സെൻട്രൽ ലണ്ടനിൽ ശനിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എട്ടാംതിയതിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പു മാറ്റിവയ്ക്കില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വ്യക്തമാക്കി. തെരഞ്ഞെടുപ്പു നിശ്ചയിച്ച ക്രമപ്രകാരം വ്യാഴാഴ്ച തന്നെ നടത്തും.
അക്രമത്തിന്റെ പേരിൽ ജനാധിപത്യ പ്രക്രിയ തടസ്സപ്പെടാൻ അനുവദിച്ചുകൂടെന്നും ഭീകരരെ നേരിടുന്നതിനുള്ള നടപടികൾ കർക്കശമാക്കുമെന്നും സുരക്ഷാമേധാവികളുമായുള്ള ചർച്ചയ്ക്കുശേഷം പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തെത്തുടർന്നു പ്രമുഖ പാർട്ടികൾ നിർത്തിവച്ച തെരഞ്ഞെടുപ്പു പ്രചാരണം ഇന്നു പുനരാരംഭിക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണു പ്രചാരണം നിർത്തിവച്ചത്. മേയ് 22നു മാഞ്ചസ്റ്ററിൽ 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് നേരത്തെ മൂന്നു ദിവസത്തേക്കു പ്രചാരണം നിർത്തിവച്ചിരുന്നു.
ലണ്ടൻ പാലത്തിലും ബറോ മാർക്കറ്റിലും കത്തിധാരികൾ ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 49 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ബ്രിട്ടനിൽ ഈയിടെ നടന്ന ഭീകരാക്രമണങ്ങൾ ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന്റെ പരിണിത ഫലമാണെന്നും തെരേസാമേ പറഞ്ഞു. നേരത്തെ നടന്ന ആക്രമണങ്ങളുടെ രീതി കോപ്പിയടിച്ചു പുതിയ ആകമണങ്ങൾ നടത്തുകയാണ്. മാർച്ചിനുശേഷം യുകെ ഇന്റലിജൻസ് ഏജൻസികൾ അഞ്ചു ഗൂഢാലോചനകൾ തകർത്തു.
ഭീകരവിരുദ്ധ നിയമം പുനരവലോകനം ചെയ്യുന്നതിനു തീരുമാനിച്ചതായി തെരേസാ മേ വ്യക്തമാക്കി.ഇന്റർനെറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരർക്കും അവരുടെ സഹായികൾക്കും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഇപ്പോൾ ഓൺലൈനിൽ സഹായം കിട്ടുന്നുണ്ട്. സൈബർ സ്പേസിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ഇതു തടയണം.ഇതിനായി മറ്റു സർക്കാരുകളുടെ സഹായവും തേടണം. ഭീകരത തടയാൻ കർക്കശ നടപടികൾ ആവശ്യമാണെന്നും മേ പറഞ്ഞു.
Leave a Reply