ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിൽ ദുരന്തം അനുഭവിക്കുന്ന തങ്ങളുടെ ജീവനക്കാർക്ക് കൈത്താങ്ങായി ടാറ്റാ സ്റ്റീൽ. കോവിഡ് മൂലം മരണമടയുന്ന തങ്ങളുടെ ജീവനക്കാർക്ക് അറുപതാം വയസ്സിൽ അവർ വിരമിക്കുന്നതുവരെയുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കി നഷ്ടപരിഹാരമായി നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മരിച്ചുപോയ ജീവനക്കാരുടെ മക്കൾക്ക് ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവും കമ്പനി വഹിക്കും . ജീവനക്കാർ അവസാനം വാങ്ങിയ ശമ്പളം ജീവനക്കാർ വിരമിക്കുന്ന 60 വയസ്സുവരെ കുടുംബത്തിന് നല്കാനുള്ള പദ്ധതിയായാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി തുടരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലധികമാണ്. യുകെ, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ ആദ്യം കോവിഡ് പിടിമുറുക്കിയെങ്കിലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കോവിഡിൻെറ രണ്ടാം തരംഗത്തെ നേരിടുന്നതിൽ വിജയിച്ചു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഒന്നാം തരംഗത്തെ നേരിട്ടതിനുശേഷം തികച്ചും അലംഭാവം കാട്ടിയതായി രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ് കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങൾ ശാസ്ത്രീയമായ വിശകലനത്തിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മൂന്നാംലോക രാജ്യങ്ങളിൽ പലരും രാഷ്ട്രീയ നേതൃത്വത്തിൻെറ വീക്ഷണങ്ങളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിൽ തന്നെ ആഘോഷങ്ങൾക്ക് അനുമതി നൽകിയതും ലക്ഷക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ മത റാലികൾ നടത്തിയതും കോവിഡിൻെറ രണ്ടാംതരംഗം ആഞ്ഞടിക്കുന്നതിന് കാരണമായതായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ ഒട്ടുമിക്കവരും ആർജ്ജിത പ്രതിരോധശേഷി നേടിയെന്ന പ്രചാരണം ജനങ്ങളെ ജാഗ്രത കൈവെടിയാൻ ധൈര്യം നൽകിയത് രോഗവ്യാപനം തീവ്രമാകാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.
Leave a Reply