭിപ്രായപ്പെട്ടതും ഒന്നു തന്നെ.
വന്നതിനെക്കാള്‍ സന്തോഷവതികളായി അവര്‍ തിരിച്ചുപോയി….
Leave a Reply