ബാഗ്ദാദ്: സോഷ്യൽ മീഡിയയിലൂടെ താരവും യുവമോഡലുമായ ടെറാ ഫരേസ് വെടിയേറ്റു മരിച്ചു. അവരുടെ പോർഷേകാറിൽ സഞ്ചരിക്കവെ അജ്ഞാതരായ അക്രമികളാണ് വെടിവെച്ചുകൊന്നത്. ബാഗ്ദാദിലെ ക്യാന്പ സാറ ജില്ലയിലാണ് 22-കാരിയായ ടെറാ ഫരേസ് വെടിയേറ്റ് മരിച്ചത്. മൂന്ന് വെടിയുണ്ടകളാണ് ടെറയുടെ ദേഹത്ത് നിന്ന് കണ്ടെത്തിയത്.
പ്രദേശിക സമയം വ്യാഴാഴ്ച പുലർച്ചെ 5.45-ഓടെയാണ് ടെറായ്ക്ക് വെടിയേറ്റത്. ഉടൻതന്നെ ഷെയ്ഖ് സൈദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെതെന്ന് കരുതപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇതിൽ കൊലപാതകി ബൈക്കിലെത്തി കാറിന്റെ ജനലിലൂടെ വെടിവയ്ക്കുന്നത് കാണാം. എന്നാൽ വീഡിയോയുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ടെറായുടെ കൊലപാതകത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറയുകയാണ്. മോഡലിംഗും ഫോട്ടോഷൂട്ടും ചെയ്യുന്നതിൽ ഇറാഖിൽ നേരത്തേ ടെറായ്ക്കെതിരെ വിമർശനമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആരോപണം. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ടെറായെ യുവാക്കളുടെ ഹരമാക്കി മാറ്റിയിരുന്നു. മുപ്പതുലക്ഷത്തോളം പേരാണ് ഫാഷൻ രംഗത്ത് തരംഗം തീർത്ത ടെറായെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്.
മുൻ മിസ് ബാഗ്ദാദ്, മിസ് ഇറാക് റണ്ണറപ്പ് എന്നീസ്ഥാനങ്ങൾ ടെറാ ഫരേസ് നേടിയിരുന്നു. ഇറാഖി കുർദിസ്താന്റെ തലസ്ഥാനമായ എർബിലിലാണ് ടെറാ താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണ് ഇവർ ബാഗ്ദാദിലെത്തിയിരുന്നത്. ടെറായുടെ സന്ദർശന വിവരം മുൻകൂട്ടിയറിഞ്ഞ അക്രമികൾ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് ഇറാഖി ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാർബി ബ്യൂട്ടി സെന്റർ ഉടമയായിരുന്ന റഫീഫ് അൽ യസേരി, ഫാഷൻ രംഗത്ത് പ്രവർത്തിച്ചിരുന്ന റാഷ അൽ ഹാസൻ എന്നിവർ ഓഗസ്റ്റിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
Leave a Reply