പ്രളയകാലത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകളേയും പ്രായമായവരേയും വള്ളത്തിൽ കയറ്റി ഹീറോ പരിവേഷം ലഭിച്ച സന്നദ്ധപ്രവർത്തകൻ ജെയ്‌സലിന് എതിരെ സദാചാര ഗുണ്ടായിസം കാണിച്ചതിന് പോലീസ് കേസെടുത്തു. യുവാവിനും യുവതിക്കുമെതിരെ സദാചാര ഗുണ്ടായിസം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ജെയ്‌സലും മറ്റൊരാളും പ്രതികളാണെന്നും ഇവർ ഒളിവിൽ പോയിരിക്കുകയാണെന്നും താനൂർ സിഐ ജീവൻ ജോർജ് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ കാറിലെത്തിയ യുവാവിനെയും യുവതിയെയും ജെയ്‌സലും സുഹൃത്തും ഭീഷണിപ്പെടുത്തിയത്. ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജെയ്‌സൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിൾ പേ വഴി ജെയ്‌സലിന് 5000 രൂപ നൽകി. ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.
ഇതിനുശേഷം ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 2018ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെയാണ് ജെയ്‌സൽ വലിയ വാർത്താപ്രാധാന്യം നേടിയത്. പ്രളയത്തിൽ കുടുങ്ങിയവരെ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്താനായി സ്വന്തം ശരീരം ചവിട്ടുപടിയായി നൽകിയ ജെയ്‌സലിന് വലിയതോതിൽ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മത്സയ്‌ത്തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ വീട് പുനഃനിർമ്മിക്കാനും മറ്റുമായി ധാരാളം സഹായങ്ങളും ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ലഭിച്ചിരുന്നു.
Leave a Reply