ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ തങ്ങളുടെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ഇന്ത്യൻ കമ്പനിയായ ടാറ്റ സ്റ്റീൽ അറിയിച്ചു. വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം സർക്കാരിൽ നിന്നുള്ള സഹായങ്ങളുടെ അഭാവവുമാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം അവസാനത്തോടെ കമ്പനിയുടെ വ്യാപാരം ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റ സ്റ്റീൽ യുകെ പറഞ്ഞു. ഇന്ത്യൻ കമ്പനിയായ ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള ബ്രാഞ്ചുകളിൽ ഏകദേശം 8,000 പേരാണ് ജോലി ചെയ്യുന്നത്. ഇതിൽ ഒട്ടനവധി മലയാളികളും ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കമ്പനിക്ക് ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് മാർച്ച് 31 വരെ ലഭിച്ച വരുമാനം 60 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. ഈ പ്രതികൂല സാഹചര്യങ്ങൾക്ക് പിന്നാലെ കമ്പനി അടച്ച് പൂട്ടുകയാണെങ്കിൽ മായാളികൾ ഉൾപ്പെടെയുള്ള നിരവധി ബ്രിട്ടീഷുകാർക്ക് ജോലി നഷ്ടമാവും. ഉയർന്ന പണപ്പെരുപ്പവും പലിശനിരക്കും പോലുള്ള ഘടകങ്ങൾ കണക്കിലെടുത്ത് യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകൾ വിലയിരുത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ ഉടൻ തന്നെ യുകെയിലെ ബിസിനസിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് ടാറ്റ സ്റ്റീൽ പറഞ്ഞു.
ടാറ്റ സ്റ്റീൽ യുകെയിൽ നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് മുന്നോട്ട് പോകാൻ സർക്കാർ തലത്തിൽ നിന്ന് സഹായം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കാർബൺ എമിഷൻ കുറയ്ക്കുന്ന സ്റ്റീൽ നിർമാണ രീതികൾക്കായി കമ്പനി വലിയൊരു തുക നിക്ഷേപം നടത്തേണ്ടതായുണ്ട്. ഉരുക്ക് നിർമ്മാണ പ്രക്രിയകളിൽ നിന്ന് കുറഞ്ഞ കാർബൺ പുറന്തള്ളുന്ന നിർമ്മാണ പ്രക്രിയയ്ക്ക് സാമ്പത്തിക പിന്തുണയ്ക്കായി കമ്പനി നിലവിൽ യുകെ സർക്കാരുമായി ചർച്ച നടത്തി വരുകയാണ്. നിലവിൽ പ്രകൃതിവാതകവും ഉരുക്ക് നിർമ്മാണ പ്രക്രിയയുടെ ഭാഗമായി ഇരുമ്പ് നിർമ്മിക്കാൻ കാർബണും ആണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് പകരം വൈദ്യുതി ഉപയോഗിക്കുന്നത് കാർബൺ എമിഷൻ ഗണ്യമായി കുറയ്ക്കും. പക്ഷെ ഇതിനായി അടിസ്ഥാന മൂലധനം വലിയ തോതിൽ വേണ്ടി വരുന്നതും കമ്പനി നേരിടുന്ന പ്രതിസന്ധിക്ക് കാരണമാണ്.
Leave a Reply