രാജ്യാന്തര ക്രിക്കറ്റിൽ വിരമിച്ച പാക്ക് താരം ഷാഹിദ് അഫ്രീദിക്ക് പ്രായം 37 കടന്നെങ്കിലും അദ്ദേഹത്തിന്റെ ബാറ്റ് ഇക്കാര്യം അറിഞ്ഞ മട്ടില്ല. ഒരു കാലത്ത് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാനായിരുന്ന അഫ്രീദി വീണ്ടും മറ്റൊരു അതിവേഗ സെഞ്ചുറിയിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനം നിറച്ചു. കൗണ്ടി ക്രിക്കറ്റ് ടീമുകളുടെ ചെറു ക്രിക്കറ്റ് പൂരമായ ട്വന്റി20 ബ്ലാസ്റ്റ് ലീഗ് ക്വാർട്ടർ ഫൈനലിലാണ് അഫ്രീദിയുടെ ബാറ്റ് വീണ്ടും തീതുപ്പിയത്.

ഡെർബിഷയറിനെതിരായ മൽസരത്തിൽ ഹാംഷയറിനായി കളത്തിലിറങ്ങിയ അഫ്രീദി 42 പന്തിലാണ് ഇത്തവണ സെഞ്ചുറി നേടിയത്. 43 പന്തിൽ ഏഴു സിക്സും 10 ബൗണ്ടറിയും ഉൾപ്പെടെ 101 റൺസെടുത്താണ് പുറത്തായത്. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്ത ഹാംഷയറിനെതിരെ ഡെർബിഷയർ 148ന് പുറത്തായതോടെ 101 റൺസിന്റെ വമ്പൻ ജയവും ഹാംഷയറിന് സ്വന്തം.

ഡെർബിഷയർ ബോളർമാരെ കണക്കറ്റ് ശിക്ഷിച്ച അഫ്രീദി സെഞ്ചുറിയിലേക്കെത്തിയത്. ഓപ്പണറായി ഇറങ്ങിയായിരുന്നു അഫ്രീദിയുടെ തകർപ്പൻ പ്രകടനം. 36 പന്തിൽ 55 റൺസുമായി ക്യാപ്റ്റൻ ജയിംസ് വിൻസും കളം നിറഞ്ഞതോടെ നിശ്ചിത 20 ഓവറിൽ ഹാംഷയർ അടിച്ചെടുത്തത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 249 റൺസ്. ട്വന്റി20യിൽ ഹാംഷയറിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2006ൽ മിഡിൽസക്സിനെതിരെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 225 റൺസിന്റെ റെക്കോർഡാണ് അഫ്രീദിയുടെയുടെയും കൂട്ടരുടെയും പടയോട്ടത്തിൽ തകർന്നുവീണത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെർബിഷയർ 19.5 ഓവറിൽ 148 റൺസിന് ഓൾഔട്ടായതോടെ ഹാംഷയറിന് സ്വന്തമായത് 101 റൺസിന്റെ കൂറ്റൻ ജയം. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കൈൽ ആബട്ട്, ലിയാം ഡേവ്സൻ എന്നിവരുടെ പ്രകടനമാണ് ഹാംഷയറിന് വമ്പൻ ജയം സമ്മാനിച്ചത്.

18 വർഷത്തോളം അതിവേഗ ഏകദിന സെഞ്ചുറിയുടെ റെക്കോർഡ് കൈവശം വച്ചിരുന്ന അഫ്രീദി, 37–ാം വയസ്സിലും ആരാധകരെ കോരിത്തരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതുവരെ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ 18 മാത്രമായിരുന്ന അഫ്രീദിയെ ഈ മൽസരത്തിൽ ഓപ്പണറായി പരീക്ഷിച്ച ഹാംഷയർ ക്യാപ്റ്റന്റെ തീരുമാനമാണ് നിർണായകമായത്. ഇതുവരെ ഏഴ് ഇന്നിങ്സുകളിൽ ബാറ്റിങ്ങിനിറങ്ങിയ അഫ്രീദിക്കു നേടാനായത് 50 റൺസ് മാത്രമായിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ ഉൾപ്പെടെയുള്ളവർ അണിനിരന്ന ഡെർബിഷയറിനെതിരെ അഫ്രീദി വീണ്ടും പഴയ അഫ്രീദിയായി. 2003 സീസണിൽ ഡെർബിഷയറിനായി കളിച്ചിട്ടുള്ള അഫ്രീദി, ഈ സെന്റിമെൻസൊന്നും കളത്തിൽ കാട്ടിയില്ല.

വെറും 20 പന്തുകളിൽ അർധസെഞ്ചുറി പിന്നിട്ട താരം, അടുത്ത 22 പന്തുകളിൽ സെഞ്ചുറിയിലേക്കെത്തി. ട്വന്റി20 ക്രിക്കറ്റിൽ അഫ്രീദിയുടെ കന്നി സെഞ്ചുറിയാണിത്. ബ്ലാസ്റ്റ് ലീഗിൽ ഈ സീസണിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കൂടിയാണിത്. 45 പന്തിൽനിന്നും സെഞ്ചുറി നേടിയ ജോ ക്ലാർക്ക്, അലക്സ് ഹെയിൽസ് എന്നിവരുടെ റെക്കോർഡാണ് അഫ്രീദിയുടെ പടയോട്ടത്തിൽ തകർന്നു വീണത്.