ഷിബു മാത്യൂ
ഭൂമിയിടപാട്. കണ്ണില്‍ മണ്ണിടാന്‍ ഒരു തന്ത്രം മാത്രം. ചങ്ങനാശ്ശേരി അതിരൂപതയില്‍നിന്നുള്ള അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ വ്യക്തിപരമായി തകര്‍ക്കാന്‍ സഭയെ കൂട്ടുപിടിച്ച് നടത്തുന്ന ഗൂഡാലോജനയുടെ പ്രതിഫലനം. ഇന്നലെ നടന്ന വിമത വൈദീകരുടെ സമ്മേളനം അത് തെളിയ്ക്കുന്നു. ( വൈദീകര്‍ അല്‍മായര്‍ക്ക് പ്രാര്‍ത്ഥനയാകണം)

മാര്‍. ആന്റണി പടിയിറ.
ചങ്ങനാശ്ശേരിക്കാരന്‍. അതിലുപരി സീറോ മലബാര്‍ സഭയെ നയിക്കാന്‍ പരിശുദ്ധ സിംഹാസനം നിയോഗിച്ച അഭിവന്ദ്യ കര്‍ദ്ദിനാള്‍. പിതാവിന്റെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവ് സമ്മാനിച്ചതും അങ്കമാലിക്കാര്‍!
ഇത് പരസ്യമായ രഹസ്യം !

ഭൂമിയിടപാടുമായി അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ മുന്‍നിര്‍ത്തി സീറോ മലബാര്‍ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അങ്കമാലി വൈദീക സമൂഹത്തിലെ പ്രഗല്ഭരാണ് എന്ന കാര്യം അരിയാഹാരം കഴിക്കുന്ന ഓരോ സീറോ മലബാര്‍ വിശ്വാസികള്‍ക്കും പകല്‍ പോലെ വ്യക്തമാണ്. കാലം അത് തെളിയ്ചിട്ടുണ്ട്. പാരമ്പര്യമുള്ള ചങ്ങനാശ്ശേരി അതിരൂപതയോടുള്ള ഇവരുടെ അസൂയ ചെറുതൊന്നുമല്ല താനും! അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തിനോടു കാണിച്ചതും ഓര്‍ക്കേണ്ടതുണ്ട്.

സീറോ മലബാര്‍ സമൂഹത്തെ ആദ്ധ്യാത്മിക വഴിയില്‍ ഒരു ദീപശിഖയായി തെളിയ്ച്ച് നിര്‍ത്തേണ്ട സഭാനേതൃത്വവും വൈദീകരും വിശ്വാസികള്‍ക്ക് നല്‍കുന്ന തെറ്റായ സന്ദേശമാണ് പരിശുദ്ധ സിംഹാസനത്തിന്റെ കല്പനയോടുള്ള അനാദരവും വിയോജിപ്പും.
കര്‍ത്താവിന്റെ ഭൂമിയിലെ പ്രതിപുരുഷന്മാരായ വൈദീകര്‍ തങ്ങളുടെ ആധ്യാത്മീക നേതൃത്വത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ സാധാരണക്കാരായ അല്‍മായര്‍ സഭയിലെ ഈ പുഴുക്കുത്തിനെതിരെ ശക്തമായി പ്രതികരിച്ചാല്‍ എന്താണ് തെറ്റ്?

മണ്‍മറഞ്ഞ അല്‍മായരായ പൂര്‍വ്വീകരുടെ വിയര്‍പ്പിന്റെ ഫലമാണ് ഇന്ന് കാണുന്ന സീറോ മലബാര്‍ സഭയുടെ വളര്‍ച്ച എന്ന് വിമത വൈദീകര്‍ മനസ്സിലാക്കണം. പിടിയരി സൂക്ഷിച്ചും ഉല്‍പ്പറ്റന്നപ്പിരിവ് കൊടുത്തും പതാരം കൊടുത്തും ഏറ്റവും നല്ല ഫലം കായ്ക്കുന്ന തെങ്ങിലെ തേങ്ങ കൊടുത്തും അല്‍മായര്‍ വളര്‍ത്തിയ സീറോ മലബാര്‍ സഭ വൈദീകരായ നിങ്ങളുടെ കര്‍മ്മഫലം കൊണ്ട് നശിപ്പിക്കരുത്. പ്രാര്‍ത്ഥിച്ച് മരണം കാത്ത് കിടക്കുന്ന അല്‍മായര്‍ക്ക് ഒരു പക്ഷേ ഇത് എന്താണന്നു പോലും അറിയില്ല.

വിഷയം ഇതൊന്നുമല്ല.
പാരമ്പര്യമുള്ള ചങ്ങനാശ്ശേരി അതിരൂപതയെ അംഗീകരിക്കാന്‍ അങ്കമാലിക്ക് കഴിയുന്നില്ല. എന്തുകൊണ്ട്?
അമ്പതു ലക്ഷത്തോളും വരുന്ന സീറോ മലബാര്‍ വിശ്വാസികളെ ഭിന്നിപ്പിച്ച് നിര്‍ത്തിയാല്‍ അങ്കമാലി എന്തു നേടും?
എന്താണ് അവരുടെ ലക്ഷ്യം?

ഒന്നോര്‍ക്കുക…
അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് നിത്യാനന്ദ സൗഭാഗ്യത്തില്‍ ഈശോയോടൊപ്പം എത്തിച്ചേരുന്നതിനപ്പുറം എന്ത് സ്വപ്നങ്ങളാണുള്ളത്?
അതും അദ്ദേഹത്തിന്റെ ഈ പ്രായത്തില്‍??!!