പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം ഈ വർഷം തന്നെ പൂർത്തിയാക്കാൻ നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് സാമ്പത്തികലേലപത്രിക സമർപ്പിച്ച് ടാറ്റ സൺസും സ്‌പൈസ് ജെറ്റ് പ്രമോട്ടറായ അജയ് സിങ്ങും രംഗത്തെത്തിയിട്ടുമുണ്ട്.
ഒന്നിലധികം ലേലപത്രിക ലഭിച്ചതായും ഇതോടെ എയർ ഇന്ത്യ സ്വകാര്യവത്കരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തികൈകാര്യവകുപ്പ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ അറിയിച്ചു. എയർ ഇന്ത്യയും ഉപകമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസും പൂർണമായി കൈമാറും. ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും വിറ്റഴിക്കും.
അതേസമയം, എയർ ഇന്ത്യക്കായി ലേലപത്രിക സമർപ്പിച്ചതായി ടാറ്റ സൺസ് വക്താവും സ്ഥിരീകരിച്ചു. സ്‌പൈസ് ജെറ്റ് ചെയർമാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വ്യക്തിഗതശേഷി മുൻനിർത്തിയാണ് അജയ്‌സിങ് ലേലപത്രിക സമർപ്പിച്ചിട്ടുള്ളത്. അതേസമയം, ലേലനടപടികളിൽ ടാറ്റ ഗ്രൂപ്പിനാണ് മുൻതൂക്കമെന്ന് ഈ രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 15ന് വൈകീട്ട് ആറുവരെയാണ് പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്.
2020 ജനുവരിയിൽ എയർ ഇന്ത്യയുടെ വിൽപ്പനനടപടികൾക്ക് തുടക്കമിട്ടെങ്കിലും കോവിഡ് മഹാമാരിയെത്തുടർന്ന് നടപടികൾ വൈകുകയായിരുന്നു. 1932ൽ ജെആർടി ടാറ്റയാണ് എയർ ഇന്ത്യക്ക് തുടക്കമിട്ടത്. 1953ൽ കമ്പനിയെ ദേശസാത്കരിച്ചു.
Leave a Reply