ബിനോയ് ജോസഫ്
സീറോ മലബാര്‍ സഭയുടെ ഭാഗമായി നടത്തുന്ന ആഘോഷങ്ങളിലും ആരാധനാക്രമങ്ങളിലും നിറഞ്ഞുനില്‍ക്കേണ്ടത് ആത്മീയതയാണ്. എന്തും ലൈവായി സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന ഒരു സംസ്‌കാരം നിലവില്‍ വളര്‍ന്നുവരുന്നുണ്ട്. സഭയുടെ പല തിരുക്കര്‍മ്മങ്ങളിലും മൊബൈല്‍ ഫോണുകളുമായി ഓരോ നിമിഷവും ലൈവായി ലോകസമൂഹത്തിന് മുമ്പില്‍ എത്തിക്കാന്‍ ജാഗരൂകമായിരിക്കുന്ന ഒരു ജനതയെ നാം കണ്ടു കഴിഞ്ഞു. സഭയുടെ ചടങ്ങുകളിലെ സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഒഴിവാക്കപ്പെടേണ്ടതാണ്. വിശുദ്ധലിഖിതവും പരിശുദ്ധാത്മാവിന്റെ അഭിഷേകവും ആയിരിക്കണം സഭയെയും വിശ്വാസസമൂഹത്തെയും നിയന്ത്രിക്കേണ്ടത്. സഭയില്‍ നടക്കുന്ന തിരുനാളുകളും തിരുക്കര്‍മ്മങ്ങളും ഗായകര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ മാത്രമുള്ള വേദിയാകരുത്. സൗണ്ട് സിസ്റ്റത്തിലെ പവര്‍ കൂട്ടി ദൈവവചനങ്ങള്‍ മനുഷ്യമനസുകളില്‍ ആലേഖനം ചെയ്യാമെന്ന് കരുതുന്നത് മൂഢത്വമാണ്. പലയിടങ്ങളിലും വി.കുര്‍ബാനയുടെ സമയവും രീതിയും തന്നെ നിശ്ചയിക്കുന്നത് ഗായകസംഘങ്ങളാണ്. അവര്‍ എല്ലാറ്റിന്റെയും നിയന്ത്രണം കയ്യടക്കുമ്പോള്‍ വിശ്വാസഗണം വെറും കാഴ്ചക്കാരായി മാറുന്നു. വിശുദ്ധ കുര്‍ബാനയില്‍ പോലും ആത്മീയതയോടെ പങ്കെടുക്കുവാന്‍ മ്യൂസിക് ഇന്‍സ്ട്രമെന്റുകളുടെ അതിപ്രസരം തടസമാകുന്നു. അമിതശബദം മൂലം കുട്ടികള്‍ ചെവികള്‍ പൊത്തിപ്പിടിക്കുന്നത് നാം കണ്ടില്ലെന്ന് നടിക്കരുത്.
സഭയുടെ ഭാവി സമ്പത്തായ കുട്ടികള്‍ക്ക് വേണ്ട രീതിയിലുള്ള മാര്‍ഗനിര്‍ദേശം നല്‍കുവാന്‍ പല മാതാപിതാക്കള്‍ക്കും കഴിയുന്നില്ല. സ്വന്തമായി നയിക്കാന്‍ കഴിവില്ലാത്തവര്‍ നയിക്കാന്‍ ശ്രമിക്കുന്ന സമൂഹം ദിശയില്ലാതെ കാറ്റില്‍ പറന്നുനടക്കുന്ന പട്ടത്തിന്‍റെ അവസ്ഥ സൃഷ്ടിക്കും. കുട്ടികളെ നിയന്ത്രിക്കുമ്പോഴും അവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോളും അതാത് സ്ഥലങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം. കുട്ടികള്‍ സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെയും സഭയുടെയും ഉത്തരവാദിത്തമാണ്. കുട്ടികളെ നിര്‍ബന്ധിച്ച് ഒരു പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തുവാന്‍ പാടില്ല. അവര്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കരുത്. കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ശരിയായ രീതിയില്‍ പരിശീലനം ലഭിച്ചയാളുകള്‍ മാത്രമേ ഇക്കാര്യങ്ങളില്‍ ഇടപെടാവൂ. രാജ്യത്ത് നിലവിലിരിക്കുന്ന നിയമങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭാനേതൃത്വം കൈകാര്യം ചെയ്യേണ്ടത്.
മതപഠനക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകര്‍ മാറണം. സമൂഹത്തിലെ അവരുടെ പ്രവര്‍ത്തനം ധാര്‍മികതയിലും ആത്മീയതയിലും അടിയുറച്ചതായിരിക്കണം. കുട്ടികളെ എന്താണ് മതപഠന ക്ലാസുകളില്‍ പഠിപ്പിക്കുന്നത് എന്നത് തീരുമാനിക്കേണ്ടത് സഭാനേതൃത്വമായിരിക്കണം. അധ്യാപകര്‍ക്ക് ഇഷ്ടമുള്ളത് പഠിപ്പിക്കുവാനുള്ള വേദികളാകരുത് അവ. ഇത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സഭയുടെ ഭാഗത്ത് നിന്ന് നല്‍കണം.
വ്യക്തികള്‍ ആസൂത്രണം ചെയ്ത്, അമിത ഭക്തിയുടെ പേരില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനായോഗങ്ങളും മറ്റും ഒഴിവാക്കണം. സഭയുടെ പേര്പറഞ്ഞ് ചില സ്ഥലങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന സംരംഭങ്ങള്‍ സഭയുടെ സല്‍പ്പേരിനെ ബാധിക്കുന്ന നിലയില്‍ എത്തിയിട്ടുണ്ട്. പ്രയര്‍ ഗ്രൂപ്പ് എന്ന് പേരിട്ടു കഴിഞ്ഞാല്‍ അതിന്‍റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്നു കരുതരുത്. വീടുകളില്‍ സംഘടിപ്പിക്കുന്ന ഇത്തരം പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെ പരസ്യവിചാരണ ചെയ്യാനുള്ള അവസരമായി ദുരുപയോഗിക്കപ്പെടുന്നുണ്ട്. വിചാരണയും വിധിയുമെല്ലാം അവിടെ അരങ്ങേറുന്നു. ഒരു സമാന്തര നിയമ വ്യവസ്ഥ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ വ്യക്തികളെയും കുടുംബങ്ങളെയും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നത് പതിവായിക്കഴിഞ്ഞു. അസമയങ്ങളില്‍ വീടുകളില്‍ നടത്തപ്പെടുന്ന ഇത്തരം പരിപാടികള്‍ അയല്‍ക്കാര്‍ക്കും മറ്റും അരോചകമായി തീരുമെന്നത് വസ്തുതയാണ്. പള്ളികളിലും വീടുകളിലും വ്യക്തിയുടെ മനസിലും നിറയേണ്ട പ്രാര്‍ത്ഥനാ ജീവിതവും ആത്മീയതയും തെരുവുകളില്‍ വലിച്ചിഴക്കപ്പെടേണ്ടവയല്ല.
തങ്ങളുടെ മതത്തിനൊപ്പം തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കാനും കൈകോര്‍ത്ത് മുന്നോട്ട് പോകുവാനും സീറോ മലബാര്‍ സഭ വ്യക്തിസമൂഹങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. ഇതര സഭാസമൂഹങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുവാനും മേലധികാരികള്‍ ശ്രദ്ധിക്കണം. സഭയുടെ പരിപാടികള്‍ ശക്തിപ്രകടനങ്ങള്‍ ആയി മാറരുത്. അത് ഇതര സഭാവിഭാഗങ്ങള്‍ക്കും മതസ്ഥര്‍ക്കും ഇടര്‍ച്ചയുണ്ടാക്കുകയും അവര്‍ സഭയില്‍ നിന്ന് അകലാന്‍ കാരണമാകുകയും ചെയ്യും. കാത്തലിക് കമ്മ്യൂണിറ്റി എന്ന പേരില്‍ ഉണ്ടായിരുന്ന ഗ്രൂപ്പുകള്‍ പുതിയ രൂപത വന്നതോടെ സീറോ മലബാര്‍ എന്ന് ചേര്‍ത്തു തുടങ്ങി എന്നത് ശ്രദ്ധേയമാണ്.
ഓരോ കുര്‍ബാന സെന്ററുകളും നടത്തേണ്ടത് സഭയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളായിരിക്കണം. ഇംഗ്ലീഷ് കമ്യൂണിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കമ്യൂണിറ്റികള്‍, വിവിധ സ്ഥലങ്ങളില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തുന്നത് എന്നത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. കുര്‍ബാന സെന്ററുകളില്‍ നടക്കുന്ന കാര്യങ്ങള്‍ വേണ്ട രീതിയില്‍ സമൂഹവുമായി പങ്കുവെക്കുവാന്‍ കമ്മിറ്റികള്‍ക്ക് കഴിയണം. സാമ്പത്തിക സുതാര്യത കാത്തുസൂക്ഷിക്കുക എന്നതും കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. ഓരോ സ്ഥലങ്ങളിലും വസിക്കുന്ന ഇതര സമൂഹങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നാം നല്‍കേണ്ടതുണ്ട്.
വചനപ്രഘോഷണവും ധ്യാനവും വിശ്വാസികളെ വഴിതെറ്റിക്കുന്ന വിധത്തില്‍ ആകരുത്. ദൈവവചനത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ധ്യാനഗുരുക്കള്‍ സമൂഹത്തിന് ജീര്‍ണ്ണതയുണ്ടാക്കും. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് യുകെയില്‍ എത്തി വിവിധ സ്ഥലങ്ങളില്‍ ധ്യാനം നടത്തി സമൂഹങ്ങളെ വഴിതെറ്റിക്കുന്ന വ്യക്തികളെ സഭ നിയന്ത്രിക്കണം. യാതോരു അടിസ്ഥാന യോഗ്യതകളുമില്ലാതെ കൗണ്‍സലിംഗ് നടത്തി കുടുംബങ്ങളെ ഛിന്നഭിന്നമാക്കിയ സംഭവങ്ങള്‍ യുകെയില്‍ ധാരാളമുണ്ട്. ചില വില്ലന്മാര്‍ കൈ വയ്പ് പ്രാര്‍ത്ഥനയുടെ മൊത്തക്കച്ചവക്കാരാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രെയിസ് ദി ലോര്‍ഡ് പറഞ്ഞു മറ്റു ചിലര്‍. സീറോ മലബാര്‍ സഭയുടെ വിശ്വാസസമൂഹങ്ങള്‍ ഇക്കാര്യങ്ങളില്‍ ജാഗരൂകമായിരിക്കണം. അവര്‍ക്ക് ഇക്കാര്യങ്ങളില്‍ സമയാസമയങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ സഭ തയ്യാറാകണം.
ശൈശവദശയിലൂടെ കടന്നുപോകുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ. പക്ഷേ ഇനിയും ഒത്തിരി ദൂരം സഞ്ചരിക്കാനുണ്ട്. ഒറ്റക്കുള്ള യാത്രക്ക്, ഇതില്‍ സ്ഥാനമില്ല. വിശ്വാസസമൂഹം കൂട്ടമായി തീര്‍ത്ഥാടനം നടത്തണം. അതിനായി വിശ്വാസികളെ ആദ്യം ഒരുക്കണം, ഒരുമിപ്പിക്കണം, പിന്നെ നയിക്കണം. ആ യാത്രയില്‍ വേണ്ട നിര്‍ദേശങ്ങള്‍ സമയാസമയങ്ങളില്‍ നല്‍കണം. ഇടയലേഖനവും കുര്‍ബാനമധ്യേയുള്ള പ്രസംഗവും ഇതിന് ഉപകരിക്കും. അച്ചടക്കമില്ലായ്മയും വഴിവിട്ടുള്ള സഞ്ചാരങ്ങളും തന്മയത്വത്തോടെ നിയന്ത്രിക്കണം.
യുകെയിലേയ്ക്കുള്ള മലയാളികളുടെ കുടിയേറ്റം തുടങ്ങിയ കാലം മുതൽ അജപാലന ദൗത്യം നിറവേറ്റി നിരവധി വൈദികർ സഭയുടെ വളർച്ചയിൽ പങ്കുവഹിച്ചിട്ടുണ്ട്. വിവിധ മാസ് സെൻറുകൾ കേന്ദ്രീകരിച്ച് വിശ്വാസികളെ നയിക്കാൻ അഭിവന്ദ്യ പിതാവിൻറെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനീയം തന്നെ. അതു പോലെ വിമൻസ് ഫോറത്തിൻറെ ഒരു രൂപരേഖ കുറഞ്ഞ കാലയളവിൽ തന്നെ നടപ്പിലാക്കാനും രൂപതക്ക് കഴിഞ്ഞു. വിശുദ്ധ ബലിപീഠത്തിനോട് നീതി പുലര്‍ത്തുന്ന ഒരു സംവിധാനമായിരിക്കണം സഭയെ നയിക്കേണ്ടത്. തീക്ഷ്ണമായ പ്രാര്‍ത്ഥനയും ഉപവാസവും വഴി രൂപാന്തരപ്പെട്ട് സഭാമക്കളെ നയിക്കുവാന്‍ നേതൃത്വത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം. കുടുംബങ്ങളെ കൂടുതല്‍ ഇമ്പമുള്ളതാക്കാനും സമൂഹമധ്യത്തില്‍ പ്രകാശഗോപുരമായി മാറാനും സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് കഴിയട്ടെ.
(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)
ലേഖന പരമ്പര അവസാനിച്ചു.
Leave a Reply