ബെല്‍ഫാസ്റ്റ് സീറോ മലബാര്‍ മതബോധന യൂണിറ്റിന്റെ 5-ാമത് വാര്‍ഷികം ജനുവരി 3-ാം തിയതി ഞായറാഴ്ച്ച സെ.റോസ് ഡൊമിനിക്കന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് സമുചിതമായി കൊണ്ടാടി. രണ്ട് മണിക്ക് മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ദ ആന്‍ഡ് ക്ലൊന്മക്‌നോഇസ് രൂപതയുടെ മെത്രാന്‍ ഫ്രാന്‍സിസ് ഡഫിയും സന്നിഹിതനായിരുന്നു. ദിവ്യബലിയെത്തുടര്‍ന്നു ബിഷപ്പ് ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഫാ. ടോണി ദ്വലിന്‍ അധ്യക്ഷനായിരുന്നു. പ്രധാന അദ്ധ്യാപകന്‍ ശ്രീ. ജോസ് അഗസ്റ്റിന്‍ സ്വാഗതം ആശംസിക്കുകയും ശീമതി സാറാമ്മ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ദൈവ നിഷേധത്തിന്റെയും മൂല്യച്യുതിയുടെയും ഈ കാലഘട്ടത്തില്‍ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും അടിയുറച്ച ദൈവ വിശ്വാസത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുന്ന വിശ്വാസപരിശീലനം ഇന്നിന്റെ ആവശ്യമാണെന്ന് ബിഷപ്പ് ഫ്രാന്‍സിസ് ഉദ്‌ബോധിപ്പിച്ചു.
പങ്കുവെക്കലിന്റെ പാഠങ്ങള്‍ ക്ലാസ്സുകളില്‍ പഠിച്ചത് സമ്മേളന ഹാളില്‍ത്തന്നെ പ്രാവര്‍ത്തികമാക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് വിശ്വാസപരിശീലനം മാനുഷികമൂല്യങ്ങളുടെയും പരിപോഷണമാണന്നു ഫാ. ടോണി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഫാ. ജോസ് കറുകയില്‍, ഗ്രേസ് മകാല്യന്‍ (പ്രിന്‍സിപ്പല്‍), കുഞ്ഞുമോന്‍, മിസ് ഡോണ ജോസ്, മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെലെസ്ടിന്‍ തോമസിന്റെ നന്ദി പ്രകാശനത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു.
കലാപരിപാടികളേത്തുടര്‍ന്നു വേദപാഠ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരും മുടങ്ങാതെ സണ്‍ഡേ സ്‌കൂളില്‍ വന്നവരും, ബൈബിള്‍ ഫെസ്റ്റിനു സമ്മാനാര്‍ഹരായവരും ബിഷപ്പില്‍നിന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി. ഫാ. പോള്‍ മോരെലിയുടെ സമാപന പ്രാര്‍ത്ഥനക്കുശേഷം സ്‌നേഹവിരുന്നോടെയാണ് പരിപാടികള്‍ അവസാനിച്ചത്. ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതാധ്യക്ഷന്‍ നോഎല്‍ പിതാവിന്റെ, വൈകിയാമെങ്ങിലും കിട്ടിയ സാന്നിധ്യം സന്തോഷകരമായിരുന്നു.
അധ്യാപകരുടെയും കമ്മിറ്റി അംഗങ്ങളുടെയും മാതാപിതാക്കളുടെയും സഹകരണത്തില്‍ ഒത്തൊരുമയോടെ നടത്തപ്പെട്ട ഈ വാര്‍ഷികം ബെല്‍ഫാസ്റ്റ് സീറോമലബാര്‍ സമൂഹത്തിന്റെ വിശ്വാസപരിശീലനത്തില്‍ ഒരു നാഴികക്കല്ലു കൂടിയായി.