Power
ടെക്‌നോളജി ഭീമനായ ഗൂഗിള്‍ യുകെയില്‍ സോളാര്‍ പവര്‍ പദ്ധതി അവതരിപ്പിക്കുന്നു. പ്രോജക്ട് സണ്‍റൂഫ് എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ പദ്ധതി എനര്‍ജി കമ്പനി ഇയോണുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ബ്രിട്ടീഷ് വീടുകളില്‍ നിലവിലുണ്ടാകുന്ന അമിത വൈദ്യുതി ബില്ലുകള്‍ക്ക് പരിഹാരമാകാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. വീടുകള്‍ക്ക് എത്രമാത്രം സോളാര്‍ പൊട്ടന്‍ഷ്യലുണ്ടെന്ന് കണക്കാക്കാന്‍ ഗൂഗിള്‍ എര്‍ത്ത്, മാപ്പ് എന്നിവയില്‍ നിന്ന് ലഭിക്കുന്ന ഡേറ്റയാണ് ഉപയോഗിക്കുന്നത്. 2015ല്‍ അമേരിക്കയില്‍ അവതരിപ്പിച്ച ഈ രീതി വളരെ കൃത്യമായ ഫലമായിരുന്നു നല്‍കിയതെന്നാണ് ഉപയോക്താക്കളുടെ പ്രതികരണം. പ്രോപ്പര്‍ട്ടിയുടെ പ്രത്യേകതകളായ റൂഫ് ഏരിയ, ചരിവ്, കാലാവസ്ഥാ പ്രത്യേകതകള്‍, സൂര്യപ്രകാശത്തിന്റെ ലഭ്യത മുതലായ കാര്യങ്ങള്‍ ഈ വിധത്തില്‍ വിശകലനം ചെയ്യാന്‍ സാധിക്കും. ജര്‍മന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ തിത്രേഡറുമായും ഈ പദ്ധതിയില്‍ ഗൂഗിള്‍ സഹകരിക്കുന്നുണ്ട്. ഒരു വീടിന്റെ സോളാര്‍ പൊട്ടന്‍ഷ്യലില്‍ ഒരു മരത്തിന്റെ നിഴലുണ്ടാക്കുന്ന സ്വാധീനം പോലും മനസിലാക്കാന്‍ കഴിയുന്ന വിധത്തിലുളള സാങ്കേതികതയാണ് ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. എന്നല്‍ ഇത്തരം ടൂളുകള്‍ മുമ്പും ഇറങ്ങിയിട്ടുണ്ട്. സോളാര്‍ സെഞ്ചുറിയുമായി ചേര്‍ന്ന് ഐക്കിയ ഇതേ മാതൃകയില്‍ ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു. സോളാര്‍ റൂഫ് കാല്‍ക്കുലേറ്റര്‍ എന്ന പേരില്‍ ഒരു പദ്ധതിക്ക് ടെസ്ലയും തുടക്കമിട്ടിരുന്നു. എന്നാല്‍ വീടുകളുടെ റൂഫിനെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഉടമകള്‍ ഈ കമ്പനികള്‍ക്ക് നല്‍കേണ്ടി വരുമായിരുന്നു. ഗൂഗിളിന് സ്വന്തമായുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ച് കണക്കുകൂട്ടല്‍ നടത്തുന്നതിനാല്‍ ഈയിനത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ഭാരം ഒഴിവാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
RECENT POSTS
Copyright © . All rights reserved