ഫാ മാത്യു നെരിയാട്ടിയിൽ

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ മിഷൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകി കൊണ്ട് യുകെ സഭാ കോർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ ബർമിങ്ഹാം, ഗ്രേറ്റ്‌ ബാറിലെ ഹോളി നെയിം ഓഫ് ജീസസ് റോമൻ കത്തോലിക്കാ പള്ളിയുടെ വികാരിയായി നിയമിതനായി. ബർമിങ്ഹാം അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ബെർണാർഡ് ലോങ്ങ്‌ലിയാണ് ഗ്രേറ്റ്‌ ബാർ ദൈവാലയത്തിന്റെ വികാരിയായി ബഹു. കുര്യാക്കോസ് അച്ചനെ നിയമിച്ചത്. 2022, ജനുവരി 5ന് ഇടവകയുടെ വികാരി സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. ആരാധന ക്രമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. കുര്യാക്കോസ്, തിരുവനന്തപുരം മേജർ സെമിനാരി റെക്ടർ, തിരുവല്ല അതിരൂപതയിലെ നിരവധി ദൈവാലയങ്ങളുടെ വികാരി, തിരുവല്ല അതിരൂപതയുടെ ചാൻസിലർ, വിശ്വാസ പരിശീലന കാര്യാലയ ഡയറക്ടർ മുതലായ നിരവധി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്.

2021 മാർച്ച്‌ മാസമാണ് യുകെ യിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ കോർഡിനേറ്റർ ആയി ഫാ. കുര്യാക്കോസ് ചുമതലയേൽക്കുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷൻ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവയ്ക്ക് 2019-ൽ ആർച്ചുബിഷപ്പ് ബെർണാർഡ് ലോങ്ങ്‌ലി നൽകിയ വാഗ്ദാനമനുസരിച്ച് മലങ്കര സഭയുടെ യുകെയിലെ മിഷൻ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി ഇനി ഈ ദൈവാലയം മാറും. ഹോളി നെയിം ഓഫ് ജീസസ് റോമൻ കത്തോലിക്കാ പള്ളിയുടെ വൈദിക മന്ദിരവും പാരിഷ് ഹാളുമെല്ലാം ഇനി മുതൽ സീറോ മലങ്കര സഭയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടും.

ജനുവരി മുതൽ എല്ലാ മാസവും ഒന്നും മൂന്നും ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 3.00 ന് സെന്റ്. ജൂഡ് കവന്ററി മിഷൻറെ വി. കുർബാനയും ഗ്രേറ്റ്‌ ബാറിലെ ഹോളി നെയിം ഓഫ് ജീസസ് റോമൻ കത്തോലിക്കാ പള്ളിയിലായിരിക്കും നടക്കുക. ബർമിങ്ഹാം നഗരത്തിനും ചുറ്റുപാടുമുള്ള നിരവധി മലങ്കര സഭാ വിശ്വാസികൾക്ക് വി. കുർബാനയിൽ അനായസം പങ്കെടുക്കുന്നതിനു സഹായകമാണ് ബഹു. കുര്യാക്കോസ് തടത്തിൽ അച്ചന്റെ സ്ഥാനലബ്ധി.

യുകെയിലെ മലങ്കര കത്തോലിക്കാ സഭാവിശ്വാസികൾക്ക് ഏറെ സന്തോഷം പകരുന്നതാണ് പുതിയ ക്രമീകരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിയുടെ അഡ്രസ്:

Holy Name of Jesus Catholic Church

9 Cross Ln,Birmingham B43 6LN