ന്യൂസ് ഡെസ്ക് മലയാളം യുകെ
കാബൂൾ : അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31-നകം പൂർത്തിയാക്കണമെന്ന് യുകെയ്ക്കും യുഎസിനും താലിബാന്റെ അന്ത്യശാസനം. ഓഗസ്റ്റ് 31നകം സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. എല്ലാ അമേരിക്കക്കാരും മാസാവസാനത്തോടെ അഫ്ഗാൻ വിട്ടുപോകണമെന്ന് ബൈഡൻ ആഗ്രഹിച്ചിരുന്നെങ്കിലും രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. സൈന്യത്തെ അഫ്ഗാനിൽനിന്ന് പിൻവലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് താലിബാൻ ഭീഷണി. അഫ്ഗാൻ വിടുന്നത് ഓഗസ്റ്റ് 31-ന് അപ്പുറത്തേക്ക് നീളുമെന്ന് വിദേശരാജ്യങ്ങളുടെ സൈന്യങ്ങൾ അറിയിച്ചിട്ടില്ലെന്ന് നേരത്തെ താലിബാൻ പറഞ്ഞിരുന്നു.
“ഓഗസ്റ്റ് 31-ന് തങ്ങളുടെ സൈനികരെ പിൻവലിക്കുമെന്ന് യു. എസ് പ്രസിഡന്റ് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അത് നീട്ടുന്നത് അവർ തങ്ങളുടെ സൈന്യത്തെ വ്യാപിപ്പിക്കുമെന്നാണ് അർത്ഥമാക്കുന്നത്. അതിന്റെ ആവശ്യം ഇപ്പോഴില്ല.” താലിബാൻ വക്താവ് സുഹെയ്ൽ ഷഹീൻ പറഞ്ഞു. “യു.എസോ യു.കെയോ ആളുകളെ ഒഴിപ്പിക്കുന്നതിന് കൂടുതൽ സമയം ചോദിച്ചാൽ ഇല്ലെന്നായിരിക്കും ഉത്തരം. അതിന് ധാരാളം അനന്തരഫലങ്ങളുണ്ടായിരിക്കും.” ഷഹീൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എല്ലാ സൈനികരെയും പിൻവലിക്കുന്നതുവരെ പുതിയ ഗവൺമെന്റിന്റെ രൂപീകരണം പ്രഖ്യാപിക്കില്ലെന്ന് താലിബാൻ പറഞ്ഞു. ‘അഫ്ഗാനിൽ ഒരു യുഎസ് സൈനികൻ ഉള്ളിടത്തോളം കാലം സർക്കാരിന്റെയും മന്ത്രിസഭയുടെയും രൂപീകരണം പ്രഖ്യാപിക്കില്ലെന്ന് തീരുമാനിച്ചുകഴിഞ്ഞു.” അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താലിബാൻ നിയന്ത്രണത്തിൽ ആയതോടെ അവിടെനിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ഒരു വെർച്വൽ കോളിലൂടെ ജി 7 നേതാക്കളുമായി സമയപരിധി നീട്ടുന്നതിനെക്കുറിച്ച് നാളെ ബോറിസ് ജോൺസൻ ചർച്ച ചെയ്യും. കാബൂൾ വിമാനത്താവളത്തിൽ ഐഎസ് മുതലെടുപ്പ് നടത്തുമെന്നും ചാവേറാക്രമണം നടത്തുമെന്നും ആശങ്കയുണ്ട്. രാജ്യം വിടാൻ ശ്രമിക്കുന്ന ആളുകൾ കാബൂൾ വിമാനത്താവളത്തിന് ചുറ്റും കാത്തിരിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 28 സൈനിക വിമാനങ്ങൾ ഉപയോഗിച്ച് കാബൂളിൽ നിന്ന് 10,400 പേരെ യുഎസ് ഒഴിപ്പിച്ചു.
Leave a Reply