nurse ranju visa
സ്വന്തം ലേഖകന്‍ ലണ്ടന്‍ :  യുകെയില്‍ കെയറര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും എട്ടുലക്ഷം രൂപ വരെ തട്ടിയെടുത്ത എറണാകുളം പിറവം സ്വദേശിനിയായ രഞ്ജു ജോർജ്ജ് എന്ന യുവതിക്കെതിരെ കേരളത്തിൽ പോലീസ് കേസ്  രജിസ്റ്റര്‍ ചെയ്തു. കേരള സര്‍ക്കാരിന്റെ വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സൈറ്റായ ഒഡേപക് തന്നെ നേരിട്ട് യുകെ നഴ്‌സുമാര്‍ക്കായി റിക്രൂട്ട്‌മെന്റ് നടത്തിവരുന്നതിനിടയിലാണ് ഈ യുവതിയുടേയും സംഘത്തിന്റെയും തട്ടിപ്പ് അരങ്ങേറുന്നത്. രഞ്ജു ജോർജ്ജിനെതിരെ അയര്‍ക്കുന്നം സ്വദേശി സന്തോഷും ഭാര്യയും നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടൂക്കുന്നതിനായി എഫ് ഐ ആര്‍ ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. തട്ടിപ്പിനിരയായ അയര്‍ക്കുന്നം സ്വദേശി നഴ്‌സായ ഭാര്യയ്ക്ക് വേണ്ടിയാണ് ഒരു സുഹൃത്തുവഴി രഞ്ജുവെന്ന ഈ തട്ടിപ്പുകാരിയെ പരിചയപ്പെടുന്നത്. നൂറുകണക്കിന് മലയാളി നഴ്‌സുമാരില്‍ നിന്നായി ഇവര്‍ കോടിക്കണക്കിന് രൂപ തട്ടിച്ചെന്നാണ് ആരോപണം. കുറച്ചുനാള്‍ യുകെയിലുണ്ടായിരുന്ന രഞ്ജു യുകെയിൽ നഴ്‌സിങ്ങ് ജോലിയും വിസയും ശരിയാകാത്തതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി തട്ടിപ്പു തുടങ്ങുകയായിരുന്നു. യുകെ നഴ്‌സിങ്ങ് രജിസ്‌ട്രേഷനുള്ള അടിസ്ഥാന യോഗ്യതകളില്‍ ഏതെങ്കിലും വിധത്തില്‍ കുറവുകളുണ്ടാകുന്നവരാണ് രഞ്ജുവും സംഘവുമൊരുക്കുന്ന കെണിയില്‍ വീഴുന്നത്. പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകളായ ഐ.ഇ.എല്‍.ടി.എസിലും ഒ.ഇ.ടിയിലും സ്‌കോര്‍ കുറവുള്ളവര്‍, എട്ടുലക്ഷം നല്‍കിയാല്‍ കെയറര്‍ ജോലിയെന്ന ഇവരുടെ വ്യാജവാഗ്ദാനത്തില്‍ വീഴുന്നു. യുകെയിലെ ന്യുകാസിലുള്ള നഴ്‌സിങ്ങ് ഹോമില്‍ രണ്ട് വര്‍ഷത്തേയ്ക്ക് കെയറര്‍ വിസ നല്കാമെന്നാണ് വാഗ്ദാനം. അതിന് ഐഇഎല്‍ടിഎസും ഒഇറ്റിയും ഒന്നൂംവേണ്ട പകരം എട്ടുലക്ഷം രൂപമാത്രം നല്കിയാല്‍ മതിയെന്നു പറഞ്ഞ് വിശ്വസിപ്പിക്കും. വിശ്വാസത്തിനായി നഴ്‌സിങ്ങ് ഹോമിന്റെ ഫോട്ടോയും മറ്റും കാണിക്കും. തുക രണ്ടോ മൂന്നോ തവണയായി തന്നാല്‍ മതിയെന്നും പറയും. ന്യുകാസിലുള്ള പ്രെസ്റ്റ്‌വിക്ക് നഴ്‌സിങ്ങ് ഹോമിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുവിവരം അറിഞ്ഞതോടെ, മല്‍ഹോത്ര എന്ന ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള ഈ നഴ്‌സിങ്ങ് ഹോമിന്റെ ചെയര്‍മാനുമായി സംസാരിക്കുകയും അവരുടെ ഭാഗത്ത് നിന്ന് ഒരു ഓഫറും രഞ്ജുവിനോ മറ്റാര്‍ക്കുമോ നല്കിയിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഈ നഴ്‌സിങ്ങ് ഹോമിലായിരുന്നു രഞ്ജു ജോര്‍ജ് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെയറര്‍ ആയി ജോലി നോക്കിയിരുന്നതെന്നും വ്യക്തമായി. ആ പരിചയവും നഴ്‌സിങ്ങ് ഹോമിന്റെ ഫോട്ടോയും നല്കിയാണ് യുകെ റിക്രൂട്ട്‌മെന്റ് നിയമങ്ങളൊന്നും അറിയാത്ത മലയാളി നഴ്‌സുമാരെ പറഞ്ഞു പറ്റിച്ച് പണം തട്ടുന്നത്. ആദ്യം 3 ലക്ഷം രൂപ അഡ്‌വാന്‍സായി വാങ്ങുകയും തുടര്‍ന്ന് സാധാരണ ആര്‍ക്കും അപേക്ഷിച്ചാല്‍ ലഭിക്കുന്ന വിസിറ്റിങ്ങ് വിസ തരപ്പെടുത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. ഒരു ബ്യുട്ടിക്ക് സ്ഥാപനം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനെന്ന കാരണം പറഞ്ഞാണ് വിസിറ്റിങ്ങ് വിസ എടുക്കുന്നത്. ഇതിനായി ഹൈദരാബാദിലുള്ള ഒരു ഏജന്‍സിയുടെ സഹായവും തേടി അവരുമൊന്നിച്ചാണ് ഇപ്പോഴത്തെ തട്ടിപ്പ്. നേരത്തെ ഇവര്‍ തന്നെ ഡോക്യൂമെന്റ്‌സ് തയ്യാറാക്കി വിസിറ്റിങ്ങ് വിസയ്ക്ക് അപേക്ഷിക്കുകയായിരുന്നൂ രീതി. മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സന്തോഷിനോടും ഭാര്യയോടും ഹൈദരബാദില്‍ എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെവച്ച് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും കൈമാറി. അതിനുശേഷം വിസിറ്റിങ്ങ് വിസയടിച്ച് നല്‍കുകയായിരുന്നു. വിസിറ്റിങ്ങ് വിസ ലഭിച്ചു കഴിഞ്ഞതിനുശേഷം ബാക്കി വരുന്ന അഞ്ചുലക്ഷം രൂപ കൂടി നല്കാന്‍ ആവശ്യപ്പെട്ടു. ബാക്കി തുക നല്കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് തിരികെ നല്കില്ലെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി സന്തോഷ് പറയുന്നു. ഇതുപോലെതന്നെ ജോസെന്ന് പേരുള്ള മറ്റൊരു വ്യക്തിയുടെ ഭാര്യയ്ക്കും പണം നഷ്ടപ്പെട്ടു. ഇതേ രീതിയില്‍ വിസിറ്റിങ്ങ് വിസ നല്‍കുവാനായി ഹൈദരാബാദില്‍ കൊണ്ടുപോയിരുന്നൂ. അതിന്  മുന്‍പായി ജോസിന്റെ കൈയില്‍ നിന്നൂം മൂന്ന് ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ജോസിന്റെ ഭാര്യയ്ക്ക് വിസിറ്റിങ്ങ് വിസ യഥാസമയം നല്‍കാന്‍ കഴിയാത്തതിനാല്‍ ബാക്കിയുള്ള അഞ്ചുലക്ഷം രൂപ നഷ്ടപ്പെടാതെ വന്നു. ആദ്യം കൊടുത്ത 3 ലക്ഷം രൂപ എങ്ങനെ തിരികെ വാങ്ങിക്കുമെന്ന് ആലോചിച്ചിരിക്കുകയാണ് ജോസും കുടുംബവുമിപ്പോള്‍. പാലായിലുള്ള രണ്ടുപേരില്‍ നിന്നായി ഇതേരീതിയില്‍ തന്നെ എട്ടുലക്ഷം രൂപയും രഞ്ജു വാങ്ങിച്ചിട്ടുള്ളതായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞു. സന്തോഷിനൂം കുടുബത്തിനൂം ഇപ്പോള്‍ 3 ലക്ഷം രൂപയും പാസ്‌പോര്‍ട്ടൂം നഷ്ടമായിരിക്കുകയാണ്. എട്ട് ലക്ഷം രൂപയുടെ ബാക്കി അഞ്ചുലക്ഷം രൂപകൂടി നല്കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ട് വിട്ടുനല്‍കുകയുള്ളുവെന്നാണ് രഞ്ജു പറയുന്നത്. കാരണം പാസ്‌പോര്‍ട്ട് തന്റെ കൈവശമല്ലെന്നുള്ള വിശദീകരണമാണ് രഞ്ജു പറയുന്നത്. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ രഞ്ജുവിനെതിരെ എന്‍ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും രഞ്ജുവിന്റെ പണവും സ്വാധീനവും മൂലം പോലീസ് അന്വേഷണം കാര്യമായി നടത്തുന്നില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. അതേസമയം കൂടുതല്‍ പരാതി ലഭിച്ചാലുടന്‍ രഞ്ജുവിനെ അറസ്റ്റുചെയ്യുമെന്നും ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു. യുകെയിലെ നിലവിലെ വിസാനിയമം അനുസരിച്ച് വിസിറ്റിങ്ങ് വിസയിൽ എത്തിയാലൊന്നും കെയറര്‍ വിസ ലഭിക്കുയില്ലെന്ന് മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ വിസിറ്റിങ്ങ് വിസയില്‍ നിന്ന് വര്‍ക്ക് വിസയിലേയ്ക്ക് മാറുവാന്‍പോലും കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യുകെയിലെ നഴ്‌സിങ്ങ് തൊഴില്‍ വിസാനിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. UK work visa requirements and eligibility ഷോര്‍ട്ടേജ് ഒക്യൂപ്പേഷന്‍ ലിസ്റ്റിലുള്ള നഴ്‌സിങ്ങ് വിഭാഗത്തില്‍ വിസ ലഭ്യമാണെങ്കിലും ഇതിനായി ഐ ഇ എല്‍ ടി എസോ , ഒ ഇ ടി യോ പാസ്സാകണം. കൂടാതെ സിബിറ്റിയും പാസ്സായശേഷം എന്‍ എം സിയുടെ ഓസ്‌കിയും പാസ്സായാൽ മാത്രമെ നിലവില്‍ യുകെയില്‍ നഴ്‌സായി ജോലി ലഭിക്കുക. ഇന്‍ഡ്യ ഗവണ്മെന്റിന്റെ റിക്രൂട്ട്‌മെന്റ് അംഗീകാരമുള്ള ഏജന്‍സികളില്‍ കൂടി മാത്രമേ ജോലിക്ക് അപേക്ഷിക്കാവൂ എന്നുള്ളത് കേരളത്തിലെ നഴ്‌സുമാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് . അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ കൂടിയും ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ അംഗീകാരമില്ല എന്ന കാരണത്താല്‍ വിസ റദ്ദാക്കപ്പെടും. ഇന്ത്യന്‍ ഗവണ്മെന്റിന്റെ അംഗീകാരമുള്ള റീക്രൂട്ടിങ്ങ് ഏജന്‍സികളുടെ പേരുവിവരം അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. List of India government approved nursing agencies in India നൂറൂകണക്കിന് നേഴ്‌സുമാരാണ് ഓരോ ദിവസവും തട്ടിപ്പിന് ഇരയാകുന്നത്. അതുകൊണ്ടുതന്നെ ഈ തട്ടിപ്പ് വിവരങ്ങള്‍ എല്ലാ നേഴ്‌സുമാരിലും എത്തിക്കുക
Copyright © . All rights reserved