ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ പത്ത് വര്‍ഷത്തിലധികമായി നടന്ന് വന്നിരുന്ന സീറോമലബാര്‍ കുര്‍ബാനകള്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ ഇവിടുത്തെ സീറോമലബാര്‍ വിശ്വാസ സമൂഹം രംഗത്ത്. നിരവധി വര്‍ഷങ്ങളായി നൂറു കണക്കിന് വിശ്വാസികള്‍ ഭക്തിനിര്‍ഭരം പങ്കെടുത്തിരുന്ന മലയാളം കുര്‍ബാനകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മെയ് മാസം മുതല്‍ നിര്‍ത്തലാക്കിയ നടപടിയാണ് വിശ്വാസികളെ അമ്പരപ്പിച്ചത്. ഏകദേശം മുന്നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തിരുന്ന കുര്‍ബാനകള്‍ എല്ലാ ഞായറാഴ്ചകളിലും പതിനൊന്നര മണിക്കായിരുന്നു ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു വന്നിരുന്നത്. പലപ്പോഴും പള്ളിക്കുള്ളില്‍ സ്ഥലമില്ലാത്ത വിധം വിശ്വാസികള്‍ ഈ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. കുര്‍ബാനയോടനുബന്ധിച്ച് ഇരുനൂറോളം കുട്ടികള്‍ക്ക് വേദപഠനവും ഇവിടെ നടന്നിരുന്നു. മലയാളിയായ ഇവിടുത്തെ ഇടവക വികാരി തന്നെയായിരുന്നു കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചിരുന്നത്.

എന്നാല്‍ ഇക്കഴിഞ്ഞ മെയ് മാസം ആദ്യ ആഴ്ചയിലെ മലയാളം കുര്‍ബാനയ്ക്ക് ശേഷം ഇനി മുതല്‍ ഇവിടെ മലയാളം കുര്‍ബാനകളും അനുബന്ധ സേവനങ്ങളും എല്ലാ ആഴ്ചയും നടന്ന് വന്നിരുന്നത് ഉണ്ടാവില്ല എന്ന് ഇടവക വികാരി പ്രഖ്യാപിക്കുകയായിരുന്നു. പകരം മലയാളം കുര്‍ബാന നടന്നിരുന്ന സമയങ്ങളില്‍ ഇനി ഇംഗ്ലീഷ് കുര്‍ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും താത്പര്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും വിശ്വാസികളെ അറിയിച്ചു. മാസത്തില്‍ ഒരു മലയാളം കുര്‍ബാന തുടരുന്നതായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലെസ്റ്ററിലേക്ക് കുടിയേറിയ വിശ്വാസികള്‍ വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് ആരംഭിച്ച മലയാളം കുര്‍ബാനകളാണ് ഒറ്റയടിക്ക് നിര്‍ത്തലാക്കിയത് എന്നത് ഇവിടുത്തെ വിശ്വാസി സമൂഹത്തെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.  ജനിച്ച് വളര്‍ന്ന നാടും വീടും ഉപേക്ഷിച്ച് മറുനാട്ടില്‍ എത്തിയെങ്കിലും തങ്ങളുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിശ്വാസികള്‍ക്ക് കുര്‍ബാനകള്‍ നിര്‍ത്തലാക്കിയ നടപടി അവിശ്വസനീയമായിരുന്നു.

സാമ്പത്തികമായി തകര്‍ന്ന് മുന്‍പോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയിരുന്ന പള്ളി മലയാളികളായ വിശ്വാസികളുടെ പിന്‍ബലത്തില്‍ നടത്തിയ സാമ്പത്തിക സഹകരണത്തോടെ ആയിരുന്നു തകര്‍ച്ചയില്‍ നിന്നും കര കയറിയത്. ഇതിനായി അകമഴിഞ്ഞ് സഹകരിച്ച ഇവിടുത്തെ സീറോമലബാര്‍ വിശ്വാസികള്‍ പള്ളിയുടെ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുകയും, പള്ളിയുടെ ഹാള്‍ പുനരുദ്ധരിക്കുകയും, പള്ളിക്ക് പുതിയ സൗണ്ട് സിസ്റ്റം, സിസി ടിവി, അലാറം തുടങ്ങിയവ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ഒന്ന് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വേദപഠനവും ഇവിടെ മുടങ്ങാതെ നടന്നിരുന്നു.

യുകെയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി പുതിയ രൂപത നിലവില്‍ വരികയും പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ട അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്‍റെ നേതൃത്വത്തില്‍ വിശ്വാസ വളര്‍ച്ച പ്രാപിക്കുകയും ചെയ്ത് വരുന്ന അവസരത്തില്‍ യുകെയില്‍ ഏറ്റവുമധികം സീറോമലബാര്‍ വിശ്വാസികള്‍ ഉള്ള ലെസ്റ്ററില്‍ ഉണ്ടായിരുന്ന കുര്‍ബാന നിര്‍ത്തലാക്കിയ നടപടി അപ്രതീക്ഷിതമായിരുന്നു. ഇതിനോടുള്ള പ്രതികരണത്തിന്റെ ഭാഗമായി മെയ് മാസം അവസാനം ലെസ്റ്ററില്‍ നടന്ന ആള്‍ യുകെ ജീസസ് യൂത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഒരു നിവേദനം നല്‍കി ഇവിടുത്തെ വിശ്വാസികള്‍ കുര്‍ബാന പുനസ്ഥാപിച്ച് കിട്ടാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ കുര്‍ബാന നിഷേധിക്കപ്പെട്ട് രണ്ട് മാസങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുമ്പോഴും ഇത് പുനസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ പ്രതീക്ഷാ നിര്‍ഭരമായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നതിനാല്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്താനാണ് വിശ്വാസി സമൂഹത്തിന്‍റെ നീക്കം. അടുത്ത പടിയായി ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയുടെ രൂപതാദ്ധ്യക്ഷനായ നോട്ടിംഗ്ഹാം ബിഷപ്പിന് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍ ഇപ്പോള്‍. ഇതിനായി തുടങ്ങിയ ഓണ്‍ലൈന്‍ പെറ്റീഷന് വന്‍ പിന്തുണയാണ് ഉണ്ടായിരിക്കുന്നത്.  നോട്ടിംഗ്ഹാം രൂപതയില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ മാത്രമേ മലയാളം കുര്‍ബാന പുനസ്ഥാപിക്കപ്പെടുന്ന കാര്യത്തില്‍ തീരുമാനമാകൂ എന്നതിനാല്‍ പരമാവധി ആളുകള്‍ ഈ പെറ്റീഷനില്‍ ഒപ്പിടണമെന്ന് ലെസ്റ്റര്‍ സീറോമലബാര്‍ വിശ്വാസി സമൂഹം അഭ്യര്‍ത്ഥിക്കുന്നു. പെറ്റീഷനില്‍ ഒപ്പിടാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

http://www.gopetition.com/petitions/pastoral-care-for-the-kerala-catholic-community-in-leicester.html

പെറ്റീഷന്‍റെ പൂര്‍ണ്ണരൂപം വായിക്കുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://docs.google.com/document/d/1AuMeW2557rqBOG32pDiFxZ2y3WfRBNlHB6wu88tQFRE/edit

എഴുനൂറോളം വിശ്വാസികള്‍ എല്ലാ ആഴ്ചകളിലും പങ്കെടുത്തിരുന്ന മലയാളം കുര്‍ബാന പുനസ്ഥാപിച്ച് കിട്ടുന്നതിനായി പ്രാര്‍ത്ഥനയില്‍ മുറുകെ പിടിച്ച് മുന്‍പോട്ടു പോകുമെന്ന് ദൃഡനിശ്ചയം ചെയ്ത് ആണ് ഇവിടുത്തെ വിശ്വാസികള്‍ നില കൊള്ളുന്നത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒരു സമൂഹത്തിന്‍റെയാകെ വിശാസത്തെ ഹനിക്കുന്ന നിലയിലേക്ക് എത്തിക്കുന്ന നിലപാടില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും ഇവിടുത്തെ വിശാസികള്‍ അഭ്യര്‍ത്ഥിക്കുന്നു.