ielts
ജെറിൻ തോമസ്, ഗെയിന്‍സ്ബറോ  ലോകശക്തികളില്‍ മികവുറ്റ സാമ്രാജ്യ ശക്തിയായി വളര്‍ന്നു വന്ന്, വലുപ്പത്തില്‍ ചെറുതാണെങ്കിലും ശക്തിയിലും ബുദ്ധിയിലും ഇന്നും വന്‍ ശക്തികളായി തന്നെ വിരാജിക്കുന്ന, സാംസ്‌കാരിക വിദ്യാഭ്യാസ സംരംഭങ്ങളുടെ കേന്ദ്രമായ ബ്രിട്ടന് എവിടെയാണ് തെറ്റുപറ്റിയത്? നിയമത്തെ അനുസരിക്കുന്നതിലും ബഹുമാനിക്കുന്നതിലും എല്ലായ്പ്പോഴും മുന്‍നിരയില്‍ ഒന്നാമതായുള്ള രാജ്യമെന്ന നിലയിലും തെറ്റ് പറ്റിയാല്‍ അതിനെ അംഗീകരിക്കുകയും 'സോറി' എന്ന പദം കാഷ്വല്‍ ഭാഷാപ്രയോഗത്തില്‍പ്പോലും ഉള്‍പ്പെടുത്തികൊണ്ട് തെറ്റുകള്‍ നഷ്ടപരിഹാരത്തോടെ എപ്പോഴും തിരുത്തുകയും ചെയ്യുന്ന ഏക ലോകശക്തി എന്ന പദവി അര്‍ഹിക്കുന്ന ഈ രാജ്യത്തില്‍ ഇനിയും നിലനില്‍ക്കുന്ന ഒരു തെറ്റ് കാണാനാവുന്നില്ലെയോ? 2006ലെ നിയമപ്രകാരം ഓവറോള്‍ 6 സ്‌കോര്‍ ഉള്ളവരും 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായ എഷ്യന്‍ നഴ്സസ് അഡാപ്‌റ്റേഷന്‍ ട്രെയിനിംഗ് വഴി ഇവിടെ PIN number നേടാമായിരുന്നു. ഈ നിയമപ്രകാരം ഇവിടെ ഓവറോള്‍ 6 നേടിയ എഷ്യന്‍ നഴ്സുമാര്‍ ഇവിടെയെത്തിയെങ്കിലും സ്ഥിരതയില്ലാതെ മാറിവന്ന നിയമങ്ങള്‍ 6 എന്നത് 6.5 പിന്നീട് 7 വീണ്ടും ഓരോ വിഷയത്തിനും 7 സ്‌കോര്‍ എന്നിങ്ങനെ എത്തിപ്പെടാനാകാത്ത ലെവലായി ഉയര്‍ത്തിയതിനാല്‍, അന്ന് എത്തിച്ചേര്‍ന്നവര്‍ പിന്‍ നമ്പര്‍ ലഭിക്കാതെ കെയര്‍ അസിറ്റന്റ് പോലുള്ള ഒരു ജോലിയിലേക്ക് മാറേണ്ടി വരികയും അനുദിനം IELTS നുംOET പോലുള്ള മറ്റ് ട്രെയിനിംഗുകള്‍ക്കും വേണ്ടി താങ്ങാനാവാത്തവിധം പണം ചെലവഴിച്ച് ഇന്നും മൂകമായി ജീവിക്കുന്നു. ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുത 10 വര്‍ഷങ്ങള്‍ക്കുപരി ഈ രാജ്യത്ത് സേവനം ചെയ്തിട്ടും ബ്രിട്ടീഷ് പൗരത്വം നേടിയിട്ട് പോലും എഷ്യന്‍ രാജ്യത്ത് നിന്നും വന്നുവെന്ന കാരണത്താല്‍ ഇവര്‍ ഇന്നും IELTS നിബന്ധനകള്‍ക്ക് വിധേയരായി പിന്‍ നമ്പര്‍ ലഭിക്കാതെ മാറ്റി നിര്‍ത്തപ്പെടുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനോ എഴുതാനോ പോലും പ്രാവീണ്യമില്ലാത്തവര്‍ ഈ IELTS കടമ്പകള്‍ ബാധകമല്ലാതെ തങ്ങളുടെ പിന്‍ നമ്പര്‍ നേടിയെടുക്കുമ്പോള്‍ ഭാഷാ പ്രാവീണ്യമുള്ള ഏഷ്യന്‍ നഴ്സുമാര്‍ അവഗണിക്കപ്പെടുന്നത് ഇനിയും കാണാനാവുന്നില്ലയോ? ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ബ്രിട്ടീഷ് പൗരത്വം നേടിയ എഷ്യന്‍ നഴ്സിന് നീതിയും തുല്യതയും നിഷേധിക്കപ്പെടുന്നത് കാണാന്‍ നല്ല മനസുള്ള ഈ രാജ്യത്തിന് തെറ്റുപറ്റിയോ? മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ഈ രാജ്യത്തെ നിയമ മാനദണ്ഡങ്ങള്‍ വിശ്വസിച്ച് കുടിയേറിയപ്പോള്‍ വന്നതിന് ശേഷം മാറിയ മാനദണ്ഡങ്ങള്‍ മൂലം സ്വന്തം പ്രൊഫഷന്‍ നഷ്ടമായ ഇവര്‍ക്ക് ഈ മാറിയ മാനദണ്ഡങ്ങള്‍ ബാധകമല്ലെന്ന് അംഗീകരിക്കുന്നതെല്ലേ നീതിയെന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? Discrimination എന്നാല്‍ unjust treatment of different categories of people especially on the ground of race,age and sex. അപ്പോള്‍ ബ്രിട്ടീഷ് പൗരന്മാര്‍ ആയിട്ട് പോലും ഏഷ്യയില്‍ നിന്നും വന്നു എന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് നിന്ന് വന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും നല്‍കാത്തത് വംശീയ വിവേചനമാണ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? ഇതില്‍ ഒരു വംശീയ വിവേചനം ഒളിഞ്ഞു കിടപ്പില്ലേ? ഈ രാജ്യത്ത് ജനിച്ചു വളര്‍ന്ന ഒരു നഴ്‌സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന എന്‍.എച്ച്.എസ് പ്രൊഫഷണലുകള്‍ക്ക് ഈ IELTS or OET Exam നല്‍കിയാല്‍ എത്രപേര്‍ ഓരോ വിഷയത്തിനും 7 സ്‌കോര്‍ വാങ്ങി പാസാകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്തിപ്പിടിക്കാനാവാത്ത രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തികൊണ്ട് ഇവരെ പിന്‍ നമ്പര്‍ നേടാനാവാത്തവിധം മാറ്റി നിര്‍ത്തുന്നത് നീതി ആണോ? നഴ്സ് എന്ന പ്രത്യേക പദവിയുടെ പ്രത്യേകതകള്‍ പരിഗണിച്ച് അവര്‍ക്ക് ജോലിയില്‍ ആവശ്യമായ പരിജ്ഞാനം അളന്നു നോക്കുന്ന പരീക്ഷകള്‍ക്ക് പകരം എത്തിപിടിക്കാനാവാത്ത ഭാഷാ പരീക്ഷകള്‍ മാത്രം മാനദണ്ഡമായി പരിഗണിക്കുന്നത് ശരിയാണോ? മനുഷ്യാവകാശങ്ങള്‍ക്കും നീതി ന്യായ വ്യവസ്ഥകള്‍ക്കും അങ്ങേയറ്റം മൂല്യം കല്‍പ്പിക്കുന്ന, മനുഷ്യരുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന രാജ്യമെന്ന നിലയിലും Equality, non- discrimination എന്ന വലിയ പുണ്യങ്ങളെ എന്നും കൃത്യമായി പാലിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന് ഇനിയും തിരിച്ചറിയിനാകാത്ത ഒരു Blindspot mistake ആണോ ഇത്? സ്വന്തം തെറ്റുകള്‍ തിരുത്തുവാനും അതിന്റെ കാരണത്താല്‍ ഉണ്ടായ കുറവുകള്‍ക്ക് എന്നും പരിഹാരം നിര്‍ദേശിച്ച് നീതിയും തുല്യതയ്ക്കും വേണ്ടി വര്‍ത്തിക്കുന്ന ഏക രാജ്യമെന്ന നിലയിലും ലോക പ്രശസ്തമായ ബ്രിട്ടന് ഈ തെറ്റ് എങ്ങനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനിയും ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് വളരെ നിരാശാജനകമാണ്. മൂകമായി ഉള്ളിലൊതുക്കുന്ന വിതുമ്പലുകളുമായി ആയിരങ്ങള്‍ തങ്ങളുടെ പ്രൊഫഷനുകളില്‍ ഇങ്ങനെ മാറ്റി നിര്‍ത്തപ്പെട്ട വിഭാഗം എന്ന ഒറ്റ കാരണം മുഖേന നീതി നിഷേധിക്കപ്പെടുവാന്‍ ഈ രാജ്യം ഒരിക്കലും അനുവദിക്കില്ല എന്ന ശുഭാപ്തിവിശ്വാസം മാത്രമാണ് ഇനിയവര്‍ക്കാശ്വാസം. ഒരു ചെറിയ കാലയളവില്‍ ഓണ്‍ ദി ജോബ് ട്രെയിനിംഗ് നല്‍കി ഇവരെ ബാന്‍ഡ് 5 ടോപ്പ് ഗ്രേഡില്‍ എടുത്താലും ഈ കുറവുകള്‍ വരുത്തിയ മുറിവുകൾ മറക്കാനാവും വിധം തിരുത്താനാകുമോ? ഒരു അലിഖിത ഭരണഘടയുള്ള ഉള്ള സൂപ്പര്‍ പവര്‍ ആയി വര്‍ത്തിക്കുന്ന ലോകശക്തികളില്‍ മുന്‍നിരയിലുള്ള ഈ രാജ്യത്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ഇനിയും എത്രകാലം കാത്തിരിക്കണം ഈ കുറവുകള്‍ നികത്തപ്പെടുവാന്‍? കൺസൾട്ടേഷൻ പ്രഖ്യാപിക്കുക... എൻഎംസിയെ സമീപിക്കാനുള്ള അടുത്ത ഘട്ട നടപടികളുമായി കേംബ്രിഡ്ജ് കൗൺസിലർ ബൈജു തിട്ടാല. ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ ഏകീകരിക്കണമെന്ന ആവശ്യത്തിന് രാഷ്ട്രീയ പിന്തുണ ഉറപ്പായി. നോൺ യൂറോപ്യൻ വിവേചനം മൂലം രജിസ്ട്രേഷൻ ലഭിക്കാത്തവരുടെ വിവരശേഖരണം ഊർജ്ജിതം.  
ബിനോയി ജോസഫ് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിൽ ക്വാളിഫൈയിംഗ് സ്കോർ നേടാനാവാത്തതിനാൽ ഒരു നഴ്സായി യുകെയിൽ രജിസ്റ്റർ ചെയ്യപ്പെടാൻ സാധിക്കാതെ വന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ എൻഎംസിയെ സമീപിക്കാനുള്ള നടപടികൾ ഊർജ്ജിതമായി. യുകെയിലെമ്പാടുമായി എൻഎച്ച്എസ്, പൈവറ്റ് ഹോസ്പിറ്റലുകളിലും നഴ്സിംഗ് ഹോമുകളിലും സീനിയർ കെയറർമാരായും കെയർ അസിസ്റ്റന്റുമാരായും വർഷങ്ങളായി ജോലി ചെയ്യുന്നവരുടെ ന്യായമായ ഈ ആവശ്യം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ നേതൃത്വം നല്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലറും ലോയറുമായ ബൈജു വർക്കി തിട്ടാലയാണ്. രജിസ്ട്രേഷനുള്ള മാനദണ്ഡമായി എൻഎംസി നിഷ്കർഷിച്ചിരിക്കുന്ന ഐഇഎൽടിഎസും ഒഇടിയും പാസാകാൻ നിരവധി തവണ പരിശ്രമിച്ചവർ നൂറുകണക്കിനുണ്ട്. നിർഭാഗ്യവശാൽ പലർക്കും വേണ്ട സ്കോർ നേടാനായില്ല. റൈറ്റിംഗിന് സ്കോർ 6.5 ആക്കാനുള്ള നടപടികൾ എൻഎംസി ആരംഭിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി യുകെയിൽ ജീവിക്കുന്ന ഹെൽത്ത് കെയർ പ്രഫഷണലുകൾക്കായി രജിസ്ട്രേഷനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ എൻഎംസിയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ബ്രിട്ടീഷ് പാർലമെൻറിൽ ലോബിയിംഗ് നടത്താൻ മുൻകൈയെടുത്ത ബൈജു തിട്ടാല, എൻഎംസിയുമായി നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അവസരം ഒരുക്കാനുള്ള പരിശ്രമത്തിലാണ്. രജിസ്ട്രേഷൻ ലഭിക്കാത്തവരുടെ കാര്യത്തിൽ അനുഭാവ പൂർണ്ണമായ സമീപനം ഉണ്ടാകണമെന്നും ഇവർക്ക് തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കാൻ കൺസൾട്ടേഷൻ പ്രഖ്യാപിക്കണമെന്നുമാണ് മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം. കൺസൾട്ടേഷൻ ആവശ്യവുമായി ഹോം സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, എൻഎംസി, പ്രധാനപ്പെട്ട എൻഎച്ച്എസ് ട്രസ്റ്റുകൾ എന്നിവയെ സമീപിക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് ബൈജു വർക്കി തിട്ടാല പറഞ്ഞു. യുകെയിൽ രജിസ്ട്രേഷൻ ലഭിക്കാതെ ഹെൽത്ത് സെക്ടറിൽ ഇതര ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക എന്ന ഭഗീരഥപ്രയത്നത്തിൽ യുകെ മലയാളികളുടെ പൂർണ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. കൺസൾട്ടേഷൻ ആവശ്യവുമായി എൻഎംസിയെ സമീപിക്കുന്നതിന് ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ ഏറ്റവും കൃത്യതയോടെ ശേഖരിക്കേണ്ടത് ആവശ്യമാണ്. അതിനായി കോർഡിനേറ്റർമാരെ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. ബിനോയി ജോസഫ്, സ്കൻതോർപ്പ് 07915660914 റിന്റോ ജയിംസ്, കവൻട്രി 07870828585 ജെറിഷ് ഫിലിപ്പ് 07887359660 വീണ്ടുമൊരു പോരാട്ടത്തിന് തുടക്കം... നഴ്സിംഗ് രംഗത്ത് വർഷങ്ങളുടെ പരിചയമുണ്ടായിട്ടും ഇംഗ്ലീഷ് ലാംഗ്വേജ് യോഗ്യത നേടാനാവാത്തതിനാൽ പിൻ നമ്പർ ലഭിക്കാത്തവർക്കായി എൻഎംസിയെ വീണ്ടും സമീപിക്കാൻ മലയാളി സമൂഹം തയ്യാറെടുക്കുന്നു. നേതൃത്വം നല്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലർ ബൈജു തിട്ടാല. ദയവായി ഈ സംരംഭത്തെ നിങ്ങളും പിന്തുണയ്ക്കുക.
ന്യൂസ് ഡെസ്ക് ഓവർസീസ് നഴ്സുമാർക്ക് യുകെയിൽ എൻഎംസി രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ നയമനുസരിച്ച് ഐഇഎൽടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് ക്വാളിഫൈയിംഗ് സ്കോർ 6.5 മതിയാവും. എന്നാൽ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകൾക്ക് സ്കോർ 7 നിർബന്ധമായും വേണമെന്ന നിലവിലെ രീതി തുടരും. എൻഎംസി നടത്തിയ കൺസൾഷേട്ടന്റെ ഫലമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. വളരെ നല്ല രീതിയിൽ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്സുമാരും മിഡ് വൈഫുമാരും ഐഇഎൽ ടിഎസ് ടെസ്റ്റിൽ യോഗ്യത നേടാനാവാതെ വരുന്നു എന്ന യഥാർത്ഥ്യം എൻഎംസി മനസിലാക്കിയതിന്റെ തുടർച്ചയായാണ് ഓവർസീസ് നഴ്സുമാർക്ക് ഗുണകരമായ മാറ്റം നടപ്പാക്കുന്നത്. ഇന്റർനാഷണൽ രജിസ്ട്രേഷൻ റിവ്യൂ പ്രൊപോസൽ നവംബർ 28ന് നടക്കുന്ന എൻഎംസി കൗൺസിൽ മീറ്റിംഗ് പരിഗണിക്കും. ഓവർഓൾ സ്കോർ 7 നിന്ന് കുറയ്ക്കണമെന്ന ആവശ്യം എൻഎംസി തള്ളിക്കളഞ്ഞു. മോഡേൺ വർക്ക് എൺവയേൺമെൻറിൽ സുരക്ഷിതമായ രോഗികളുമായി ആശയവിനിമയം നടത്തുന്നതിന് റൈറ്റിംഗിൽ സ്കോർ 7 എന്ന ലെവൽ ആവശ്യമില്ലെന്ന വാദം എൻഎംസി അംഗീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വർക്കും ഇനി മുതൽ ഒരേ മാനദണ്ഡമാണ് എൻഎംസി നടപ്പാക്കുന്നത്. സ്റ്റാഫ് ഷോർട്ടേജും നിലവിലെ എൻഎച്ച് എസിലെ നഴ്സുമാരുടെ കൊഴിഞ്ഞുപോകലും എൻഎംസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ മാത്രം 42,000 നഴ്സിംഗ് വേക്കൻസികൾ നിലവിലുണ്ട്. കഴിഞ്ഞ വർഷത്തെ ഒ ഇ ടി അടക്കമുള്ള ഇംഗ്ലീഷ് ലാംഗ്വേജ് പരിഷ്കാരത്തിനുശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും യുകെ രജിസ്ട്രേഷന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവുണ്ടായി.
സ്വന്തം ലേഖകന്‍ യുകെ മലയാളികളുടെ ചരിത്രത്തില്‍ ഇടം പിടിച്ച ഒരു ദിനമായിരുന്നു ഇന്നലെ കടന്ന്‍ പോയത്. ഐഇഎല്‍ടിഎസ് സ്കോറിംഗ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് വെളിയിലുള്ള കുടിയേറ്റക്കാരോട് കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധം അറിയിക്കാനായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) ഇന്നലെ നടത്തിയ പാര്‍ലമെന്റ് ലോബിയിംഗ് വന്‍ വിജയമായി എന്ന്‍ വേണം പറയാന്‍. നിരവധി എം.പിമാര്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന നിലപാടുകളോട് യോജിപ്പ് പ്രകടിപ്പിച്ചതും ഇതിനായി തങ്ങള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടും എന്ന്‍ പറഞ്ഞതും ശുഭ ലക്ഷണമായി വേണം കരുതാന്‍. ഐഡബ്ല്യുഎ ദേശീയ ഭാരവാഹികളായ ഹര്‍സേവ് ബെയ്ന്‍സ്, ജോഗീന്ദര്‍ സിംഗ്, ബൈജു തിട്ടാല, സുഗതന്‍ തെക്കെപ്പുര തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് ലോബിയിംഗില്‍ വന്‍ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായത്. ഐ ഡബ്ല്യു എ യുടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ കൊണ്ട് ഹാള്‍ നിറഞ്ഞതിനാല്‍ മറ്റ് ആവശ്യങ്ങള്‍ക്കും മറ്റുമായി എം.പിമാരെ കാണാന്‍ എത്തിയവര്‍ ഇടനാഴിയിലും മറ്റും നിന്ന്‍ എംപിമാരോട് സംസാരിച്ച് തിരികെ പോവുകയായിരുന്നു. IMG_0741 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാത്ത നഴ്സുമാര്‍ എത്ര വര്‍ഷം ഇവിടെ ജോലി ചെയ്താലും പിന്നെയും അവര്‍ക്ക് ഐഇഎല്‍ടിഎസ് സ്കോറിംഗ് 7.5 ഉണ്ടെങ്കില്‍ മാത്രമേ രജിസ്റ്റേര്‍ഡ് നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കൂ എന്ന നയത്തില്‍ വിവേചനം ഉണ്ട് എന്ന്‍ എം.പിമാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഇന്നലത്തെ വിജയം. പത്ത് വര്‍ഷത്തിലധികം യുകെയില്‍ താമസിക്കുകയും ഇവിടെ പൗരത്വം ലഭിക്കുകയും ചെയ്തവരുടെ കാര്യത്തില്‍ പോലും ഐഇഎല്‍ടിഎസ് എന്ന കടമ്പ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല എന്ന്‍ ഐഡബ്ല്യുഎ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭൂരിപക്ഷം എം.പിമാരും അതിനോട് യോജിപ്പ് പ്രകടിപ്പിച്ചു. കേംബ്രിഡ്ജ് എം.പി ഡാനിയേല്‍ ഷെയ്സ്നെര്‍, ഈലിംഗ് എം. പി. വീരേന്ദര്‍ ശര്‍മ്മ, ഐല്‍വര്‍ത്ത് എം.പി. റൂത്ത് കാന്റര്‍ബറി, സ്കോട്ട്ലന്റ് എം.പി. ഡോ. ലിസ കാമറോണ്‍, നോട്ടിംഗ്ഹാം സൗത്ത് എം.പി. ലിലിയന്‍ ഗ്രീന്‍വുഡ്, ഡെര്‍ബി എം.പി. മാര്‍ഗരറ്റ് ബെക്കറ്റ്, ഗ്ലോസസ്റ്റര്‍ എം.പി. റിച്ചാര്‍ഡ് ഗ്രഹാം തുടങ്ങിയവര്‍ ഐഡബ്ല്യുഎ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താമെന്ന് യോഗത്തില്‍ പറഞ്ഞു. IMG_0764 യൂറോപ്യന്‍ യൂണിയന് വെളിയില്‍ നിന്നും നഴ്സിംഗ് ഡിഗ്രി എടുത്ത് ഇവിടെ വന്ന് കെയറര്‍മാരായും മറ്റും നിരവധി വര്‍ഷങ്ങള്‍ പണിയെടുത്തവരോട് പോലും ഈ മാനദണ്ഡം ഉപയോഗിക്കുന്നത് ശരിയല്ലെന്ന വാദത്തിനും പിന്തുണ ലഭിച്ചു. ഈ വിഷയം ഉന്നയിച്ച് ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ യുകെയിലുടനീളം നടത്തി വരുന്ന കാമ്പയിന് ലഭിച്ച ജനപിന്തുണയുടെ അടയാളമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ ആണ് ഇന്നലെ പാര്‍ലമെന്റില്‍ എത്തി ചേര്‍ന്നത്. യുകെയിലെ നഴ്സിംഗ് രംഗത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളായ ആര്‍സിഎന്‍, യൂനിസെന്‍ എന്നിവരുടെ പ്രതിനിധികളും ഐഡബ്ല്യുഎയ്ക്കൊപ്പം കൈ കോര്‍ക്കാന്‍ ഇന്നലെ എത്തിയിരുന്നു. ആര്‍സിഎന്‍ ഓപ്പറേഷനല്‍ മാനേജര്‍ നോറ ഫ്ലാനഗന്‍, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഇവാന്‍ റസ്സല്‍, യൂനിസെന്‍ നാഷണല്‍ ഓര്‍ഗനൈസര്‍ സൂസന്‍ ക്യുവേ എന്നിവര്‍ ഇന്നലത്തെ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിച്ചു. നാല്‍പ്പതിനായിരത്തോളം മലയാളി നഴ്സുമാര്‍ ഈ രണ്ട് സംഘടനകളില്‍ അംഗങ്ങളായി ഉണ്ടെന്ന കാര്യം മനസ്സിലാക്കിയുള്ള നിലപാട് ആയിരുന്നു ഇരു സംഘടനാ പ്രതിനിധികളും എടുത്തത്. IMG_0740 നിരവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായിട്ട് കൂടി ഐഡബ്ല്യുഎ നടത്തുന്ന ഈ അവകാശ പോരാട്ടത്തിന് നേരെ കണ്ണടച്ച് നിന്ന യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനാ കൂട്ടായ്മയായ യുക്മയും ഒടുവില്‍ ഐഡബ്ല്യുഎയുടെ സമരമുഖത്ത് പിന്തുണയുമായി എത്തിയത് ഐഡബ്ല്യുഎ പ്രതിനിധികള്‍ക്ക് ആവേശം കൂട്ടി. യുക്മയുടെ സ്ഥാപക പ്രസിഡണ്ടും സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗവുമായ വര്‍ഗീസ്‌ ജോണ്‍, മിഡ്ലാന്‍ഡ്‌സില്‍ നിന്നുള്ള യുക്മ മുന്‍ ദേശീയ നിര്‍വ്വാഹക സമിതിയംഗം അനില്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് യുക്മ പ്രതിനിധികള്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയത്. യുകെ മലയാളികളെ ദോഷകരമായി ബാധിക്കുമായിരുന്ന പി.ആര്‍ പ്രശ്നത്തിലും പാസ്പോര്‍ട്ട് സറണ്ടര്‍ പ്രശ്നത്തിലും ഒക്കെ യുക്മ സജീവമായി രംഗത്ത് ഇറങ്ങിയത് വര്‍ഗീസ്‌ ജോണ്‍ പ്രസിഡണ്ട് ആയിരുന്ന കാലത്തായിരുന്നു. IMG_0760 പോള്‍ മാത്യൂസ്, എബിന്‍ ജോസ്, ജിജി നട്ടാശ്ശേരി, ഷാജി, അഭിലാഷ് ബാബു, നോയല്‍ തോമസ്‌ തുടങ്ങിയവര്‍ ഉള്‍പ്പെടെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ ഭാരവാഹികളും ഇന്നലെ പാര്‍ലമെന്‍റ് ലോബിയിംഗില്‍ പങ്കെടുത്തിരുന്നു. ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍, ഡെര്‍ബി, കേംബ്രിഡ്ജ്, ലണ്ടന്‍, ബോണ്‍മൌത്ത് തുടങ്ങി യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ ഇന്നലെ ലണ്ടനില്‍ ഐഡബ്ല്യുഎ നടത്തിയ സമരത്തില്‍ പങ്കാളികളായി. IMG_0739 എണ്ണായിരത്തില്‍ അധികം വരുന്ന കെയറര്‍ രംഗത്ത് ജോലി ചെയ്യുന്ന നഴ്സിംഗ് യോഗ്യതയുള്ളവരെ നേരിട്ട് ബാധിക്കുന്ന ഈ കാര്യത്തിന് വേണ്ടി ഐഡബ്ല്യുഎ നടത്തി വരുന്ന ഈ ശ്രമങ്ങള്‍ക്ക് പിന്തുണ കൊടുക്കാനുള്ള ബാധ്യത എല്ലാ മലയാളികള്‍ക്കും ഉള്ളതാണ്.  ഈ ആവശ്യം അംഗീകരിക്കും വരെ ഐഡബ്ല്യുഎ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ തങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെടാന്‍ ഓരോരുത്തരും തയ്യാറാകണം. കരുത്തുറ്റ ഒരു സമൂഹം എന്ന നിലയില്‍ നമ്മളുടെ സാന്നിദ്ധ്യം യുകെയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ ഇത് പോലുള്ള ജനകീയ പ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്. IMG_0769 ഇന്നലെ നടന്ന പാര്‍ലമെന്റ് ലോബിയിംഗിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
RECENT POSTS
Copyright © . All rights reserved