ലീഡ്സ് : സീറോ മലബാർ സഭയുടെ ദേവാലയം ലീഡ് സിൽ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പുതിയ ദേവാലയത്തിന് സെൻറ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്നാവും അറിയപ്പെടുക. രാവിലെ 10 മണിക്ക് തുടങ്ങിയ ചടങ്ങുകളും തിരുകർമ്മങ്ങളും ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് സ്നേഹവിരുന്നോടെയാണ് സമാപിച്ചത്. പുതിയ ദേവാലയത്തിന് ഇടവക പദവി നൽകികൊണ്ടുള്ള പ്രഖ്യാപനവും ബിഷപ് മാർ . ജോസഫ് സ്രാമ്പിക്കൽ നടത്തുകയുണ്ടായി.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം രാവിലെ 9 .30ന് ആചാരപരമായ പ്രദക്ഷിണത്തോടെ ആരംഭിച്ച ഉദ്ഘാടന പരിപാടികളെ തുടർന്ന് വി. കുർബാനയും , അനുമോദന യോഗവും ഉണ്ടായിരുന്നു . ദേവാലയ ഉദ്ഘാടനം നിർവഹിച്ചത് സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ്. അതിനെ തുടർന്ന് ലീഡ്സ് രൂപതാ അധ്യക്ഷൻ മാർക്കസ് സ്റ്റോക്ക് തിരിതെളിച്ചു. മാർക്കസ് സ്റ്റോക്ക് തൻറെ അനുഗ്രഹ പ്രഭാഷണത്തിൽ സീറോ മലബാർ കത്തോലിക്കരെ ലീഡ്സിലെ സെന്റ് വിൽഫ്രഡ് ചർച്ചിലൂടെ വീണ്ടും വിശ്വാസത്തിൻറെ ദീപം തെളിച്ചു പ്രകാശം പരത്തിയെന്ന് ചൂണ്ടിക്കാട്ടി.

 

യാദൃശ്ചികമായിട്ടാണെങ്കിലും തന്റെ മെത്രാഭിഷേകത്തിനു ശേഷം ആദ്യമായിട്ട് ലീഡ്സിലാണ് ആദ്യ ഞായറാഴ്ച ദിവ്യബലി അർപ്പിച്ചത് എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തൻറെ പ്രസംഗത്തിൽ അനുസ്മരിച്ചു . ഇപ്പോൾ തന്റെ പുതിയ ആരാധനക്രമത്തിലുള്ള സീറോ മലബാർ കുർബാനയും ആദ്യമായിട്ട് അർപ്പിക്കുന്നത് ലീഡ്സിലെ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ചർച്ചിലാണ്. അതുപോലെ തന്നെ രൂപത ഈ വർഷം ഇടവക വർഷമായി ആചരിക്കുകയാണ്.ഇടവക വർഷത്തിലെ ആദ്യത്തെ കുർബാനയും ലീഡ്‌സിലായതിൽ യാദൃശ്ചികതയാണെങ്കിലും സന്തോഷമുണ്ടെന്ന് പിതാവ് ചൂണ്ടിക്കാട്ടി. ഇത് ഇവിടുത്തെ കുട്ടികൾക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന പള്ളിയാണ്. ആ കുട്ടികളുടെ കൈകളിലേയ്ക്ക് ഈ ദേവാലയത്തെ സമർപ്പിക്കുകയാണെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ കുർബാന മധ്യേ ഉള്ള തൻറെ പ്രസംഗത്തിൽ പറഞ്ഞു.

യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങളിൽ ആറ് മാസ് സെന്ററുകളിലായി കഴിഞ്ഞിരുന്ന സീറോ മലബാർ കത്തോലിക്കരാണ് 6 വർഷം മുൻപ് ലീഡ്സ് കേന്ദ്രമായുള്ള ഒറ്റ മാസ് സെൻററിലേയ്ക്ക് മാറിയത്. സീറോ മലബാർ സഭയുടെ ചാപ്ലിൻ ആയിരുന്ന ഫാ. ജോസഫ് പൊന്നത്തായിരുന്നു വിവിധ മാസ് സെന്ററുകളെ ഒന്നിപ്പിച്ച് ഒറ്റ മാസ് സെന്ററാക്കാനുള്ള പ്രയത്നങ്ങൾക്ക് നേതൃത്വം നൽകിയത് . സീറോ മലബാർ സഭയുടെ സിനഡിൽനിന്ന് അയച്ച് യോർക്ക്‌ ഷെയറിൽ പ്രവർത്തിക്കാൻ എത്തിയ ഫാ. ജോസഫ് പൊന്നത്തിന്റെ വരവ് ഒരു നിയോഗം പോലെയാണ് ഇന്ന് യോർക്ക് ഷെയറിലുള്ള സീറോമലബാർ വിശ്വാസികൾ കണക്കാക്കുന്നത്. ഫാ. ജോസഫ് പൊന്നത്ത് സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്കായി ഒരു ദേവാലയം വേണ്ടതിന്റെ ആവശ്യകത പ്രാദേശിക സഭാ അധികാരികളുടെ ശ്രദ്ധയിൽ നിരന്തരം കൊണ്ടുവന്നതിന്റെ ഫലമായാണ് 6 വർഷങ്ങൾക്ക് മുമ്പ് സീറോ മലബാർ വിശ്വാസികൾക്കായി സെന്റ് വിൽഫ്രഡ് ചർച്ച് ലീഡ്സ് രൂപതയിൽ നിന്ന് നൽകിയത്. അന്നുമുതൽ എല്ലാദിവസവും സിറോമലബാർ ആരാധന ക്രമത്തിലുള്ള കുർബാനയും മറ്റ് കർമ്മങ്ങളും നടക്കുന്ന ദേവാലയത്തിൽ കേരളത്തിലെ ഒരു ഇടവക ദേവാലയത്തിൽ ഉള്ള എല്ലാ പ്രവർത്തനങ്ങളുമുണ്ടന്നുള്ളത് ശ്രദ്ധേയമാണ്. അന്നു ലഭിച്ച ദേവാലയം തന്നെയാണ് ഇന്ന് ലീഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സീറോമലബാർ വിശ്വാസികൾ മൂന്നു ലക്ഷം പൗണ്ട് നൽകി ലീഡ്സ് രൂപതയിൽ നിന്ന് വാങ്ങിയത്. ആദ്യമായാണ് സിറോ മലബാർ സഭ യു.കെയിൽ ഒരു ദേവാലയം വാങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട് ലീഡ്സിലെ ദേവാലയത്തിന് . ലീഡ്സ് രൂപതയിൽ നിന്ന് ആത്മീയ ആവശ്യങ്ങൾക്കായി ദേവാലയം ലഭിച്ച്‌ അധികം താമസിയാതെ കേരളത്തിലേയ്ക്ക് മടങ്ങിയ ഫാ. ജോസഫ് പൊന്നത്തിനുശേഷം സീറോ മലബാർ സഭയുടെ ലീഡ്സ് ചാപ്ലിനായി ചുമതലയേറ്റ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിലാണ് ദേവാലയം സ്വന്തമായി വാങ്ങുന്നതിനുള്ള ശ്രമങ്ങൾക്ക് മൂന്നുവർഷം മുമ്പ് തുടക്കമിട്ടത്. ഇതിനിടയിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും ഫാ.മാത്യു മുളയോലിയുടെ ശക്തമായ നേതൃത്വം ഇതിനെയെല്ലാം മറികടന്ന് യോർക്ക് ഷെയറിലെ സീറോ മലബാർ കത്തോലിക്കർക്ക് ചരിത്രനേട്ടം സ്വന്തമാക്കാൻ സഹായകരമായി. 2018 ഡിസംബർ 9ന് ലീഡ്സ് കേന്ദ്രമായുള്ള സീറോമലബാർ ചാപ്ലിൻസിയെ സഭാ തലവൻ മാർ .ജോർജ്ജ് ആലഞ്ചേരി മിഷനായി പ്രഖ്യാപിച്ചിരുന്നു.

പുതിയ ദേവാലയത്തിന്റെ പേരിലും സെന്റ് വിൽഫ്രഡ് വിശുദ്ധന്റെ പേര് ഉൾപ്പെടുത്തിയത് ലീഡ്സ് ബിഷപ്പ് മാർ . മാർക്കസ് സ്റ്റോക്കിന്റെ പ്രത്യേക താൽപര്യപ്രകാരമാണന്നാണ് അറിയാൻ സാധിച്ചത്. യോർക്ക് ഷെയറിന്റെയും ലീഡ്സ് രൂപതയുടെയും പേട്രണായ സെന്റ് വിൽഫ്രഡിന്റെ പേര് നിലനിർത്തണമെന്ന് മാർ. മാർക്കസ് സ്റ്റോക്ക് സീറോ മലബാർ സഭാ അധികാരികളോട് അഭ്യർത്ഥിക്കുകയായിരുന്നു. ഉദ്ഘാടന പരിപാടിയിലും തിരുക്കർമ്മങ്ങളിലും പങ്കെടുത്തവരെ വികാരി ഫാ. മാത്യു മുളയോലിൽ സ്വാഗതം ചെയ്യുകയും, ട്രസ്റ്റി ജോജി തോമസ് നന്ദി പറയുകയും ചെയ്തു.