ന്യൂസ് ഡെസ്ക് മലയാളം യുകെ
കാബൂൾ : അഫ് ഗാനിസ്ഥാന്റെ ഭൂരിഭാഗവും താലിബാൻ നിയന്ത്രണത്തിൽ ആയതോടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു ബ്രിട്ടീഷ് സർക്കാർ. കാണ്ഡഹാര്‍, ഹെറാത്ത് നഗരങ്ങളുടെ നിയന്ത്രണമേറ്റെടുത്ത താലിബാന്‍, അഫ് ഗാന്‍ തലസ്ഥാനമായ കാബൂള്‍ ലക്ഷ്യംവച്ച് നീങ്ങുകയാണ്. തലസ്ഥാനമായ കാബൂളിന്റെ തെക്ക് ഭാഗത്തുള്ള ലോഗർ പ്രവശ്യ മുഴുവൻ താലിബാൻ പിടിച്ചെടുക്കുകയും പ്രാദേശിക ഉദ്യോഗസ്ഥരെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. അഫ് ഗാനിസ്ഥാന്റെ വടക്ക് ഭാഗത്തുള്ള അവസാനത്തെ പ്രധാന നഗരമായ മസാർ-ഇ-ഷെരീഫ് താലിബാൻ ആക്രമണത്തിന് കീഴിലാണ്. ബ്രിട്ടീഷുകാരെയും മുൻ അഫ് ഗാൻ ജീവനക്കാരെയും ഒഴിപ്പിക്കുന്നതിന് 600 ട്രൂപ്പുകളെ അയക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചിട്ടുണ്ട്. ആവശ്യം വേണ്ടവരൊഴികെ യുകെ എംബസിയിൽ ഇനി ഉദ്യോഗസ്ഥരാരും ഉണ്ടാകില്ല.

കാബൂള്‍ നഗരത്തിന് 7 മൈൽ അടുത്തു വരെ താലിബാൻ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അഫ് ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ പകുതിയിലേറെയും അവരുടെ നിയന്ത്രണത്തിലായി. അമേരിക്ക മൂവായിരം സൈനികരെ കാബൂളില്‍ ഇതിനകം വിന്യസിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ ഞായറാഴ്ചയോടെ എത്തിച്ചേരും. ജനങ്ങളെ മനഃപൂർവം യുദ്ധത്തിലേക്ക് തള്ളിവിടാൻ കഴിയില്ലെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി വ്യക്തമാക്കി. മുതിർന്നവരും രാഷ്ട്രീയ നേതാക്കളുമായും സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പ്രതിനിധികളുമായും അന്താരാഷ്ട്ര സഖ്യകക്ഷികളുമായും കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ് ഗാനിസ്ഥാനിൽ ‘ഒരു സൈനിക പരിഹാരം’ കാണുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ അഫ് ഗാനിസ്ഥാനിൽ വർദ്ധിച്ചുവരുന്ന അഭയാർഥി പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഒരു സഹായ പ്രവർത്തനം ആരംഭിക്കുന്നത് ബ്രിട്ടൻ പരിഗണിക്കണമെന്ന് മുൻ സൈനിക മേധാവി ചൂണ്ടിക്കാട്ടി. സ്ഥിതി അതീവഗുരുതരമാണെന്നും അയൽ രാജ്യങ്ങളോട് അതിർത്തി തുറക്കണമെന്നും ഐക്യരാഷ്ട്രസഭ അഭ്യർത്ഥിച്ചു.
	
		

      
      



              
              
              




            
Leave a Reply