ഷിബു മാത്യൂ.
യുകെയിലേയ്ക്ക് കുടിയേറിയ മലയാളികള്‍, ജീവിക്കുന്ന നാടിന്റെ നിലനില്പിനായി പോരാടുന്ന ജനങ്ങളോടൊപ്പം സമരമുഖത്ത് അണിനിരന്ന സ്‌കന്‍തോര്‍പ്പ് ടാറ്റാ സ്റ്റീല്‍ സമരത്തിന് അഞ്ചു വയസ്സ് തികഞ്ഞു. സ്റ്റീല്‍ വ്യവസായത്തെ ആശ്രയിച്ച് മുന്നോട്ടു പോവുന്ന നോര്‍ത്ത് ലിങ്കണ്‍ ഷയറിലെ സ്‌കന്‍തോര്‍പ്പ് എന്ന ടൗണിലെ ജനങ്ങളെ മുഴുവനായി ആശങ്കയിലാക്കിയ ദിനങ്ങളായിരുന്നു അത്. നോര്‍ത്ത് ലിങ്കണ്‍ ഷയര്‍ കൗണ്‍സിലിന് വര്‍ഷവും മില്യണ്‍ കണക്കിന് പൗണ്ട് ബിസിനസ് ടാക്‌സായി നല്കുന്ന ടാറ്റാ സ്റ്റീല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ സമീപ പ്രദേശങ്ങളിലുള്ള ചെറുകിട വ്യവസായങ്ങളുടെ നിലനില്പും പ്രതിസന്ധിയിലായി. 5500 ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. അടച്ചു പൂട്ടലിനെതിരേ ജീവനക്കാര്‍ സമരമുഖത്തെത്തിയപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കിയ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കൊപ്പം മലയാളം യുകെ ന്യൂസും പങ്ക് ചേര്‍ന്നിരുന്നു. സമരത്തില്‍ സ്‌കന്‍തോര്‍പ്പ് മലയാളികളുടെ സാന്നിധ്യം അന്ന് ശ്രദ്ധേയമായിരുന്നു.

നാടിന്റെ സുരക്ഷിതത്വത്തിനായി ഇംഗ്ലീഷ് കമ്യൂണിറ്റിയ്‌ക്കൊപ്പം കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നുവെന്ന് സമരത്തില്‍ പങ്കെടുത്ത സ്‌കന്‍തോര്‍പ്പില്‍ താമസിക്കുന്ന പാലാ സ്വദേശിയായ ബിനോയി ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കൂടാതെ ഈ സമരത്തിന് മലയാളം യുകെ നല്കിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറയുന്നു. സ്റ്റീല്‍ ടൗണ്‍ മാര്‍ച്ച് വിജയകരമായി നടന്നതും ഗവണ്‍മെന്റ് ഇടപെട്ടതും പുതിയ മാനേജ്‌മെന്റ് സ്റ്റീല്‍ പ്‌ളാന്റ് ഏറ്റെടുത്തതും സ്‌കന്‍തോര്‍പ്പിന് ഗുണകരമായി. നിരവധി മലയാളി നേഴ്‌സുമാര്‍ ജോലി ചെയ്യുന്ന സ്‌കന്‍തോര്‍പ്പ് എന്‍ എച്ച് എസ് ഹോസ്പിറ്റല്‍ വിപുലീകരിക്കാനുള്ള പദ്ധതികളും ടൗണിന്റെ വികസന മുന്നേറ്റത്തിന്റെ ശുഭസൂചനയാണെന്ന് ബിനോയി ജോസഫ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ബിനോയ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
ഇംഗ്ലീഷ് കമ്യൂണിറ്റിയ്ക്കായി മലയാളികള്‍ മുന്നിട്ടിറങ്ങിയതിന്റെ നല്ല ഓര്‍മ്മകള്‍… സ്‌കന്‍തോര്‍പ്പ് എന്ന ഇന്‍ഡസ്ട്രിയല്‍ ഗാര്‍ഡന്‍ സിറ്റിയുടെ നട്ടെല്ലായിരുന്നു ടാറ്റാ സ്റ്റീല്‍ പ്‌ളാന്റ്. ഏകദേശം 30,000 ത്തോളം പേര്‍ക്ക് ജോലി നല്കിയിരുന്ന ബ്രിട്ടീഷ് സ്റ്റീല്‍ പ്‌ളാന്റ് ടാറ്റാ പിന്നീട് സ്വന്തമാക്കി. അന്താരാഷ്ട്ര രംഗത്തുണ്ടായ മത്സരവും കാര്‍ബണ്‍ ടാക്‌സടക്കമുള്ള കടമ്പകളും സ്റ്റീല്‍ വ്യവസായത്തെ തളര്‍ത്തിയതോടെ ഉല്പാദനം കുറഞ്ഞു. അതോടെ ജോലിക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി.
5500 ത്തോളം പേരാണ് 2016 ടാറ്റാ സ്റ്റീലില്‍ ജോലി ചെയ്തിരുന്നത്. കമ്പനി അടച്ചു പൂട്ടലിന്റെ വക്കിലേയ്‌ക്കെന്ന സ്ഥിതിയിലെത്തി. ധാരാളമാളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ സംജാതമായി. അതിലുപുരിയായി സ്റ്റീല്‍ പ്‌ളാന്റിനെ ആശ്രയിച്ച് പോകുന്ന നിരവധി ചെറിയ വ്യവസായങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടു. സ്റ്റീല്‍ പ്‌ളാന്റ് അടച്ചു പൂട്ടിയാല്‍ പിന്നെ സ്‌കന്‍തോര്‍പ്പ് എന്ന ടൗണിന്റെ ജീവന്‍ തന്നെയാണ് ഇല്ലാതാകുന്നത് എന്ന യഥാര്‍ത്ഥ്യം തികച്ചും ഭീതിജനകമായിരുന്നു.

ലോക്കല്‍ എം.പിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ ആവശ്യപ്പെട്ട് ടൗണ്‍ സെന്ററില്‍ ഒപ്പുശേഖരണം നടത്തുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ലേബര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പുണ്ടായിരുന്നതിനാല്‍ ഒപ്പുശേഖരണത്തില്‍ വോളണ്ടിയറാകാന്‍ വിളിയും വന്നു. മലയാളികളാരും ടാറ്റാ സ്റ്റീലിന്റെ പ്‌ളാന്റില്‍ ജോലി ചെയ്യുന്നില്ല എങ്കിലും ജീവിക്കുന്ന നാടിനെ ജീവനെ സംരക്ഷിക്കുവാന്‍ തന്നാലാവുന്നത് ചെയ്യാനുള്ള ഒരു താത്പര്യം തോന്നി. ഒപ്പുശേഖരണം നടത്തിയിട്ടൊന്നും വലിയ കാര്യമുണ്ടെന്ന് എനിയ്ക്ക് തോന്നിയില്ല.

ഞാന്‍ ലോക്കല്‍ എം.പി നിക്ക് ഡേക്കിന് ഒരു ഇമെയില്‍ അയച്ചു. നിക്ക്, ഒപ്പുശേഖരണത്തോടൊപ്പം സ്റ്റീല്‍ പ്‌ളാന്റില്‍ നിന്നും ടൗണ്‍ സെന്ററിലേയ്ക്ക് ഒരു മാര്‍ച്ച് നടത്തിയാല്‍ കൂടുതല്‍ പൊതുജന ശ്രദ്ധ കിട്ടും. മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. ഗവണ്‍മെന്റിന്റെ സത്വര ഇsപെടലിന് ഇത് ഇടയാക്കിയേക്കും. എം.പിയ്ക്ക് ഇ മെയില്‍ അയച്ചാല്‍ പ്രതികരിക്കുമെന്നു പോലും പ്രതീക്ഷിച്ചില്ല. എന്നാല്‍ പിറ്റേന്ന് മറുപടി കിട്ടി. Excellent idea Joseph, താങ്കളുടെ Suggestion Tata Steel ലെ Union ന് forward ചെയ്തിട്ടുണ്ടെന്ന് എം.പി അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു ഇമെയിലും വന്നു. ടാറ്റാ സ്റ്റീലിലെ union ലീഡറിന്റെയായിരുന്നു മെയില്‍. മാര്‍ച്ച് നടത്താനുള്ള നിര്‍ദ്ദേശം യൂണിയനുകള്‍ അംഗീകരിച്ചിരിക്കുന്നു. എന്നോടും മാര്‍ച്ചില്‍ വന്ന് സഹകരിക്കണമെന്ന് ഇ മെയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നോര്‍ത്ത് ലിങ്കണ്‍ഷയര്‍ കൗണ്‍സിലിന്റെ ഓഫീസിലേയ്ക്ക് ടൗണ്‍ സെന്ററില്‍ നിന്ന് യൂണിയനുകള്‍ സംയുക്തമായി മാര്‍ച്ച് പ്രഖ്യാപിച്ചു.

ഈ വിവരം മലയാളി കമ്യൂണിറ്റിയുമായി ഞാന്‍ പങ്കുവെച്ചു. 20 ഓളം ഫാമിലി കളാണ് അക്കാലത്ത് ഇവിടെയുണ്ടായിരുന്നത്. എന്നോടൊപ്പം മറ്റ് മൂന്നു പേര്‍ കൂടി കൊടി പിടിക്കാന്‍ ധൈര്യപൂര്‍വ്വം അണിനിരന്നു. രാജു കാരിക്കല്‍, മനോജ് കുര്യന്‍, ഷിബു മാത്യു എന്നിവര്‍ക്കൊപ്പം രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത മാര്‍ച്ചില്‍ ഞാനും പങ്കാളിയായി. ഇതിന്റെ ഒരു ന്യൂസ് നല്കാന്‍ ഒരു ശ്രമം നടത്തി. Cotnroversial ആയിട്ടുള്ള ഒരു കാര്യമല്ലാത്തതിനാല്‍ ന്യൂസ് നല്കാന്‍ ആരുമത്ര താല്‍പര്യമൊന്നും പ്രകടിപ്പിച്ചില്ല.

മലയാളം യുകെയുടെ അസോസിയേറ്റ് എഡിറ്ററായ Shibu Mathew ഈ ന്യൂസ് ഏറ്റവും നല്ല രീതിയില്‍ പബ്‌ളിഷ് ചെയ്യാന്‍ നല്കിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല. സ്‌കന്‍ തോര്‍പ്പിലെ മാര്‍ച്ചിനു ശേഷം ഷെഫീല്‍ഡിലും ബ്രസല്‍സിലും യൂണിയനുകള്‍ മാര്‍ച്ച് നടത്തി. ബിബിസിയടക്കമുള്ള ചാനലുകള്‍ Main ന്യൂസ് നല്കി. യൂറോപ്യന്‍ യൂണിയനും യുകെ ഗവണ്‍മെന്റും ഇടപെട്ടു. ടാറ്റാ സ്റ്റീല്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തു. രണ്ടു വര്‍ഷം മുന്‍പ് സ്റ്റീല്‍ പ്‌ളാന്റ് വീണ്ടും ബ്രിട്ടീഷ് സ്റ്റീല്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.

അതെ, സ്‌കന്‍തോര്‍പ്പ് എന്ന ചെറിയ ടൗണിന്റെ ജീവനാഡിയായ സ്റ്റീല്‍ പ്‌ളാന്റ് ഇന്നും ആയിരങ്ങള്‍ക്ക് ജോലി നല്കുന്നു. ലോക്കല്‍ ഇന്‍ഡസ്ട്രികളും നന്നായി മുന്നോട്ട് പോകുന്നു. നാടിനായി ശബ്ദമുയര്‍ത്താന്‍ മുന്നിട്ടിറങ്ങിയതിന്റെ ഓര്‍മ്മകള്‍ക്കിന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.

[ot-video][/ot-video]