Renewal
ബിനോയി ജോസഫ്, സ്കൻതോർപ്പ് ഇന്ത്യാ ഗവൺമെന്റ് ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ മറ്റു രാജ്യങ്ങളിലെ പൗരത്വമെടുത്ത ഇന്ത്യക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ എന്ന ദീർഘകാല വിസാ സംവിധാനത്തെയാണ്. ഇന്ത്യയിലേയ്ക്ക് ബന്ധുമിത്രാദികളെ സന്ദർശിക്കാനും ഹോളിഡേയ്ക്കും വസ്തുവകകളുടെ ക്രയവിക്രയത്തിനും നടത്തിപ്പിനും ഒസിഐ കാർഡ് നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കുന്നത് ഇമിഗ്രേഷൻ സമയത്ത് കാര്യങ്ങൾ സുഗമമാകാൻ സഹായകമാണ്. കുട്ടികളുടെ ഒസിഐ കാർഡ്  പുതുക്കുന്നതിനായി ഓൺലൈൻ ആപ്ളിക്കേഷൻ എങ്ങനെ ചെയ്യാമെന്ന കാര്യമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കുട്ടികളുടെ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കേണ്ടതായി വരും. ഇതിന് പുതുതായി നിശ്ചിത സൈസിലുള്ള ഫോട്ടോ എടുക്കണം. കുറഞ്ഞത് 51 മില്ലിമീറ്റര്‍(mm) x 51 മില്ലിമീറ്റര്‍ (mm) അളവിൽ വൈറ്റല്ലാത്ത പ്ളെയിൻ ബാക്ക്ഗ്രൗണ്ടോടു കൂടിയ ബോർഡർ ഇല്ലാത്ത കളർ ഫോട്ടോയാണ് വേണ്ടത്. ഫോട്ടോ സ്റ്റുഡിയോയിൽ ഈ സൈസ് പറഞ്ഞാൽ അതിനനുസരിച്ച് ഫോട്ടോ എടുത്തു തരും. ഈ ഫോട്ടോ ഓൺലൈൻ ആപ്ളിക്കേഷൻ തയ്യാറാക്കി പ്രിന്റ് എടുത്ത് അതിനൊപ്പം നൽകണം. ഇതേ ഫോട്ടോ തന്നെ ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്യുമ്പോൾ അപ് ലോഡ് ചെയ്യണം. കുറഞ്ഞത് 200 x 200 പിക്സലിനും മാക്സിമം 900 x 900 പിക്സലിനും ഇടയ്ക്കുള്ള സൈസിലുള്ള ഫോട്ടോയാക്കി ഇതിനെ മാറ്റി ഇമെയിലിൽ അയച്ചു തരാൻ സ്റ്റുഡിയോയിൽ പറഞ്ഞാൽ മതിയാവും. ഈ ഫോട്ടോയെ ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല. കുട്ടികൾ അഞ്ച് വയസിനും 18 വയസിനും ഇടയിലാണെങ്കിൽ സിഗ്നേച്ചറും അപ് ലോഡ് ചെയ്യണം. ഒരു വൈറ്റ് പേപ്പറിൽ ബ്ലാക്ക് പെൻ ഉപയോഗിച്ച് കുട്ടിയുടെ ഒപ്പിട്ടതിനു ശേഷം അത് സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. കമ്പ്യൂട്ടറിൽ ഇതിന്റെ സൈസ് 3:1 എന്ന അനുപാതത്തിൽ ക്രോപ്പ് ചെയ്യണം. ഇതിന്റെ സൈസ്  200 x 67 പിക്സലിനും 600 x 200 പിക്സലിനും ഇടയിലാവണം. ഇത് ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല. ഒപ്പിടാൻ പ്രായമാകാത്ത കുട്ടികൾ പേരെയുതിയാൽ മതിയാകും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്, പെരുവിരലിന്റെ ഇംപ്രഷൻ വൈറ്റ് പേപ്പറിൽ പതിച്ച് സ്കാൻ ചെയ്ത് ഇമേജ് അപ് ലോഡ് ചെയ്യാവുന്നതാണ്. ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന ഡോക്യുമെൻറുകൾ പിഡിഎഫ് ഫോർമാറ്റിൽ ആയിരിക്കണം. ഇത് 1000 കെ ബി (Kb) യിൽ കൂടാൻ പാടില്ല. സ്കാനറിൽ സ്കാൻ ചെയ്യുമ്പോൾ ഡോക്യുമെന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഇത് പിഡിഎഫ് ഫയലായി സ്റ്റോർ ചെയ്യാൻ കഴിയും. പുതിയ പാസ്പോർട്ട്, നിലവിലെ ഒസിഐ കാർഡ്, മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ്, കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം പിഡിഎഫ് ഫയലായി അപ് ലോഡ് ചെയ്യേണ്ടവയാണ്. ഓൺലൈൻ ആപ്ളിക്കേഷനായി വിഎഫ്എസ്ഗ്ലോബൽ.കോം/ഇൻഡ്യ/യുകെ www.vfsglobal.com/India/uk എന്ന സൈറ്റിൽ പോവുക. അതിന്റെ ടോപ്പ് മെനുവിൽ ഒസിഐ (OCI) എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ ഒസിഐയുടെ മാത്രമായ ഒരു മെനു ബാർ ലഭ്യമാകും. ഇതിൽ ഫീസ്, വേണ്ട ഡോക്യുമെൻറുകൾ, ഫോട്ടോ / സിഗ്നേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ട്. ഒസിഐ പുതുക്കുന്നതിനായി ഇതിൽ തന്നെയുള്ള ഒസിഐ മിസല്ലെനിയസ് സർവീസസ്  (OCl Miscellaneous Services) എന്ന സെക്ഷനിൽ പോവുക. ഇതിൽ എ (A) എന്ന വിഭാഗത്തിൽ Please Click Here for the application form for Miscellaneous Services ആപ്ളിക്കേഷനായി ക്ലിക്ക് ചെയ്യണം. അടുത്ത പേജിൽ പ്രൊസീഡ് ബട്ടൺ അമർത്തി ഒസിഐയുടെ വിവിധ ഓപ്ഷനുകളിലേയ്ക്ക് പോവാം. ഒസിഐ പുതുക്കുന്നതിന് മിസല്ലേനിയസ് സർവീസ് ഓപ്ഷൻ സെലക്ട് ചെയ്യണം.  അതുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് വായിച്ചതിനുശേഷം അടുത്ത പേജിൽ ആപ്ളിക്കേഷൻ എങ്ങനെ പൂരിപ്പിക്കണമെന്ന കാര്യങ്ങൾ മനസിലാക്കി എന്നതിന് തെളിവായി, താഴെയുള്ള ബോക്സ് ടിക്ക് ചെയ്ത് അക്സപ്റ്റ് ചെയ്യണം. അടുത്ത പേജിലെ നിർദ്ദേശങ്ങൾ പൂർത്തീകരിച്ച് പുതിയ ആപ്ളിക്കേഷൻ തുടങ്ങാം. വിഎഫ്എസ് ഗ്ലോബലിന്റെ ഒസിഐ പേജിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഓൺലൈൻ ആപ്ളിക്കേഷന് രണ്ട് പാർട്ടുകൾ ഉണ്ട്. ക്യാപ്പിറ്റൽ ലെറ്ററിൽ ആണ് ആപ്ളിക്കേഷൻ പൂരിപ്പിക്കേണ്ടത്. പാർട്ട്‌ എ (A) യും പാർട്ട് ബി (B) യും. പാർട്ട് എ യിൽ നിലവിൽ ഒസിഐ കാർഡിൽ ഉള്ള ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ, ഒസിഐ നമ്പർ, ജനനത്തീയതി എന്നിവ നൽകാം. യു വിസാ നമ്പർ, ഫയൽ നമ്പർ, മാതാവിന്റെ പേര് എന്നിവയും ഓപ്ഷനായുണ്ട്. അതിനു ശേഷം ഫോട്ടോയും സിഗ്നേച്ചറും അപ് ലോഡ് ചെയ്യാം. ശരിയായ അളവിലുള്ള ഇമേജുകൾ ആണെങ്കിൽ ഗ്രീൻ കളറിൽ അപ് ലോഡ് കറക്ടാണെന്ന് മെസേജ് സ്ക്രീനിൽ വരും. ആവശ്യമെങ്കിൽ ഇമേജ് ക്രോപ്പ് ചെയ്ത് ഇവിടെ അപ് ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണ അപ് ലോഡ് ചെയ്ത ഇമേജ് മാറ്റി മറ്റൊന്ന് ചെയ്യാൻ റീ അപ് ലോഡ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഇവ എല്ലാം ചെയ്തതിനു ശേഷം സബ്മിറ്റ് ചെയ്യാം. പാർട്ട് ബിയിൽ, നേരത്തെ ഫാമിലി മെമ്പർമാർ ഒസിഐയ്ക്ക് അപേക്ഷിച്ചതിന്റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്. ഒസിഐ കാർഡിന്റെ അവസാന പേജിലുള്ള ജിബിആർബി GBRB.... എന്നു തുടങ്ങുന്ന ഫയൽ നമ്പർ ഇവിടെ റഫറൻസ് നമ്പരായി നല്കണം. ഏതു വിഎഫ്എസ് സെന്ററിൽ എന്നാണ് അപേക്ഷ നല്കിയതെന്നും ഇവിടെ കൊടുക്കണം. തുടർന്ന് പതിനഞ്ചോളം ചോദ്യങ്ങൾക്ക് യെസ്/ നോ ഉത്തരം രേഖപ്പെടുത്തണം. യെസ് ആണെങ്കിൽ കൂടുതൽ ഡീറ്റെയിൽസ് ഉപചോദ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും. ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുടെ വിവരവും ഇവിടെ നല്കണം. എങ്ങനെയാണ് ബ്രിട്ടീഷ് നാഷണാലിറ്റിയ്ക്ക് അർഹത ലഭിച്ചതെന്ന് ഇവിടെ രേഖപ്പെടുത്തണം. സാധാരണ ഗതിയിൽ കുട്ടികൾക്ക് ഇത് രജിസ്ട്രേഷൻ എന്നും മുതിർന്നവർക്ക് നാച്ചുറലൈസേഷൻ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ ഓപ്ഷൻ നല്കണം. സർട്ടിഫിക്കേട്ടിന്റെ ഡേറ്റും കൊടുക്കണം. പാർട്ട് ബി സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ ആദ്യ തവണ ഒസിഐയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകിയിരുന്ന ഇമെയിലിൽ പുതിയ റഫറൻസ് നമ്പർ അടങ്ങുന്ന ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഈ റഫറൻസ് നമ്പരും പുതിയ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പരും ഉപയോഗിച്ച് ഓൺലൈനിൽ വീണ്ടും സൈൻ ഇൻ ചെയ്ത് ഡോക്യുമെൻറുകൾ അപ് ലോഡ് ചെയ്യാം. അതിനായി ഒസിഐ ഡോക്യുമെന്റ് അപ് ലോഡ് / റീ അപ് ലോഡ് എന്ന ഓപ്ഷനിൽ പോകണം. കറൻറ് പാസ്പോർട്ടായി പുതിയ ബ്രിട്ടീഷ് പാസ്പോർട്ട്, ഇന്ത്യൻ വിസ ഡോക്യുമെന്റായി നിലവിലെ ഒസിഐ കാർഡ്, റിലേഷൻഷിപ്പ് സർട്ടിഫിക്കേറ്റായി കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ്, മൈനറിന്റെ ആപ്ളിക്കേഷനിൽ മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ് എന്നിവ പിഡിഎഫായി അപ് ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയും സെലക്ട് ചെയ്യുമ്പോൾ അതിനാവശ്യമായ ഡോക്യുമെന്റുകളുടെ ഓപ്ഷനുകളും പ്രത്യക്ഷമാകും. വേണ്ടത് സെലക്ട് ചെയ്ത് ഡോക്യുമെന്റ് അപ് ലോഡ് ചെയ്യണം. പാർട്ട് എ, പാർട്ട് ബി, ഇമേജ് അപ് ലോഡ്, ഡോക്യുമെന്റ് അപ് ലോഡ് എന്നിവ പൂർത്തിയായിക്കഴിഞ്ഞാൽ ജനറേറ്റ് രജിസ്ട്രേഷൻ ഫോം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യാം. ഉടൻ തന്നെ പുതിയ ഫയൽ നമ്പരിലുള്ള ഒരു പിഡിഎഫ് ഫയൽ താഴെയുള്ള മെനു ബാറിൽ പ്രത്യക്ഷപ്പെടും. ഇത് ഓപ്പൺ ചെയ്ത് ഇതിന്റെ രണ്ടു പ്രിന്റുകൾ എടുക്കണം. ആവശ്യമുള്ള ഡിക്ളറേഷനും സൈൻ ചെയ്യണം. മൈനറിന്റെ ആപ്ളിക്കേഷൻ നല്കുന്ന സമയത്ത് മാതാവും പിതാവും, കുട്ടികളുടെ ഒസിഐ കാർഡ് ഇഷ്യു ചെയ്യുന്നതിനുള്ള താത്പര്യവും സമ്മതവും അറിയിക്കുന്ന ഡിക്ളറേഷൻ വിഎഫ്എസ് സെന്ററിൽ നല്കണം. ഓരോ കുട്ടിയ്ക്കും വെവ്വേറെ ഡിക്ള റേഷൻ വേണം. ഓൺലൈനിൽ പ്രിൻറ് ചെയ്ത അപേക്ഷയുടെ രണ്ടു കോപ്പികൾ വി എഫ് എസിന്റെ ഓഫീസിൽ കൊടുക്കണം. കുട്ടികളെ കൂടെ കൊണ്ടു പോകേണ്ടതില്ലെങ്കിലും മാതാപിതാക്കൾ ഹാജരായിരിക്കണം. വി എഫ് എസിൽ പുതിയതും പഴയതുമായ പാസ്പോർട്ടിന്റെ കോപ്പികൾ, ഒസിഐയുടെ എല്ലാ പേജിന്റെയും കോപ്പികൾ, മാതാപിതാക്കളുടെ പാസ്പോർട്ടsക്കമുള്ള മറ്റ് ഡോക്യുമെന്റുകളുടെ ഒറിജിനലും കോപ്പികളും കരുതണം. ക്യാൻസൽ ചെയ്ത പഴയ ഇന്ത്യൻ പാസ്പോർട്ട് കൈയിലുണ്ടെങ്കിൽ അവയും കരുതുന്നത് നന്നായിരിക്കും. കോപ്പികൾ സെൽഫ് അറ്റസ്റ്റ് ചെയ്യണം. ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്തു കഴിഞ്ഞ് ഇത് വി എഫ് എസ് ഓഫീസിൽ നല്കാനായി അപ്പോയിന്റ്മെൻറ് ഓൺലൈനിൽത്തന്നെ എടുക്കണം. വെബ്സൈറ്റിലെ ടോപ്പ് മെനു ബാറിലുള്ള എഫ്എക്യു (FAQ) സെക്ഷനിൽ ഇത് ചെയ്യാം. ഹൗറ്റു അപ്ളൈ/ ഹൗറ്റു ബുക്ക് ആൻ അപ്പോയിന്റ്മെൻറ് എന്ന സെക്ഷനിൽ ഒ സിഐയുടെ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു പുതിയ അപ്പോയിന്റ്മെൻറ് പേജിൽ എത്താം. ഷെഡ്യൂൾ അപ്പോയിൻറ്മെൻറ് എന്ന കാറ്റഗറി സെലക്ട് ചെയ്തതിനു ശേഷം ഏത് വിഎഫ് എസ് സെന്ററാണ് എന്നും എത്ര ആപ്ളിക്കേഷൻ ഉണ്ട്, ഏത് സർവീസാണ് വേണ്ടത് എന്നും നല്കണം. ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം പ്രിൻറ് ചെയ്ത ആപ്ളിക്കേഷന്റെ ആദ്യ പേജിന്റെ സൈഡിൽ കൊടുത്തിരിക്കുന്ന ഫയൽ നമ്പർ അടക്കം നല്കണം. ജനനത്തീയതി മാസം/ ദിവസം/വർഷം എന്ന ഫോർമാറ്റിലാണ് നല്കേണ്ടത്. മറ്റു ഡീറ്റെയിൽസ് ആ പേജിൽ ഉണ്ട്. ഇത് സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ അവൈലബിൾ ആയ ഡേറ്റുകൾ അടുത്ത പേജിൽ ലഭ്യമാകും. ഡേറ്റ് സെലക്ട് ചെയ്ത് കഴിഞ്ഞാൽ 15 മിനിട്ടിന്റെ ടൈം സ്ളോട്ടുകൾ ഡിസ്പ്ളേ ചെയ്യും. ഒരു ഫാമിലിയിൽ നിന്ന് ഒന്നിൽ കൂടുതൽ ആപ്ളിക്കേഷനുണ്ടെങ്കിൽ അവ പൂർത്തീകരിച്ചതിനു ശേഷമേ അപ്പോയിന്റ്മെൻറ് എടുക്കാവൂ. ഒരോ ആപ്ളിക്കേഷനും വെവ്വേറെ അപ്പോയിന്റ്മെൻറ് ആണെങ്കിലും ഇവ അടുത്തടുത്ത് ലഭിക്കാൻ ഇത് സഹായിക്കും. വേണ്ട ടൈമിൽ ക്ലിക്ക് ചെയ്താൽ അത് ഉടൻ അപ്പോയിൻറ്മെൻറ് ലെറ്ററായി ഇമെയിൽ വരും. സമയം മാറ്റണമെങ്കിൽ പാസ്പോർട്ട് നമ്പരും ഫയൽ നമ്പരും ഉപയോഗിച്ച് റീഷെഡ്യൂൾ അപ്പോയിന്റ്മെന്റിൽ ചെന്ന് മാറ്റം വരുത്തണം. ആപ്ളിക്കേഷൻ നല്കാൻ പോകുമ്പോൾ അപ്പോയിൻറ്മെൻറ് ലെറ്ററും കൈയിലുണ്ടാവണം. ഫീസ് എത്രയാണെന്നും പ്രോസസിങ്ങിന് എത്ര ദിവസങ്ങൾ എടുക്കുമെന്നുമുള്ള കാര്യങ്ങൾ ഒസിഐ സെക്ഷനിൽ നല്കിയിട്ടുണ്ട്. ഒസിഐയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് 02037938629, 02037884666 എന്നീ നമ്പരുകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. 09057570045 എന്ന പ്രീമിയം നമ്പരിൽ വിളിച്ചാൽ ഒരു മിനിട്ടിന് 95 പെൻസോളം ചാർജ് ചെയ്യും. (മൈനറായവരുടെ ഒസിഐ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ, ഒരു ആപ്ളിക്കേഷൻ ചെയ്തതിന്റെ പരിചയം വച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യങ്ങൾ ഒരു ഗൈഡൻസായി മാത്രം ഉപയോഗിക്കുക. ഒസിഐയുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകൾക്കും ഫോട്ടോ, ഡോക്യുമെൻറ് അപ് ലോഡ് എന്നിവയ്ക്കും അപ്പോയിൻറ്മെൻറ് എടുക്കുന്നതിനും അടിസ്ഥാനപരമായ കാര്യങ്ങൾ ഇവ തന്നെയാണ്. വേണ്ട ഡോക്യുമെന്റുകൾ, ഫീസ്, പ്രോസസിങ്ങ് ടൈം എന്നിവയിൽ വ്യത്യാസം ഉണ്ടാവുമെന്ന് മാത്രം. പൂർണമായ വിവരങ്ങൾക്ക് വിഎഫ്എസ് ഗ്ലോബൽ വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ.)        
പാസ്‌പോര്‍ട്ട് പുതുക്കാന്‍ ലക്ഷങ്ങള്‍ ഇടിച്ചു കയറിയതോടെ പാസ്‌പോര്‍ട്ട് ഓഫീസ് വെബ്‌സൈറ്റ് തകര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സഞ്ചാരം വിലക്കപ്പെടാതിരിക്കണമെങ്കില്‍ വെള്ളിയാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കണമെന്നായിരുന്നു മുന്നറിയിപ്പ്. 3.5 മില്യന്‍ പാസ്‌പോര്‍ട്ടുകള്‍ അടിയന്തരമായി പുതുക്കിയില്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇവരുടെ യാത്ര വിലക്കപ്പെട്ടേക്കാമെന്നായിരുന്നു മുന്നറിപ്പ്. ഷെങ്കണ്‍ നിയമം അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നവരുടെ പാസ്‌പോര്‍ട്ടിന് എത്തുന്ന അന്നു മുതല്‍ കുറഞ്ഞത് ആറു മാസത്തെ കാലാവധിയെങ്കിലും ആവശ്യമാണ്. മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് തിയതിയെന്നതിനാല്‍ ഇന്നലെയായിരുന്ന കാലാവധി അവസാനിക്കാറായ പാസ്‌പോര്‍ട്ടുകള്‍ പുതുക്കേണ്ട തിയതി. പുതുക്കാനായി അപേക്ഷിച്ചവര്‍ക്ക് വെബ്‌സൈറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് അതിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സേവനം ലഭ്യമല്ലെന്ന സന്ദേശമായിരുന്നു വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ ജനരോഷം സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിച്ചു. നിരവധി പേരാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിയാത്തതിലുള്ള പ്രതിഷേധവും നിരാശയും പങ്കുവെച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുമായി എത്തിയത്. വെബ്‌സൈറ്റിന് സാങ്കേതികത്തകരാറ് നേരിട്ടതാണെന്നും ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തുന്നതായും പിന്നീട് പാസ്‌പോര്‍ട്ട് ഓഫീസ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പാസ്‌പോര്‍ട്ട് ഓഫീസ് വ്യക്തമാക്കി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ആളുകള്‍ ഇടിച്ചു കയറിയത്. 15 മാസത്തില്‍ താഴെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ പോലും നോ ഡീല്‍ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കിയേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. .
RECENT POSTS
Copyright © . All rights reserved