Trump
ജൂണില്‍ നടത്താനിരിക്കുന്ന സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബക്കിംഗ്ഹാം കൊട്ടാരം നല്‍കുന്ന ഔദ്യോഗിക വിരുന്ന് ബഹിഷ്‌കരിക്കുമെന്ന് ജെറമി കോര്‍ബിന്‍. വംശീയതയും സ്ത്രീവിദ്വേഷവും പ്രസംഗിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന് റെഡ് കാര്‍പറ്റ് വിരിക്കുന്നത് തെറ്റാണെന്ന് ലേബര്‍ നേതാവ് പറയുന്നു. യുകെ-യുഎസ് ബന്ധം കാണിക്കാന്‍ പൊങ്ങച്ചത്തിന്റെയും ആഘോഷത്തിന്റെയും ആവശ്യമില്ലെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ട്രംപിന് ആദരം നല്‍കുമെന്ന് 2016ല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം തെരേസ മേയ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോസ്, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ വിന്‍സ് കേബിള്‍ തുടങ്ങിയവര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രധാനമായ അന്താരാഷ്ട്ര കരാറുകള്‍ തകര്‍ക്കുകയും കാലാവസ്ഥാ മാറ്റത്തില്‍ നിഷേധ നിലപാട് എടുക്കുകയും വംശീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന ട്രംപിനെ ആദരിക്കാന്‍ പരവതാനി വിരിക്കാനുള്ള നീക്കത്തില്‍ നിന്ന് തെരേസ മേയ് പിന്‍മാറണമെന്ന് പ്രസ്താവനയില്‍ കോര്‍ബിന്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പൊങ്ങച്ചത്തിന്റെയോ സ്‌റ്റേറ്റ് വിസിറ്റ് ആഘോഷത്തിന്റെയോ ആവശ്യമില്ല. അമേരിക്കന്‍ ഭരണകൂടത്തിനു മുന്നില്‍ സാഷ്ടാംഗം വീഴാന്‍ പ്രധാനമന്ത്രി വീണ്ടും തയ്യാറായിരിക്കുന്നത് നിരാശാജനകമാണെന്നും കോര്‍ബിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് വരുന്നതിനെ സ്വാഗതം ചെയ്യുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ഡിന്നറിന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ ബെര്‍കോവിന്റെ വക്താവ് അറിയിച്ചു. ട്രംപിന്റെ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശകനാണ് ബെര്‍കോവ്. അമേരിക്കന്‍ ഭരണകൂടവുമായി മറ്റു വിഷയങ്ങളില്‍ ചര്‍ച്ചകളാണ് നടത്തേണ്ടതെന്നും ഡിന്നര്‍ ബഹിഷ്‌കരിക്കുകയാണെന്നും എസ്എന്‍പി വെസ്റ്റ്മിന്‍സ്റ്റര്‍ നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡും അറിയിച്ചു. അതേസമയം അമേരിക്കന്‍ പ്രസിഡന്റിന് ഏറ്റവും മികച്ച സ്വീകരണം നല്‍കണമെന്നാണ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തില്‍ പ്രതിഷേധം കനക്കുന്നു. എന്നാല്‍ ട്രംപിനെ പ്രതിഷേധക്കാര്‍ക്ക് കാണാന്‍ കഴിയില്ലെന്നാണ് പുതിയ വിവരം. ട്രംപിന്റെ ഭാര്യ മെലാനിയ പക്ഷേ പ്രതിഷേധത്തിന്റെ ചൂട് നേരിട്ട് അറിയുകയും ചെയ്യും. ലണ്ടനില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരെയും സ്‌കൂള്‍ കുട്ടികളെയും മെലാനിയ സന്ദര്‍ശിക്കും. ഇവിടെയൊക്കെ ആയിരക്കണക്കിന് ട്രംപ് വിരുദ്ധര്‍ പ്രകടനമായെത്തുമെന്നാണ് കരുതുന്നത്. അതേസമയം ഇംഗ്ലീഷ് കണ്‍ട്രിസൈഡിലുള്ള രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരിക്കും ട്രംപിന് സ്വീകരണം ഒരുക്കുകയെന്ന് സൂചനയുണ്ട്. ട്രംപിനെ ലണ്ടനില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന വിധത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ട്രംപ് കാണാതിരിക്കുകയാണ് ഉദ്ദേശ്യം. നാളെ ലണ്ടനില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ മെലാനിയ തെരേസ മേയുടെ ഭര്‍ത്താവിനൊപ്പം ചെലവഴിക്കും. ട്രംപ് ഈ സമയത്ത് ബ്രിട്ടീഷ്-അമേരിക്കന്‍ സേനകളുടെ സംയുക്ത അഭ്യാസം നിരീക്ഷിക്കുകയായിരിക്കും. സൈനിക കേന്ദ്രത്തില്‍ ട്രംപ് സന്ദര്‍ശനം നടത്തുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ എവിടെയാണ് പ്രധാനമന്ത്രിക്കൊപ്പം ട്രംപ് എത്തുകയെന്ന വിവരം സുരക്ഷാകാരണങ്ങളാല്‍ പുറത്തു വിട്ടിട്ടില്ല. ട്രംപിന്റെ പരിപാടികള്‍ ഭൂരിപക്ഷവും ലണ്ടന് പുറത്താണ് നിശ്ചയിച്ചിരിക്കുന്നതെന്നതിനാല്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ അദ്ദേഹം എത്താനുള്ള സാധ്യതകള്‍ വിരളമാണ്. പ്രതിഷേധക്കാര്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കേന്ദ്രീകരിച്ചാണ് എത്താന്‍ ഏറെ സാധ്യതയുള്ളത്. ലണ്ടന് പുറത്തുള്ള യുകെ അനുഭവവേദ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് പ്രസിഡന്റിന്റെ സന്ദര്‍ശന ഷെഡ്യൂള്‍ തലസ്ഥാനത്തിനു പുറത്താക്കിയതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വിശദീകരണം.
സിംഗപ്പൂരില്‍ വെച്ച് നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവരുടെ കൂടിക്കാഴ്ചയും സമാധാനക്കരാര്‍ രൂപീകരണവും ലോകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് കിം സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് ഇക്കാര്യത്തില്‍ എല്ലാ സുരക്ഷയും ട്രംപ് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇന്നലെ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉരുത്തിരിഞ്ഞതായാണ് ട്രംപ് പറഞ്ഞത്. കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു. ഭൂതകാലം പിന്നില്‍ ഉപേക്ഷിക്കാനും അമേരിക്കയുമായി പുതിയ ബന്ധത്തിന്റെ അദ്ധ്യായം തുറക്കാമെന്നുമാണ് കിം പറഞ്ഞത്. ഇതിലൂടെ ലോകം വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും കിം വ്യക്തമാക്കി. കാപ്പെല്ല ഹോട്ടലില്‍ വെച്ച് ഇവര്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും ട്രംപ് പ്രദര്‍ശിപ്പിച്ച കോപ്പിയില്‍ നിന്ന് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭിച്ചു കൊറിയയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തേക്കുറിച്ച് കരാറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നാലര മണിക്കൂറിലേറെ നീണ്ടു. ട്രംപിനൊപ്പം വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരായിരുന്നു കൊറിയന്‍ സംഘത്തിലുണ്ടായിരുന്നത്.
സാലിസ്ബറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുവരുന്ന നയതന്ത്ര ഇടപെടലുകളില്‍ ബ്രിട്ടന് വീണ്ടും വിജയം. ഒട്ടേറെ രാജ്യങ്ങള്‍ ബ്രിട്ടന് പിന്തുണയുമായി രംഗത്തെത്തി. അമേരിക്കയും മറ്റ് 22 രാജ്യങ്ങളും റഷ്യന്‍ നയതവന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. നൂറിലേറെ റഷ്യന്‍ ഡിപ്ലോമാറ്റുകളാണ് ഈ വിധത്തില്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്. അമേരിക്ക 60 റഷ്യന്‍ ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് റഷ്യന്‍ ദൗത്യത്തിന് എത്തിയ 12 ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെയാണ് അമേരിക്ക പുറത്താക്കിയിരിക്കുന്നത്. അമേരിക്കക്കുള്ളില്‍ അപകടകരമായ പ്രവൃത്തികള്‍ നടത്താന്‍ റഷ്യ യുഎന്നിനെ മറയാക്കിയിരിക്കുകയായിരുന്നുവെന്ന് അമേരിക്കയുടെ യുഎന്‍ സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. സാലിസ്ബറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തെ വൈറ്റ്ഹൗസ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താക്കളും നിക്കി ഹാലിയും മോസ്‌കോയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഹണ്ട്‌സ്മാനും അപലപിച്ചു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. ജര്‍മനി, ഫ്രാന്‍സ്, പോളണ്ട് എന്നീ രാജ്യങ്ങള്‍ നാല് റഷ്യന്‍ ഡിപ്ലോമാറ്റുകളെ വീതം പുറത്താക്കിയിരുന്നു. ലിത്വാനിയ, ലാത്വിയ. ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും 13 ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടാണ് യുക്രൈന്‍ ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കാനഡ മൂന്ന് ഡിപ്ലോമാറ്റുകളെയും ഹംഗറി, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഒാരോ ഉദ്യോഗസ്ഥരെയും പുറത്താക്കിയപ്പോള്‍ സ്‌പെയിന്‍ രണ്ടു പേരെയാണ് പുറത്താക്കിയത്. ഓസ്‌ട്രേലിയ രണ്ട് പേരെ പുറത്താക്കിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവരുമായി ആലോചിച്ച് ഒരു റഷ്യന്‍ ഉദ്യോഗസ്ഥനെ പുറത്താക്കുമെന്ന് മാസിഡോണിയ വ്യക്തമാക്കി. മാള്‍ട്ടയും ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രഖ്യാപിത ഇന്റലിജന്‍സ് ഓഫീസര്‍മാരാണ് റഷ്യന്‍ ഡിപ്ലോമാറ്റുകളെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സാലിസ്ബറി ആക്രമണത്തിലൂടെ പാശ്ചാത്യ നാടുകളെ ഭിന്നിപ്പിക്കാനുള്ള റഷ്യന്‍ ശ്രമത്തിന് ഈ നടപടികളിലൂടെ വന്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഡിപ്ലോമാറ്റുകള്‍ പുറത്താക്കപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ഡിപ്ലോമാറ്റുകളെ പുറത്താക്കിയ നടപടിക്ക് ഓരോ രാജ്യങ്ങള്‍ക്കും പ്രതികരണം നല്‍കുമെന്ന് റഷ്യ അറിയിച്ചു. അമേരിക്കയും റഷ്യയുമായുള്ള ബന്ധത്തില്‍ ശേഷിച്ചവയെല്ലാം ഈ നടപടി ഇല്ലാതാക്കിയെന്നായിരുന്നു അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ പറഞ്ഞത്. പ്രത്യാഘാതങ്ങള്‍ക്ക് വാഷിംഗ്ടണ്‍ ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കൊടുക്കല്‍വാങ്ങലുകളുടെ തത്വമനുസരിച്ചായിരിക്കും പ്രതികരണമെന്നായിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്.
വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്‌നപരിഹാരം. ഫ്‌ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു. പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായത്. ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. ഫ്‌ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് തോക്കുപയോഗത്തിന് നിയന്ത്രണം വരുത്താനും തീരുമാനമായിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ബംപ് സ്റ്റോക് ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് നീതിന്യായ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved